'ഭരണഘടനയുടെ ആത്മാവില്‍ നിന്ന് സുപ്രിം കോടതി അകലെയാണോ?'; ഹിമന്തക്കെതിരായ ഹരജി പരിഗണിക്കാത്തതില്‍ ചോദ്യവുമായി ദുഷ്യന്ത് ദവെ

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹരജിയില്‍ നടത്തിയ നിരീക്ഷണങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് 'ലൈവ് ലോ'യില്‍ എഴുതിയ ലേഖനത്തില്‍ ദുഷ്യന്ത് ദവെ പറയുന്നു

Update: 2026-02-25 09:21 GMT

ന്യൂഡല്‍ഹി: ഭരണഘടനയുടെ ആത്മാവില്‍ നിന്ന് സുപ്രിം കോടതി അകലെയാണോയെന്ന ചോദ്യമുയര്‍ത്തി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയുടെ ലേഖനം. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ക്കെതിരായ ഹരജി സുപ്രിം കോടതി പരിഗണിക്കാന്‍ വിസമ്മതിച്ചത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വിപുല്‍ പഞ്ചോളി എന്നിവര്‍ ഹരജിയില്‍ ഞെട്ടിക്കുന്ന നിരീക്ഷണങ്ങളാണ് നടത്തിയതെന്ന് 'ലൈവ് ലോ'യില്‍ എഴുതിയ ലേഖനത്തില്‍ ദുഷ്യന്ത് ദവെ പറയുന്നു. 'എപ്പോള്‍ തെരഞ്ഞെടുപ്പ് വന്നാലും സുപ്രിംകോടതി ഒരു രാഷ്ട്രീയ യുദ്ധഭൂമിയാകും', 'ഹൈക്കോടതിയെ വിലകുറച്ചുകാണാനുള്ള നീക്കം അംഗീകരിക്കാനാവില്ല', 'എല്ലാ വിഷയവും സുപ്രിം കോടതിയിലെത്തുന്നു എന്നത് അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയാണ്' എന്നിങ്ങനെയുള്ള പരാമര്‍ശമാണ് ചീഫ് ജസ്റ്റിസ് നടത്തിയത്. എത്രത്തോളം തെറ്റാണ് ഇതെല്ലാമെന്ന് ദുഷ്യന്ത് ദവെ ചോദിക്കുന്നു.

Advertising
Advertising

ഏത് സമയം തെരഞ്ഞെടുപ്പ് വന്നാലും പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ഉള്‍പ്പെടെയുള്ള ഉന്നതര്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരായ പ്രസംഗങ്ങള്‍ നടത്തും. പൊതുജനങ്ങള്‍ ഇത് കാണുന്നുണ്ടെങ്കിലും ജഡ്ജിമാര്‍ക്ക് കാണാനാകുന്നില്ല. വിദ്വേഷ പ്രസംഗങ്ങള്‍ കോടതിയലക്ഷ്യമാണെന്ന സുപ്രിം കോടതിയുടെ വിധിയുണ്ടായിട്ടുപോലും ഇതാണ് അവസ്ഥ -ദുഷ്യന്ത് ദവെ പറയുന്നു.

'ഹൈക്കോടതിയെ വിലകുറച്ചുകാണാനുള്ള നീക്കം അംഗീകരിക്കാനാവില്ല' എന്ന സുപ്രിം കോടതിയുടെ നിരീക്ഷണത്തെയും അദ്ദേഹം വിമര്‍ശിച്ചു. പൗരന്മാരുടെ മൗലികാവകാശത്തെ കുറിച്ച് പറയുന്ന ഭരണഘടനയിലെ മൂന്നാം ഭാഗത്തിലെ ആര്‍ട്ടിക്കിള്‍ 32ല്‍ ഉചിതമായ നടപടിക്രമങ്ങളിലൂടെ ഏതൊരാള്‍ക്കും സുപ്രിംകോടതിയെ സമീപിക്കാനുള്ള അവകാശം നല്‍കുന്നുണ്ടെന്ന് ദവെ പറഞ്ഞു. ഹിമന്ത ബിശ്വ ശര്‍മക്കെതിരായ ഹരജി തള്ളുന്നതിന് മുമ്പും ശേഷവും ആര്‍ട്ടിക്കിള്‍ 32 പ്രകാരമുള്ള ഹരജികള്‍ സുപ്രിം കോടതി പരിഗണിച്ചിട്ടുണ്ട്. ഡിജിറ്റല്‍ പേഴ്സണല്‍ ഡേറ്റ് പ്രിവന്‍ഷന്‍ ആക്ട്, ബാര്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്, വനിതാ അഭിഭാഷകരുടെ പ്രാതിനിധ്യം, പശ്ചിമ ബംഗാള്‍ എസ്ഐആര്‍, സംവരണത്തിലെ മേല്‍ത്തട്ട് പരിധി, യുജിസി നിയന്ത്രണങ്ങള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു -അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. 

'എന്തുകൊണ്ടാണ് പരമോന്നത കോടതിയില്‍ ഇത്തരമൊരു പൊരുത്തക്കേട് സംഭവിക്കുന്നത്? അത്, എന്തിനു വേണ്ടിയാണ് ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 32 ഉള്‍പ്പെടുത്തിയതെന്ന് ജഡ്ജിമാര്‍ കൃത്യമായി ഉള്‍ക്കൊള്ളാത്തതു കൊണ്ടാണ്. ഭരണഘടനാ അസംബ്ലിയിലെ ആദ്യ പ്രസംഗത്തില്‍ ഭരണഘടനയുടെ ആത്മാവും ദേശീയ ഹീറോയുമായ ഡോ. ബി.ആര്‍ അംബേദ്കര്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഭരണഘടനാപരമായ പരിഹാരങ്ങള്‍ക്കുള്ള അവകാശത്തെ കുറിച്ച് പറയുന്ന ആര്‍ട്ടിക്കിള്‍ 32നെ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്നാണ് അംബേദ്കര്‍ വിശേഷിപ്പിച്ചത്. ആര്‍ട്ടിക്കിള്‍ 32 ഇല്ലായിരുന്നെങ്കില്‍ ഭരണഘടന ശൂന്യമായിപ്പോയേനെ' -ലേഖനത്തില്‍ ദുഷ്യന്ത് ദവെ പറയുന്നു.

ഹിമന്ത ബിശ്വ ശര്‍മ്മയുടെ മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നത്. ഗുവാഹത്തി ഹൈക്കോടതി വിഷയം പരിഗണിക്കുന്നതാണ് ഉചിതമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു.

സമീപകാലത്ത് നിരവധി വിദ്വേഷ പ്രസംഗങ്ങളാണ് ഹിമന്ത ബിശ്വ ശര്‍മ്മ നടത്തിയത്. അധികാരത്തിലുള്ളിടത്തോളം മിയ മുസ്‌ലിംകളെ ഉപദ്രവിക്കുമെന്നും എന്നാലേ അവര്‍ ഒഴിഞ്ഞുപോകൂവെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞിരുന്നു. മിയ മുസ്‌ലിംകളുടെ ഓട്ടോയില്‍ കയറിയാല്‍ അഞ്ച് രൂപയാണ് ചാര്‍ജെങ്കില്‍ നാലേ കൊടുക്കാവൂ. ബിജെപിയും താനും മിയ മുസ്‌ലിംകളെ ഉപദ്രവിക്കാന്‍ തന്നെയാണ് രംഗത്തുള്ളത്. ബംഗാളി സംസാരിക്കുന്ന മിയ മുസ്‌ലിംകള്‍ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്നും അവരെ അസമില്‍ ജോലി ചെയ്ത് ജീവിക്കാന്‍ സമ്മതിക്കില്ലെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞിരുന്നു. വിദ്വേഷ പ്രസംഗത്തിന് പുറമേ മുസ്‌ലിംകളെ വെടിവയ്ക്കുന്ന ഹിമന്തയുടെ എഐ വിഡിയോയും ബിജെപി പ്രചരിപ്പിച്ചിരുന്നു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News