ഇ.ഡിയുമായി തുറന്ന നിയമയുദ്ധത്തിന് കവിത; ഡൽഹി മദ്യനയക്കേസില്‍ ഇന്ന് ചോദ്യംചെയ്തേക്കും

ഇന്നലെ രാത്രി ഡൽഹിയിലെത്തിയ കവിതയ്‍ക്കൊപ്പം ബി.ആർ.എസ് നേതാക്കളും അഭിഭാഷക സംഘവുമുണ്ട്

Update: 2023-03-20 01:19 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡല്‍ഹി: ബി.ആർ.എസ് നേതാവ് കെ. കവിതയെ ഡൽഹി മദ്യനയക്കേസിൽ ഇ.ഡി ഇന്ന് ചോദ്യംചെയ്തേക്കും. കഴിഞ്ഞ തവണ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകാൻ ഇ.ഡി കവിതയ്ക്ക് സമയം അനുവദിച്ചത്. ഇന്നലെ രാത്രിയോടെ ഡൽഹിയിൽ എത്തിയെങ്കിലും കവിത അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റുമായി തുറന്ന നിയമയുദ്ധത്തിനാണ് കവിതയുടെ നീക്കം. ചോദ്യംചെയ്യാൻ ഓഫീസിലേക്ക് വിളിച്ചുവരുത്തുന്ന ഇ.ഡി നടപടിക്കെതിരെ കവിത സമർപ്പിച്ച ഹരജി വെള്ളിയാഴ്ച കോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതിനിടെ, ഇ.ഡിയും തടസഹരജിയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. ഇന്നും കവിത മദ്യനയക്കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാനുള്ള സാധ്യത കുറവാണ്.

ഇന്നലെ രാത്രി ഡൽഹിയിലെത്തിയ കവിതയ്‍ക്കൊപ്പം ബി.ആർ.എസ് നേതാക്കളും അഭിഭാഷക സംഘവുമുണ്ട്. വിദഗ്ധ നിയമോപദേശം തേടിയ ശേഷം ആവശ്യമെങ്കിൽ മാത്രം ചോദ്യംചെയ്യലിന് ഹാജരാകാനാണ് കവിതയുടെ നീക്കം. തന്നെ വീട്ടിലെത്തി ചോദ്യംചെയ്യണമെന്ന് ഇ.ഡിയോട് കവിത രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അന്വേഷണസംഘം ആവശ്യം നിരസിച്ചു. അതേസമയം മറ്റ് പ്രതികളുടെ കസ്റ്റഡി ഇ.ഡി നീട്ടിനൽകാൻ കോടതിയിൽ ആവശ്യപ്പെട്ടത് കവിതയുടെ ചോദ്യംചെയ്യൽ മുൻകൂട്ടിക്കണ്ടാണ്. ഇവർക്കൊപ്പം കവിതയെ ചോദ്യംചെയ്താൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് ഇ.ഡി പ്രതീക്ഷിക്കുന്നത്.

എന്നാൽ, അപകടം മുൻകൂട്ടിക്കണ്ട കവിത അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ തടയണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. കവിതയുടെ ഈ വാദങ്ങൾ അംഗീകരിക്കരുതെന്നാണ് ഇ.ഡി സമർപ്പിച്ച തടസഹരജിയിലെ മറ്റൊരു ആവശ്യം. ഇ.ഡിയുടെ തടസഹരജി കോടതി ഇന്ന് പരിഗണിച്ചേക്കും.

Summary: ED may interrogate BRS leader K Kavitha today in the Delhi liquor scam case

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News