ഡി.വൈ ചന്ദ്രചൂഡ് അടുത്ത ചീഫ് ജസ്റ്റിസ്; നിയമനത്തിൽ രാഷ്ട്രപതി ഒപ്പുവെച്ചു

നിലവിലെ ചീഫ് ജസ്റ്റിസ് യു യു ലളിത് നവംബർ 8ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം

Update: 2022-10-17 14:38 GMT
Editor : afsal137 | By : Web Desk
Advertising

ന്യൂഡൽഹി: ഇന്ത്യയുടെ 50ാമത് ചീഫ് ജസ്റ്റിസായി ഡി.വൈ ചന്ദ്രചൂഡിനെ രാഷ്ട്രപതി ദ്രൗപതി മുർമു നിയമിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് യു യു ലളിത് നവംബർ 8ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നവംബർ ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും. രണ്ട് വർഷത്തേക്ക് ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി തുടരും. 2024 നവംബർ 10 നാകും ചന്ദ്രചൂഡ് വിരമിക്കുക.

ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച വൈ.വി.ചന്ദ്രചൂഡിന്റെ മകനാണ് ചന്ദ്രചൂഡ്. 1978 ഫെബ്രുവരി 22 മുതൽ 1985 ജൂലൈ 11 വരെയാണ് വൈ.വി.ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായിരുന്നത്. യു.യു.ലളിത് ചന്ദ്രചൂഡിനെ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ശുപാർശ ചെയ്യുകയായിരുന്നു. അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന ചന്ദ്രചൂഡ് 2016 മേയ് 13നാണ് സുപ്രീം കോടതി ജഡ്ജിയായത്.

യു.യു.ലളിത് കഴിഞ്ഞാൽ ഏറ്റവും മുതിർന്ന സുപ്രിം കോടതി ജഡ്ജിയാണ് ചന്ദ്രചൂഡ്. അയോധ്യ കേസ്, സ്വകാര്യതയ്ക്കുള്ള അവകാശം, ആധാറിന്റെ സാധുത, ശബരിമല സ്ത്രീപ്രവേശം അടക്കമുള്ള കേസുകൾ കൈകാര്യം ചെയ്ത ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡെന്നത് ശ്രദ്ധേയം. 2000 മാർച്ച് 29 മുതൽ ബോംബെ ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു. അതിനു മുൻപ് അഡീഷനൽ സോളിസിറ്റർ ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News