പട്ന: കേസുകളിൽപ്പെട്ടവർക്ക് കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുക എന്നത് പലപ്പോഴും വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ജാമ്യം കിട്ടില്ലെന്ന് കരുതുന്ന കേസുകളിൽ ചിലപ്പോൾ നേരെ തിരിച്ചും സംഭവിക്കും. ഒരു ദിവസം കോടതികൾ ഒരുപാട് പേർക്കൊന്നും ജാമ്യം കൊടുക്കാറുമില്ല. എന്നാലിതാ ആ പതിവുകളെല്ലാം തെറ്റിച്ച് റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് ഒരു കോടതി. അത് 50ഓ 100ഓ 200ഓ 300ഓ ജാമ്യമല്ല, അതുക്കുംമേലെ...
ഒറ്റ ദിവസം 463 പേർക്ക് ജാമ്യം നൽകി പട്ന ഹൈക്കോടതിയാണ് റെക്കോഡ് സൃഷ്ടിച്ചത്. മദ്യനിരോധന നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസുകളിലാണ് കോടതിയുടെ നിർണായക ഇടപെടൽ. 508 പേരുടെ ജാമ്യാപേക്ഷ പരിഗണിച്ചാണ് ഇതിൽ 90 ശതമാനം പേർക്കും കോടതി ജാമ്യം നൽകിയത്. ഇതോടെ, ഒരു ദിവസം 300ലധികം പേർക്ക് ജാമ്യം എന്ന മുൻ റെക്കോഡാണ് തകർക്കപ്പെട്ടത്.
ഇതാദ്യമായാണ് ഒരു കോടതി ഒറ്റ ദിവസം 500ലേറെ കേസുകൾ പരിഗണിക്കുന്നത്. തിങ്കളാഴ്ചയാണ് ജസ്റ്റിസ് രുദ്ര പ്രകാശ് മിശ്രയുടെ സിംഗിൾ ബെഞ്ച്, മദ്യനിരോധന നിയമം ലംഘിച്ച് ജയിലിൽ അടയ്ക്കപ്പെട്ട 508 പേരുടെ ഹരജികൾ പരിഗണിക്കുകയും 463 പേർക്ക് ജാമ്യം അനുവദിക്കുകയും ചെയ്തത്.
നിയമം തെറ്റായ രീതിയിൽ നടപ്പാക്കിയതു മൂലമാണ് ഭൂരിഭാഗം പേരും ജയിലിലടയ്ക്കപ്പെട്ടതെന്ന് കോടതി നിരീക്ഷിച്ചു. മദ്യനിരോധന നിയമം അധികാരികൾ മോശമായി നടപ്പാക്കിയത് മൂലമാണ് ഇത്തരം കേസുകളുടെ എണ്ണം വർധിപ്പിച്ചതെന്നും ഇവിടംവരെ കാര്യങ്ങൾ കൊണ്ടെത്തിച്ചതെന്നും ജഡ്ജി വാക്കാൽ നിരീക്ഷിച്ചു.
പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം, പിടിച്ചെടുത്ത മദ്യത്തിന്റെ അളവ്, ഹരജിക്കാരുടെ ജയിൽവാസം തുടങ്ങിയ പ്രധാന വസ്തുതകൾ എടുത്തുകാണിച്ച് ഒരു സംഘം അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർമാർ (എപിപി) പട്ന ഹൈക്കോടതി ജഡ്ജിയെ സഹായിക്കുകയും ചെയ്തു.
'കോടതി പ്രതികളുടെ കേസ് ഡയറിയും ക്രിമിനൽ പശ്ചാത്തലവും അതിവേഗം പരിശോധിക്കുകയും ഉടനടി തീരുമാനമെടുക്കുകയും ചെയ്തു. കേസ് ഡയറികൾ അവലോകനം ചെയ്യാൻ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർമാർ ജഡ്ജിയെ സഹായിച്ചു. കേസുകളുടെ ഈ കൂട്ട തീർപ്പാക്കൽ ഒരു പുതിയ മാനദണ്ഡം സൃഷ്ടിച്ചു. ഇത്തരം രീതികൾ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കും'- ഒരു മുതിർന്ന അഭിഭാഷകൻ പറഞ്ഞു.
2016 ഏപ്രിൽ ഒന്നിനാണ് ബിഹാറിൽ കർശന മദ്യനിരോധന നിയമം പ്രാബല്യത്തിൽ വന്നത്. സ്ത്രീ വോട്ടർമാർക്ക് നൽകിയ വാഗ്ദാനം നിറവേറ്റി ബിഹാറിനെ ഡ്രൈ സ്റ്റേറ്റായി മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഇത്. തുടർന്ന് നിരവധി പേരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയായിരുന്നു.