ജെ ആൻഡ് കെ ബാങ്ക് കേസിൽ ഉമർ അബ്ദുല്ലയെ ഇ.ഡി ചോദ്യം ചെയ്തു

ഉമറിനെതിരായ ഇ.ഡിയുടെ നടപടി 'ക്രൂരമായ അപകീർത്തിപ്പെടുത്തലാ'ണെന്നും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് കേന്ദ്ര സർക്കാർ തുടരുകയാണെന്നും നാഷണൽ കോൺഫറൻസ് ആരോപിച്ചു.

Update: 2022-04-08 01:41 GMT

ന്യൂഡൽഹി: ജമ്മു ആൻഡ് കശ്മീർ ബാങ്ക് കേസിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുല്ലയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. 12 വർഷം മുമ്പ് ബാങ്കിന് കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. വ്യാഴാഴ്ച രാവിലെ 11ന് ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്തെത്തിയ ഉമറിന്റെ മൊഴി രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഈ വർഷം ആദ്യമാണ് കേസ് രജിസ്റ്റർ ചെയ്തത്.

അതേസമയം, ഉമറിനെതിരായ ഇ.ഡിയുടെ നടപടി 'ക്രൂരമായ അപകീർത്തിപ്പെടുത്തലാ'ണെന്നും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് കേന്ദ്ര സർക്കാർ തുടരുകയാണെന്നും നാഷണൽ കോൺഫറൻസ് ആരോപിച്ചു. കേസിൽ താൻ പ്രതിയല്ലെന്നും 12 വർഷം പഴക്കമുള്ള കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് തന്നെ വിളിപ്പിച്ചതെന്നും ഉമർ അബ്ദുല്ല പറഞ്ഞു. കേസിൽ ആവശ്യമെങ്കിൽ ഇനിയും സഹായിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

2010ൽ മുംബൈ ബാന്ദ്ര കുർളയിൽ ജെ ആൻഡ് കെ ബാങ്കിന് കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഇ.ഡി അന്വേഷണം. അന്നത്തെ ജമ്മു-കശ്മീർ ധനമന്ത്രി ഹസീബ് ദ്രബു ആയിരുന്നു ബാങ്ക് ചെയർമാൻ. മുംബൈയിൽ കെട്ടിടം വാങ്ങുന്നതിന് മേൽനോട്ടം വഹിക്കാൻ ദ്രബുവിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച രണ്ടംഗ സമിതിയുടെ നിർദേശം പരിഗണിച്ചാണ് കെട്ടിടം വാങ്ങിയത്. 109 കോടി രൂപ വിലയുള്ള 42,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം വാങ്ങാനാണ് ബാങ്ക് അനുമതി നൽകിയിരുന്നതെന്നാണ് ആരോപണം. എന്നാൽ, പിന്നീട് രണ്ടംഗ സമിതിയും ബാങ്ക് ഭരണ സമിതിയും 172 കോടി രൂപ വിലയുള്ള 65,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം വാങ്ങാൻ അനുമതി നൽകിയതായി പറയുന്നു. ബാങ്കിന്റെ ഏറ്റവും വിലപിടിപ്പുള്ള സ്വത്താണ് ഈ കെട്ടിടം.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News