ശിവാലികിന് പിന്നാലെ നന്ദാ ദേവിയും ഇന്ത്യന്‍ തീരത്തെത്തി; എല്‍പിജി പ്രതിസന്ധിക്ക് ആശ്വാസമുണ്ടാകുമെന്ന് പ്രതീക്ഷ

46,000 മെട്രിക് ടണ്‍ എല്‍പിജിയുമായാണ് നന്ദാ ദേവി ഗുജറാത്തിലെ വാഡിനാര്‍ തീരത്തെത്തിയത്

Update: 2026-03-17 08:14 GMT

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ത്തെ തുടര്‍ന്ന് അടച്ചിട്ട ഹോര്‍മുസ് കടലിടുക്ക് കടന്ന രണ്ടാമത്തെ എല്‍പിജി ടാങ്കര്‍ നന്ദാ ദേവിയും ഇന്ത്യന്‍ തീരത്തെത്തി. 46,000 മെട്രിക് ടണ്‍ എല്‍പിജിയുമായാണ് നന്ദാ ദേവി ഗുജറാത്തിലെ വാഡിനാര്‍ തീരത്തെത്തിയത്. ഇത് ഏകദേശം 32.4 ലക്ഷം ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് തുല്യമാണ്. 40,000 മെട്രിക് ടണ്‍ എല്‍പിജിയുമായി ആദ്യ കപ്പല്‍ ശിവാലിക് തിങ്കളാഴ്ച ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിയിരുന്നു. പിന്നാലെ നന്ദ ദേവിയും എത്തിയതോടെ നിലവിലെ പാചകവാതക പ്രതിസന്ധിയില്‍ ആശ്വാസമുണ്ടാകുമെന്നാണ് കരുതുന്നത്.

Advertising
Advertising

നിലവില്‍ രാജ്യവ്യാപകമായി പല നഗരങ്ങളിലും പാചകവാതക പ്രതിസന്ധി നിലനില്‍ക്കുകയാണ്. പല ഹോട്ടലുകളും അടച്ചിടുകയോ വിഭവങ്ങള്‍ കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. എല്‍പിജി ബുക്ക് ചെയ്യുന്നതിനുള്ള ഇടവേളയും കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഗ്രാമ മേഖലയില്‍ 45 ദിവസത്തെ ഇടവേളയിലും നഗരമേഖലയില്‍ 25 ദിവസത്തെ ഇടവേളയിലുമാണ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക.

ലോകത്ത് ഏറ്റവും കൂടുതല്‍ എല്‍പിജി ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. പശ്ചിമേഷ്യന്‍ മേഖലയില്‍ നിന്നാണ് പ്രധാനമായും എല്‍പിജി ഇന്ത്യയിലെത്തുന്നത്. പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്ന് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെയാണ് രാജ്യത്ത് കടുത്ത എല്‍പിജി പ്രതിസന്ധിയുണ്ടായത്.

അതേസമയം പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലുള്ള എല്ലാ ഇന്ത്യന്‍ നാവികരും സുരക്ഷിതരാണെന്ന് തുറമുഖ മന്ത്രാലയം സ്‌പെഷ്യല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ ശനിയാഴ്ച അറിയിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്തായി 24 ഇന്ത്യന്‍ കപ്പലുകളാണ് അവശേഷിക്കുന്നത്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News