യൂട്യൂബ് ഷോയിൽ അശ്ലീല പരാമർശം; ഇൻഫ്ലുവൻസർ രൺവീർ അലാബാദിയക്കെതിരെ കേസെടുത്ത് പൊലീസ്
സോഷ്യൽമീഡിയയിൽ വ്യാപക വിമർശനങ്ങൾ ഉയരുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രൺവീറിനെതിരെ കേസുകൾ രജിസ്റ്ററും ചെയ്തിരുന്നു
ന്യൂഡൽഹി: യൂട്യൂബ് ഷോ ആയ ‘ഇന്ത്യാസ് ഗോട്ട് ടാലന്റിൽ’ അശ്ലീല പരാമർശം നടത്തിയ ഇൻഫ്ലുവൻസർ രൺവീർ അലാബാദിയ അടക്കമുള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്. ഷോയ്ക്കിടെ ഒരു മത്സരാർഥിയോട് മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെ പരാമർശിച്ചുള്ള ചോദ്യമാണ് വിവാദത്തിൽ പെട്ടത്.
സോഷ്യൽമീഡിയയിൽ വ്യാപക വിമർശനങ്ങൾ ഉയരുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രൺവീറിനെതിരെ കേസുകൾ രജിസ്റ്ററും ചെയ്തിരുന്നു. തിനുപിന്നാലെയാണ് മഹാരാഷ്ട്ര സൈബർ സെൽ കേസെടുത്തത്. ‘ആദ്യ എപ്പിസോഡ് മുതൽ ആറാം എപ്പിസോഡ് വരെ ഷോയുമായി ബന്ധപ്പെട്ട ഏകദേശം 30 മുതൽ 40 വരെ ആളുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
സമയ് റെയ്‌നയും മറ്റ് ജൂറികളുമുൾപ്പടെ ഷോ തയ്യാറാക്കുന്നതിലും യൂട്യൂബിൽ പോസ്റ്റ് ചെയ്യുന്നതിലും ഉൾപ്പെട്ട എല്ലാ വ്യക്തികൾക്കുമെതിരെ നടപടിയുണ്ടാകും. ചാനലിന്റെ എല്ലാ എപ്പിസോഡുകളിലും അശ്ലീല ഭാഷയും പ്രയോഗങ്ങൾ ഉണ്ടായിട്ടുണ്ട്. മതവിശ്വാസങ്ങളെ അപമാനിക്കാനും, മതവികാരങ്ങളെ വ്രണപ്പെടുത്താനുമുള്ള ശ്രമങ്ങളും വിവിധ എപ്പിസോഡുകളിലുണ്ടായിട്ടുണ്ട്. സംഭവം വിവാദമാവുകയും നിയമനടപടിനേരിടുകയും ചെയ്തതിന് പിന്നാലെ മാപ്പ് പറഞ്ഞ രൺവീർ അലാബാദിയ രംഗത്തെത്തിയിരുന്നു.