ഗുജറാത്ത് ഹൈവേയിൽ വ്യാജ ടോൾ പ്ലാസ; പ്രവർത്തിച്ചത് ഒന്നര കൊല്ലം, കയ്യിലാക്കിയത് 75 കോടിയിലേറെ

വ്യാജ സർക്കാർ ഓഫീസുകൾ നടത്തി 18.5 കോടി കയ്യിലാക്കിയ സംഭവം പിടികൂടി ആഴ്ചകൾക്കമാണ് മറ്റൊരു തട്ടിപ്പ് കൂടി ഗുജറാത്തിൽ കണ്ടെത്തുന്നത്

Update: 2023-12-08 11:31 GMT
Advertising

അഹമ്മദാബാദ്: യഥാർത്ഥ ടോളിൽ നിന്ന് രക്ഷപ്പെടാൻ യാത്രികരെ സഹായിക്കുന്ന തരത്തിൽ ഗുജറാത്ത് ഹൈവേയിൽ വ്യാജ ടോൾ പ്ലാസ. ഗുജറാത്തിലെ ബമൻബോർ-കച്ച് ദേശീയ പാതയിൽനിന്ന് സ്വകാര്യ ഭൂമിയിലൂടെ വഴിയൊരുക്കി സ്ഥാപിച്ച ടോൾ പ്ലാസ ഒന്നര കൊല്ലമാണ് പ്രവർത്തിച്ചത്. വഗാസിയ ടോൾ പ്ലാസ ഒഴിവാക്കി പോകാൻ സഹായിക്കുന്ന തരത്തിൽ അടഞ്ഞുകിടക്കുന്ന വൈറ്റ് ഹൗസ് സെറാമിക് ഫാക്ടറി വളപ്പിലൂടെ ഒരു സംഘം വഴിയൊരുക്കുകയായിരുന്നു. വാൻങ്കനേറിൽ നിന്ന് മോർബിയിലേക്ക് വരുന്ന വാഹനങ്ങൾക്കാണ് ഇവർ റോഡ് നിർമിച്ചത്. സംഭവത്തിൽ സെറാമിക് ഫാക്ടറി ഉടമയടക്കം അഞ്ച് പേർക്കെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തു.

മോർബി ജില്ലയിൽ സ്ഥാപിച്ച 'വ്യാജ ടോൾ ബൂത്തിൽ' പകുതി നികുതി ഈടാക്കിയാണ് യാത്രികരെ കടത്തിവിട്ടത്. ഒന്നര കൊല്ലത്തിനിടയിൽ 75 കോടിയിലേറെ രൂപ ഇവർ കയ്യിലാക്കിയതാണ് റിപ്പോർട്ടുകൾ. വ്യാജ ടോൾ പ്ലാസയിൽ കുറഞ്ഞ നിരക്ക് മാത്രം ഈടാക്കിയതിനാൽ യാത്രികർ പരാതി പറയാതിരുന്നത് തട്ടിപ്പുകാരെ സഹായിച്ചതായാണ് പ്രദേശത്തുള്ളവർ പറയുന്നത്. കാർ മുതൽ ഹെവി ട്രക്കുകൾ വരെയുള്ളവക്ക് 20 രൂപ മുതൽ 200 വരൊയാണ് തട്ടിപ്പുകാർ ഈടാക്കിയത്. എന്നാൽ യഥാർത്ഥ ടോൾ ബൂത്തിൽ 110 രൂപ മുതൽ 595 രൂപ വരെയാണ് വാങ്ങുന്നത്.

വ്യാജ സർക്കാർ ഓഫീസുകൾ നടത്തി 18.5 കോടി കയ്യിലാക്കിയ സംഭവം പിടികൂടി ആഴ്ചകൾക്കമാണ് മറ്റൊരു തട്ടിപ്പ് കൂടി ഗുജറാത്തിൽ കണ്ടെത്തുന്നത്. മധ്യ ഗുജറാത്തിലെ ഗോത്രമേഖലയിലായിരുന്നു വ്യാജ സർക്കാർ ഓഫീസുകൾ പ്രവർത്തിച്ചത്.

വ്യാജ ടോൾ പ്ലാസ സ്ഥാപിച്ചതിൽ സെറാമിക് ഫാക്ടറി ഉടമയായ അമർഷി പട്ടേൽ, സഹായികളായ രവിരാജ് സിൻഹ് ജാല, ഹർവിജയ്‌സിൻഹ് ജാല, ധർമേന്ദ്ര സിൻഹ് ജാല, യുവരാജ് സിൻഹ് ജാല എന്നിവരെയും മറ്റൊരാളെയുമാണ് പ്രതിചേർത്തിരിക്കുന്നത്. സൗരാഷ്ട്ര മേഖലയിലെ പാട്ടിധാർ നേതാവിന്റെ പിതാവാണ് അമർഷി പട്ടേൽ. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് വ്യാജ ടോൾ പ്ലാസയെ കുറിച്ച് അധികൃതർ അറിഞ്ഞത്. തുടർന്ന് പ്രാദേശിക ഭരണകൂടം പരാതി നൽകി. എന്നാൽ യഥാർത്ഥ ടോൾ പ്ലാസ ഓപ്പറേറ്റർമാർ സ്വകാര്യ ടോൾ ബൂത്തുകൾക്കെതിരെ പരാതി നൽകാൻ വിസമ്മതിച്ചതായി മോർബി ജില്ലാ കലക്ടർ ജിടി പാണ്ഡ്യ പറഞ്ഞു.

Fake Toll Plaza on Gujarat Highway

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News