'കേന്ദ്രം സ്വന്തം ആളുകളെ ജഡ്ജിമാരാക്കാന്‍ ആഗ്രഹിക്കുന്നു, കേന്ദ്ര നീക്കം ജനാധിപത്യം തകര്‍ക്കും': വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

കൊളീജിയം അംഗങ്ങള്‍ കൂടിയായിരുന്ന മദന്‍ ബി ലോക്കൂറും റോഹിന്‍റൺ ഫാലി നരിമാനുമാണ് വിമര്‍ശനം ഉന്നയിച്ചത്.

Update: 2023-01-30 06:21 GMT
Advertising

ഡല്‍ഹി: കൊളീജിയം വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനും നിയമമന്ത്രി കിരണ്‍ റിജിജുവിനുമെതിരെ വിമര്‍ശനവുമായി സുപ്രിംകോടതി മുന്‍ ജഡ്ജിമാര്‍. കൊളീജിയം അംഗങ്ങള്‍ കൂടിയായിരുന്ന മദന്‍ ബി ലോക്കൂറും റോഹിന്‍റൺ ഫാലി നരിമാനുമാണ് വിമര്‍ശനം ഉന്നയിച്ചത്.

അഭിപ്രായ സ്വാതന്ത്ര്യം പ്രധാനം- ജസ്റ്റിസ് ലോക്കൂര്‍

കേന്ദ്രം തങ്ങളുടെ കാഴ്ചപ്പാടുകളോട് യോജിക്കുന്നവരെ ജഡ്ജിമാരാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ ലൈവ് ലോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു. കൊളീജിയം ശിപാര്‍ശ ചെയ്ത പേരുകള്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച ലേഖനം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന്‍റെ പേരിലും സ്വവര്‍ഗ ലൈംഗികതയുടെ പേരിലും കേന്ദ്രം തള്ളിയത് ചൂണ്ടിക്കാട്ടിയപ്പോഴാണ് ജസ്റ്റിസ് ലോക്കൂര്‍ ഇങ്ങനെ പ്രതികരിച്ചത്- "പ്രധാനമന്ത്രിയെ വിമർശിച്ചോ? ആവിഷ്കാര സ്വാതന്ത്ര്യം പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ഇന്ന് ആരെങ്കിലും പ്രധാനമന്ത്രിയെ വിമർശിച്ചേക്കാം. നാളെ അതേ വ്യക്തി പ്രധാനമന്ത്രിയെ വിമർശിച്ചില്ലെന്നും വരാം. അതും സാധ്യമാണ്. അപ്പോൾ എന്തുകൊണ്ട് ആളുകൾക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചുകൂടാ?".

സ്വവര്‍ഗ ലൈംഗികത കാരണം മറ്റൊരു പേര് കേന്ദ്രം വെട്ടിയത് ചൂണ്ടിക്കാട്ടിയപ്പോള്‍ ആ ജഡ്ജി സ്വര്‍ഗാനുരാഗികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട കേസുകൾ മാത്രമേ കേൾക്കൂ എന്നാണോ അർത്ഥമെന്ന് ജസ്റ്റിസ് ലോക്കൂര്‍ ചോദിച്ചു. അദ്ദേഹം മറ്റൊരു കേസും കേൾക്കില്ലേ? അങ്ങനെ പറയുന്നത് പരിഹാസ്യമല്ലേയെന്നും ജസ്റ്റിസ് ലോക്കൂര്‍ ചോദിച്ചു. സർക്കാരിന്‍റെ മനസ്സിൽ എന്താണെന്ന് അറിയില്ല. ഒരുപക്ഷേ അവർക്ക് ഇഷ്ടമുള്ള ആളുകളെയാവാം അവര്‍ ജുഡീഷ്യറിയില്‍ ആഗ്രഹിക്കുന്നതെന്ന് ജസ്റ്റിസ് ലോക്കൂര്‍ അഭിപ്രായപ്പെട്ടു.

ജനാധിപത്യം തകര്‍ക്കും- ജസ്റ്റിസ് റോഹിന്‍റൺ ഫാലി നരിമാൻ

കൊളീജിയം ശിപാര്‍ശകളില്‍ കേന്ദ്രസർക്കാർ അടയിരിക്കുന്നത്‌ ജനാധിപത്യത്തിന്‍റെ നാശത്തിന്‌ വഴിയൊരുക്കുമെന്നാണ് മുൻ ജഡ്‌ജി റോഹിന്‍റൺ ഫാലി നരിമാൻ വിമര്‍ശിച്ചത്. കോടതി വിധികൾ അംഗീകരിക്കുക എന്നത് കടമയാണെന്ന് നരിമാന്‍ മന്ത്രി കിരണ്‍ റിജിജുവിന്‍റെ പേരുപറയാതെ പരോക്ഷമായി ഓർമിപ്പിച്ചു. ഏത്‌ പൗരനും കൊളീജിയത്തെ വിമർശിക്കാം. പക്ഷേ മന്ത്രി അധികാര സ്ഥാനത്തുള്ള ആളാണ്. കൊളീജിയം ശിപാര്‍ശ ചെയ്യുന്ന പേരുകളിൽ 30 ദിവസത്തിനുള്ളില്‍ കേന്ദ്രം അഭിപ്രായം അറിയിക്കുന്നില്ലെങ്കിൽ ശിപാര്‍ശകള്‍ സ്വയമേവ അംഗീകരിക്കപ്പെടണമെന്ന് ജസ്റ്റിസ് നരിമാന്‍ പറഞ്ഞു. എം.സി ചഗ്ല അനുസ്‌മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കൊളീജിയത്തിനെതിരെ മന്ത്രി കിരണ്‍ റിജിജു

ജഡ്ജിമാരുടെ തെരഞ്ഞെടുപ്പില്‍ പൊതുഉത്തരവാദിത്വവും സുതാര്യതയും ഊട്ടിയുറപ്പിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്നാണ് മന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടത്. കൊളീജിയം സംവിധാനത്തെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. കൊളീജിയം ശിപാര്‍ശ ചെയ്ത ചില പേരുകള്‍ തള്ളിയതിന് റോയുടെയും ഇന്‍റലിജന്‍സ് ബ്യൂറോയുടെയും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ പരസ്യമാക്കിയ സുപ്രിംകോടതി നടപടി ഗുരുതരമാണെന്നും നിയമമന്ത്രി വിമര്‍ശിക്കുകയുണ്ടായി.

ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്‍മെന്‍റ് കമ്മീഷനെ (എന്‍.ജെ.എ.സി) നിരാകരിച്ച സുപ്രിംകോടതിയുടെ തീരുമാനത്തെ ചോദ്യംചെയ്തു. ജഡ്ജിമാരെ ജഡ്ജിമാര്‍ തന്നെ നിയമിക്കുന്നത് ശരിയല്ലെന്ന വാദം മുന്നോട്ടുവെച്ച് 2014ലാണ് കേന്ദ്ര സര്‍ക്കാര്‍ കൊളീജിയം സംവിധാനത്തിനു പകരമായി എന്‍.ജെ.എ.സി കൊണ്ടുവന്നത്. സുപ്രിംകോടതി ചീഫ് ജസ്റ്റിസും മുതിര്‍ന്ന അംഗവും ഉള്‍പ്പെടെ ജുഡീഷ്യറിയില്‍ നിന്ന് രണ്ട് പേരും പ്രധാനമന്ത്രിയും ലോക്സഭാ പ്രതിപക്ഷ നേതാവും പൊതുസമൂഹത്തില്‍ നിന്ന് രണ്ട് പേരും ഉള്‍ക്കൊള്ളുന്നതാണ് എന്‍.ജെ.എ.സി. എന്നാല്‍ ഈ സംവിധാനത്തില്‍ ജുഡീഷ്യറിയുടെ പ്രാമുഖ്യം കുറയുകയും എക്സിക്യൂട്ടീവിന് മുന്‍ഗണന ലഭിക്കുകയും ചെയ്യുന്നതുവഴി ജുഡീഷ്യറിയുടെ നിഷ്പക്ഷതയെയും സ്വതന്ത്രമായ നിലനില്‍പ്പിനെയും ബാധിക്കുമെന്ന ഹരജിയുടെ അടിസ്ഥാനത്തില്‍ 2015ല്‍ സുപ്രിംകോടതി ഭരണഘടനാ ബഞ്ച് എന്‍.ജെ.എ.സി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കുകയും കൊളീജിയം സംവിധാനം തുടരാന്‍ ഉത്തരവിടുകയുമായിരുന്നു.


Full View

Summary- former judges Madan Lokur and Nariman criticises central govt in collegium issue. Centre Wants To Appoint Persons Aligned With Its Views As Judges, says Justice Madan Lokur. Justice Nariman says sitting on SC names deadly for democracy.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News