'ഇ.ഡി, ഇ.ഡി'... മഹാരാഷ്ട്ര നിയമസഭയില്‍ വിമത എം.എല്‍.എയ്ക്ക് പരിഹാസം

കാവി തലപ്പാവ് ധരിച്ചാണ് ശിവസേന വിമത എം.എല്‍.എമാര്‍ നിയമസഭയിലെത്തിയത്

Update: 2022-07-03 08:35 GMT

മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ വിമത ശിവസേന എം.എല്‍.എയെ പരിഹസിച്ച് പ്രതിപക്ഷം. ഏക്നാഥ് ഷിൻഡെ ക്യാമ്പിലെ എം.എൽ.എ യാമിനി യശ്വന്ത് ജാദവ് വോട്ട് ചെയ്യാന്‍ എഴുന്നേറ്റപ്പോഴാണ് "ഇ.ഡി, ഇ.ഡി" എന്ന് ഉദ്ധവ് പക്ഷ എം.എല്‍.എമാര്‍ ഉറക്കെ വിളിച്ചുപറഞ്ഞത്.

യാമിനി ജാദവിന്റെ ഭർത്താവും ശിവസേന നേതാവും ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ യശ്വന്ത് ജാദവിനെതിരായ ഇ.ഡി അന്വേഷണം ചൂണ്ടിക്കാട്ടിയാണ് പരിഹാസം. വിദേശ നാണയ വിനിമയ നിയമം ലംഘിച്ചെന്ന കേസിലാണ് യശ്വന്ത് ജാദവ് ഇ.ഡിയുടെ നോട്ടപ്പുള്ളിയായത്.

Advertising
Advertising

ഈ വർഷം ഏപ്രിലിൽ ആദായ നികുതി വകുപ്പ് നികുതിവെട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് യശ്വന്ത് ജാദവിന്റെ 5 കോടി രൂപയുടെ ഫ്ലാറ്റ് ഉൾപ്പെടെ 41 സ്വത്തുവകകള്‍ കണ്ടുകെട്ടിയിരുന്നു. എം.എല്‍.എമാരെ സ്വന്തം പക്ഷത്ത് എത്തിക്കാന്‍ ബി.ജെ.പി കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് നേരത്തെ ആരോപിച്ചിരുന്നു.

രാഹുൽ നർവേക്കർ സ്പീക്കര്‍

ഇന്ന് ആരംഭിച്ച മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യ അജണ്ട സ്പീക്കര്‍ തെരഞ്ഞെടുപ്പ് ആയിരുന്നു. ബി.ജെ.പി നിയമസഭാംഗം രാഹുൽ നർവേക്കർ 164 വോട്ടുകൾ നേടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. 107 വോട്ടാണ് ഉദ്ധവ് താക്കറെ ടീമിലെ ശിവസേന എം.എൽ.എ രാജൻ സാൽവി നേടിയത്.

ശബ്ദവോട്ടിലൂടെ സ്പീക്കറെ തെരഞ്ഞെടുക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും മഹാവികാസ് അഗാഡിയുടെ ആവശ്യപ്രകാരം വോട്ടെടുപ്പിലേക്ക് നീങ്ങുകയായിരുന്നു. സഭ നിയന്ത്രിച്ചത് ഡെപ്യൂട്ടി സ്പീക്കർ നർഹാരി സിർവാൾ. ആദ്യം വോട്ട് രേഖപ്പെടുത്തിയത് മുഖ്യമന്ത്രിഏകനാഥ് ഷിൻഡേ. വോട്ടെടുപ്പിനായി സഭയിലേക്ക് എത്തുന്നതിന് മുൻപ് തന്നെ ബിജെപി- വിമത പക്ഷം ആത്മവിശ്വാസത്തിലായിരുന്നു. ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ആദിത്യ താക്കറെ ഉൾപ്പെട്ട ഉദ്ധവ് പക്ഷത്തിന് ഷിൻഡേ വിപ്പ് നൽകി. ശിവസേനയും വിമത എംഎൽഎമാർക്ക് വിപ്പ് നൽകിയിരുന്നു. ബാൽ താക്കറെയുടെ പ്രതിമയ്ക്ക് മുൻപിലെത്തി പ്രാർഥിച്ച ശേഷമാണ് ഷിൻഡേ വിധാൻ സഭയിലെത്തിയത്. ഒപ്പം കാവി തലപ്പാവ് ധരിച്ച് ബി.ജെ.പി- വിമത എം.എൽ.എമാരും.

സ്പീക്കർ തെരഞ്ഞെടുപ്പിൽ ജയിച്ചതോടെ നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പും അനായാസം ജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി- വിമത പക്ഷം. എന്നാൽ വിപ്പ് ലംഘിച്ചതിന് വിമത എം.എൽ.എമാർക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് ഉദ്ധവ് പക്ഷം തീരുമാനിച്ചിട്ടുള്ളത്.



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News