സിംഗു, തിക്രി, ഗാസിപൂർ അതിർത്തികളിലേക്ക് കർഷകരെ എത്തിക്കും; ഐതിഹാസിക സമരത്തിന്റെ വാർഷികദിനത്തിൽ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ചരിത്രം കുറിച്ച സമരപോരാട്ടത്തിന്റെ 365ാം ദിനം പ്രതിഷേധം കടുപ്പിക്കുകയാണ് കർഷകർ. വാർഷികം കണക്കിലെടുത്ത് വൻസുരക്ഷയാണ് ഗാസിപൂരിലും സിംഗുവിലുമെല്ലാം ഒരുക്കിയിരിക്കുന്നത്

Update: 2021-11-26 04:26 GMT
Editor : Shaheer | By : Web Desk
Advertising

കർഷകസമരത്തിന്റെ ഒന്നാംവാർഷികമായ ഇന്ന് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ. സിംഗു, തിക്രി, ഗാസിപൂർ അതിർത്തികളിലേക്ക് കൂടുതൽ കർഷകരെ എത്തിച്ചാകും പ്രതിഷേധം. കാർഷികനിയമങ്ങൾ പിൻവലിച്ചതായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം വന്നതിന് ഏതാനും ദിവസങ്ങൾക്കുശേഷമാണ് ഇതെന്നതും ശ്രദ്ധേയമാണ്. കർഷകർ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളിലും തീരുമാനമാവാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സംഘടനകൾ.

സമരപോരാട്ടത്തിന്റെ 365ാം ദിവസം പ്രതിഷേധം കടുപ്പിക്കുകയാണ് കർഷകർ. വിവാദ കാർഷികനിയമങ്ങൾ പിൻവലിച്ചെങ്കിലും മിനിമം താങ്ങുവില ഉൾപ്പെടെ ആറ് ആവശ്യങ്ങളിൽ തീരുമാനമാകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കർഷകർ. അതിർത്തി പ്രദേശങ്ങളിലെ സമരം സമാധാനപരമായിരിക്കുമെന്ന് കർഷകസംഘടന നേതാക്കൾ അറിയിച്ചു. ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ കർഷകർ അതിർത്തികളിലേയ്‌ക്കെത്തും. ഒന്നാം വാർഷികം കണക്കിലെടുത്ത് വൻസുരക്ഷയാണ് ഗാസിപൂരിലും സിംഗുവിലുമടക്കം ഒരുക്കിയിരിക്കുന്നത്.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധപരിപാടികൾ നടത്താൻ സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചിട്ടുണ്ട്. കർഷകരുടെ ആറ് ആവശ്യങ്ങൾ കാണിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. ഇതിന്റെ മറുപടികൂടി പരിഗണിച്ചാകും കർഷകസമരം തുടരണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. നാളെ സിംഗുവിൽ ചേരുന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിൽ നിലവിലെ സാഹചര്യവും വിലയിരുത്തും. കഴിഞ്ഞ വർഷം നവംബർ 26നായിരുന്നു വിവാദ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ 'ഡൽഹി ചലോ' മാർച്ചുമായി അതിർത്തികളിലെത്തിയത്.

Summary: Today, the first anniversary of the farmers 'struggle, the farmers' organizations are preparing to intensify the protest. The protest will bring more farmers to the Singhu, Tikri and Gazipur borders.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News