ആർട്ടിക്കിൾ 370 റദ്ദാക്കൽ: വിധിയെ ന്യായീകരിച്ച് മുൻ ചീഫ്​ ജസ്റ്റിസ്​​ ഡി​.വൈ ചന്ദ്രചൂഡ്​

‘പ്രധാനമന്ത്രി വീട്​ സന്ദർശിച്ചതിന്​ മുമ്പും ശേഷവും കേന്ദ്ര സർക്കാരിനെതിരെ വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്​’

Update: 2025-02-14 09:00 GMT

ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത്​ സംബന്ധിച്ച​ വിധിയെ ന്യായീകരിച്ച്​ സുപ്രിംകോടതി മുൻ ചീഫ്​ ജസ്റ്റിസ്​ ഡി.വൈ ചന്ദ്രചൂഡ്​. ഭരണഘടനയിൽ അത്​ ഒരു താൽക്കാലിക വ്യവസ്ഥയായിട്ടാണ്​ ഉണ്ടായിരുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. ബിബിസിയിലെ മാധ്യമപ്രവർത്തകൻ സ്റ്റീഫൻ സാക്കറുമായുള്ള ‘ഹാർഡ്​ടാൾക്ക്​’ അഭിമുഖത്തിലാണ്​ ചന്ദ്രചൂഡ് ആർട്ടിക്കിൾ 370​ വിധിയെ ന്യായീകരിച്ചത്​. അയോധ്യ വിധി, സിഎഎ, ഇന്ത്യൻ ജുഡീഷ്യറിയിലെ രാഷ്ട്രീയ ഇടപെടൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം തുടങ്ങിയവ സംബന്ധിച്ചും അഭിമുഖത്തിൽ ചോദ്യങ്ങൾ ഉയർന്നു.

Advertising
Advertising

ആർട്ടിക്കിൾ 370 സംബന്ധിച്ച വിധിയിൽ നിയമ പണ്ഡിതർക്കടക്കം നിരാശയുണ്ടായിട്ടുണ്ടെന്ന്​ ചോദ്യകർത്താവ്​ സൂചിപ്പിച്ചു. എന്നാൽ,​ ഭരണഘടനയിലെ പരിവർത്തന വ്യവസ്ഥകളുടെ ഭാഗമായിരുന്ന ആർട്ടിക്കിൾ 370 എന്ന്​ ചന്ദ്രചൂഡ്​ പറഞ്ഞു. അത്​ ഇല്ലാതാകുകയും ഭരണഘടനയുടെ ബാക്കി ഭാഗങ്ങളുമായി ലയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട സർക്കാർ പരിവർത്തനകാലത്തേക്ക് മാത്രമുള്ള ഒരു വ്യവസ്ഥ റദ്ദാക്കാൻ തീരുമാനിച്ചാൽ അത് സ്വീകാര്യമാണെന്ന് സുപ്രിംകോടതി അംഗീകരിച്ചിട്ടുണ്ട്​. ജമ്മു കശ്മീരിലെ ജനാധിപത്യ പ്രക്രിയ പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത സുപ്രിംകോടതി ഊന്നിപ്പറഞ്ഞതായും അത് പുനഃസ്ഥാപിക്കാനുള്ള സമയപരിധി നിശ്ചയിച്ചതായും അദ്ദേഹം എടുത്തുപറഞ്ഞു.

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ വരേണ്യ, പുരുഷ, ഉയർന്ന ജാതി ഹിന്ദുക്കളുടെ ആധിപത്യമാണോ എന്ന ചോദ്യത്തോടും ചന്ദ്രചൂഡ് വിയോജിച്ചു. ജില്ലാ ജുഡീഷ്യറിയടക്കമുള്ളവ പരിശോധിച്ചാൽ പുതിയ നിയമനങ്ങളിൽ 50 ശതമാനത്തിലധികവും സ്ത്രീകളാണ്. ചില സംസ്ഥാനങ്ങളിൽ സ്ത്രീ നിയമനം 60-70 ശതമാനം വരെയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അയോധ്യവിധിയുമായി ബന്ധപ്പെട്ട് ‘ഞാൻ ദൈവത്തിന് മുന്നിൽ പ്രാർഥിച്ചു, ഒരു പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു’ എന്ന രീതിയിൽ പ്രചരിച്ച ​പ്രസ്താവന തീർത്തും തെറ്റാണെന്ന്​ ചന്ദ്രചൂഡ്​ വ്യക്​തമാക്കി. ചീഫ്​ ജസ്റ്റിസായിരിക്കുമ്പോൾ മോദി സർക്കാരിൽനിന്ന്​ രാഷ്ട്രീയ സമ്മർദ്ദം നേരിട്ടിരുന്നോ എന്ന ചോദ്യത്തെയും അദ്ദേഹം എതിർത്തു. ഭരണകക്ഷിയായ ബിജെപി സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കോടതികളെ ചൂഷണം ചെയ്യുന്നുവെന്ന് രാഷ്ട്രീയ എതിരാളികൾ ആരോപിച്ചുവെന്ന് അവകാശപ്പെടുന്ന ന്യൂയോർക്ക് ടൈംസിന്റെ എഡിറ്റോറിയൽ ഉദ്ധരിച്ചായിരുന്നു ചോദ്യം.

ഇന്ത്യ ഏകകക്ഷി രാഷ്ട്രത്തിലേക്ക് പോവുകയാണെന്ന മിഥ്യാധാരണ 2024ലെ പൊതുതെരഞ്ഞെടുപ്പ് ഫലങ്ങൾ പൊളിച്ചെഴുതിയതായി ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. ഇന്ത്യയിലെ സംസ്ഥാനങ്ങൾ നോക്കുകയാണെങ്കിൽ, പ്രാദേശിക അഭിലാഷങ്ങളും സ്വത്വങ്ങളും മുൻപന്തിയിൽ നിൽക്കുന്നത്​ കാണാം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അസാധാരണമായി മികച്ച പ്രകടനം കാഴ്ചവച്ച പ്രാദേശിക രാഷ്ട്രീയ പാർട്ടികളുണ്ട്, അവരാണ് ആ സംസ്ഥാനങ്ങൾ ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗണേശ ചതുർഥിക്ക് പ്രധാനമന്ത്രി മോദി തന്റെ വീട് സന്ദർശിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ഭരണഘടനാ ഓഫീസിന്റെ പ്രാഥമിക മര്യാദകൾ അധികമൊന്നും പറയേണ്ടതില്ലെന്നായിരുന്നു മുൻ ചീഫ് ജസ്റ്റിസിന്‍റെ മറുപടി. ഉന്നത ഭരണഘടനാ ഉദ്യോഗസ്ഥർക്കിടയിൽ കാണപ്പെടുന്ന പ്രാഥമിക മര്യാദകൾക്ക് അവർ കേസുകൾ തീർപ്പാക്കുന്ന രീതിയുമായി യാതൊരു ബന്ധവുമില്ലെന്ന് മനസ്സിലാക്കാൻ നമ്മുടെ സംവിധാനം പക്വത പ്രാപിച്ചിട്ടുണ്ടെന്നാണ്​ താൻ കരുതുന്നത്​. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുമ്പും ശേഷവും തെരഞ്ഞെടുപ്പ് ബോണ്ട് കേസ് പോലെ കേന്ദ്ര സർക്കാരിനെതിശര നിരവധി സുപ്രധാന വിധിന്യായങ്ങൾ സുപ്രിംകോടതി പുറപ്പെടുവിച്ചിരുന്നുവെന്നും ചന്ദ്രചൂഡ്​ ചൂണ്ടിക്കാട്ടി.

ഒരു ജനാധിപത്യ സമൂഹത്തിൽ ജുഡീഷ്യറിയുടെ പങ്ക് പാർലമെന്റിൽ പ്രതിപക്ഷം ചെയ്യുന്നത്​​ പോലെയല്ല. കേസുകൾ തീരുമാനിക്കാനും നിയമവാഴ്ചയ്ക്ക് അനുസൃതമായി പ്രവർത്തിക്കാനുമാണ് തങ്ങൾ ഇവിടെയുള്ളതെന്നും മുൻ ചീഫ് ജസ്റ്റിസ് പറഞ്ഞു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News