യു.പിയിലെ മദ്രസകളിൽ ഇം​ഗ്ലീഷും കണക്കും സയൻസും നിർബന്ധമാക്കുന്നു

നേരത്തെ സംസ്ഥാനത്തെ മദ്രസകളുടെ സമയക്രമം സർക്കാർ പുതുക്കിയിരുന്നു.

Update: 2022-12-20 09:11 GMT

ലഖ്നൗ: ഉത്തർപ്രദേശിലെ മദ്രസകളിൽ ഇം​ഗ്ലീഷ്, കണക്ക്, സയൻസ് വിഷയങ്ങൾ പഠിപ്പിക്കുന്നത് നിർബന്ധമാക്കാനൊരുങ്ങി ഭരണകൂടം. ഇന്ന് നടക്കുന്ന യു.പി ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ (യു.പി.ബി.എം.ഇ) യോ​ഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടാവുമെന്നാണ് റിപ്പോർട്ട്.

മദ്രസാ ബോർഡ് ചെയർമാൻ മൗലാനാ ഇഫ്തിഖർ അഹമ്മദ് ജാവേദാണ് യോ​ഗം വിളിച്ചിരിക്കുന്നത്. യോ​ഗത്തിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരും അധ്യാപകരും പങ്കെടുക്കും. അറബി, ഉറുദു, പേർഷ്യൻ ഭാഷകൾക്ക് പുറമേയാണ് ഈ വിഷയങ്ങൾ പഠിപ്പിക്കുന്നത്.

നിലവിൽ ഇം​ഗ്ലീഷും കണക്കും സയൻസും ഓപ്ഷനൽ വിഷയങ്ങളാണ്. എന്നാൽ ഇനി മുതൽ മദ്രസകളിൽ ഔദ്യോഗിക എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾക്കൊപ്പം ഈ വിഷയങ്ങളും നിർബന്ധമാക്കും. ഈ വിഷയങ്ങൾക്ക് പ്രത്യേക അധ്യാപകരും ഉണ്ടാവും.

Advertising
Advertising

നേരത്തെ, സംസ്ഥാനത്തെ മദ്രസകളുടെ സമയക്രമം സർക്കാർ പുതുക്കിയിരുന്നു. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം മൂന്ന് വരെയാണ് സമയം. പ്രാര്‍ഥനയ്ക്ക് ശേഷം ദേശീയഗാനം ആലപിച്ചുവേണം പ്രവര്‍ത്തനം തുടങ്ങാൻ. നേരത്തെ രാവിലെ ഒമ്പത് മുതല്‍ ഉച്ചകഴിഞ്ഞ് രണ്ട് മണി വരെയായിരുന്നു പ്രവര്‍ത്തന സമയം.

എല്ലാ അംഗീകൃത മദ്രസകളും ഈ സമയക്രമം പാലിക്കണമെന്നാണ് ഉത്തർപ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോർഡ് രജിസ്ട്രാർ ജഗ്മോഹൻ സിങ്ങിന്റെ ഉത്തരവ്.

ഇതിനിടെ, അനധികൃത മദ്രസകളുടെ സർവേ നടത്താൻ സെപ്തംബറിൽ സർക്കാർ നിർദേശം നൽകിയിരുന്നു. അധ്യാപകരുടെ എണ്ണം, കരിക്കുലം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം വിവരശേഖരണം നടത്തുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രി ഡാനിഷ് ആസാദ് അൻസാരി പറഞ്ഞിരുന്നു. അംഗീകാരമില്ലാത്ത മദ്രസകൾ പൊളിച്ചുനീക്കാനും മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് നിർദേശം നൽകിയിരുന്നു.

ഇതുകൂടാതെ, മദ്രസകളുടെ വരുമാന മാർഗവും പരിശോധിക്കാൻ യോഗി ആദിത്യനാഥ് സർക്കാർ നീക്കമാരംഭിച്ചിരുന്നു. സർവേ നടപടികൾക്കു പിന്നാലെയാണ് പുതിയ നീക്കമാരംഭിച്ചത്. അതിർത്തി ജില്ലകളിലുള്ള മദ്രസകളിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News