പാകിസ്താന് വേണ്ടി ചാരവൃത്തി; ഡിആർഡിഒ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

രാജസ്ഥാന്‍ പൊലീസിന്റെ സിഐഡി(സെക്യൂരിറ്റി) ഇന്റലിജന്‍സ് വിഭാഗമാണ് മഹേന്ദ്ര പ്രസാദിനെ അറസ്റ്റ് ചെയ്യുന്നത്

Update: 2025-08-14 08:13 GMT
Editor : rishad | By : Web Desk

ജയ്പൂർ: രാജസ്ഥാനിലെ ജയ്‌സൽമേറിലെ പ്രതിരോധ ഗവേഷണ കേന്ദ്രത്തിന്റെ(ഡിആർഡിഒ) ഗസ്റ്റ് ഹൗസ് മാനേജർ ചാരപ്രവർത്തനത്തിന് പിടിയിൽ.

പാകിസ്താന് വിവരങ്ങൾ നൽകിയ മഹേന്ദ്ര പ്രസാദാണ്(32) അറസ്റ്റിലായത്. ഉത്തരാഖണ്ഡ് അൽമോറ സ്വദേശിയാണ്. പാകിസ്താനിലെ രഹസ്യാന്വേഷണ വിഭാഗവുമായി പ്രസാദിന് ബന്ധമുണ്ട് എന്നതിന്റെ തെളിവുകൾ ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്. രാജസ്ഥാന്‍ പൊലീസിന്റെ സിഐഡി(സെക്യൂരിറ്റി) ഇന്റലിജന്‍സ് വിഭാഗമാണ് ഇയാളെ പിടികൂടിയത്.

മിസൈൽ പരീക്ഷണം, ശാസ്ത്രജ്ഞരുടെ യാത്രകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പാകിസ്താന് കൈമാറിയിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. വിവിധ മിസൈലുകള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ തന്ത്രപ്രധാനമായ ആയുധങ്ങളുടെ പരീക്ഷണം നടക്കുന്നയിടമാണ് ജയ്‌സാല്‍മേറിലെ ചന്ദന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ച്. 

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാജസ്ഥാന്‍ പൊലീസിന്റെ സിഐഡി വിഭാഗം സംസ്ഥാനത്ത് ശക്തമായ നിരീക്ഷണം നടത്തിവരികയാണ്. ഇതിനിടെയാണ് മഹേന്ദ്രപ്രസാദും നിരീക്ഷണവലയത്തിലായത്. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തുകയും ഡിആര്‍ഡിഒ ഗസ്റ്റ്ഹൗസിലെ കരാര്‍ ജീവനക്കാരനായ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News