ഫഡ്‌നവിസ് ഗവർണറെ കണ്ടു; മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് മറ്റന്നാൾ?

ഡൽഹിയിൽ അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഫഡ്‌നാവിസ് ഗവർണറെ കണ്ടത്.

Update: 2022-06-28 19:44 GMT
Advertising

ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നവിസ് മഹാരാഷ്ട്ര ഗവർണറെ കണ്ടതോടെ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് മറ്റന്നാൾ നടക്കുമെന്ന് സൂചന. വിശ്വാസ വോട്ടെടുപ്പിനായി സഭ വിളിച്ചു ചേർക്കണമെന്ന് ഫഡ്‌നവിസും എട്ട് സ്വതന്ത്രരും ഗവർണറോട് ആവശ്യപ്പെട്ടു. മഹാവികാസ് അഘാഡി സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന് ഫഡ്‌നവിസ് പറഞ്ഞു.

39 ശിവസേനാ എംഎൽഎമാർ എൻസിപിക്കും കോൺഗ്രസിനും ഒപ്പം സഖ്യത്തിലേർപ്പെടാൻ ഇഷ്ട്ടപ്പെടുന്നില്ലെന്നും ഇക്കാര്യം കാണിച്ച് ഗവർണർക്ക് കത്ത് നൽകിയെന്നും ഫഡ്‌നവിസ് വ്യക്തമാക്കി. അതിനാൽ സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.


ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഫഡ്‌നാവിസ് ഗവർണറെ കണ്ടത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും കൂടെയുണ്ടായിരുന്നു.

അതേസമയം, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മന്ത്രിയായ ആദിത്യ താക്കറെ, ശിവസേന എംപി സഞ്ജയ് റാവത്ത് എന്നിവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഹൈക്കോടതിയിൽ ഹരജി. പൂനെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകനായ ഹേമന്ദ് പാട്ടീൽ ആണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചിരിക്കുന്നത്. വിമതനേതാവ് ഏക്‌നാഥ് ഷിൻഡെക്കെതിരെ കൂടുതൽ പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് ഇവരെ വിലക്കണമെന്നും ഹരജിയിൽ പറയുന്നു.

ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ വിമത ശബ്ദമുയർത്തിയവർക്കെതിരെ മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ഉദ്ധവ് താക്കറെ, സഞ്ജയ് റാവത്ത്, ആദിത്യ താക്കറെ എന്നിവരുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവരുടെ ഭീഷണി മൂലമാണ് വിമതർക്ക് അസമിൽ കഴിയേണ്ടി വരുന്നതെന്നും ഹരജിയിൽ ആരോപിക്കുന്നു. വിമതരുടെ ശരീരം മാത്രമാണ് അസമിൽനിന്ന് കൊണ്ടുവരികയെന്നും അത് നേരിട്ട് മോർച്ചറിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി അയക്കുമെന്നുമാണ് ശിവസേന എംപിയായ സഞ്ജയ് റാവത്ത് പറഞ്ഞത്. ഇത്തരം ഭീഷണികളിലൂടെ മഹാരാഷ്ട്രയിൽ സംഘർഷവും കലാപവും സൃഷ്ടിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും ഹരജിക്കാരൻ ആരോപിക്കുന്നു.


Full View


confidence vote in Maharashtra?

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

Similar News