'ഞാൻ പറ്റിച്ചു, ഇനിയാരും പറ്റിക്കാതിരിക്കട്ടെ'; മുംബൈ ടാക്‌സി ഡ്രൈവറുടെ 'സത്യസന്ധമായ' തട്ടിപ്പ്

മുദ്രിക എന്ന യുവതി തനിക്ക് നേരിട്ട ഈ വിചിത്രമായ അനുഭവം എക്‌സിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്

Update: 2026-01-28 08:59 GMT

മുംബൈ: മുംബൈ നഗരത്തിന്റെ തിരക്കിനിടയിൽ നടന്ന കൗതുകകരമായ ഒരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സാധാരണയായി യാത്രക്കാരെ കബളിപ്പിക്കുന്ന ഡ്രൈവർമാരെക്കുറിച്ച് നമ്മൾ കേൾക്കാറുണ്ടെങ്കിലും, യാത്രക്കാരിയെ പറ്റിച്ച് അധികം പണം വാങ്ങുകയും അതേസമയം തന്നെ ഇനി മേലാൽ ആരും പറ്റിക്കാതിരിക്കാനുള്ള ഉപദേശം നൽകുകയും ചെയ്ത ഒരു ടാക്‌സി ഡ്രൈവറാണ് ഇപ്പോൾ താരം. മുദ്രിക എന്ന യുവതി തനിക്ക് നേരിട്ട ഈ വിചിത്രമായ അനുഭവം എക്‌സിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

മുംബൈയിലെ ക്രോഫോർഡ് മാർക്കറ്റിൽ നിന്നും ചർച്ച് ഗേറ്റിലേക്ക് ഏഴ് മിനിറ്റ് മാത്രം ദൈർഘ്യമുള്ള യാത്രയ്ക്കായി ടാക്‌സി വിളിച്ചതായിരുന്നു മുദ്രിക. ടാക്‌സി ഡ്രൈവർ ആദ്യം 200 രൂപ ആവശ്യപ്പെട്ടെങ്കിലും വിലപേശി 150 രൂപയിൽ അവർ യാത്ര ഉറപ്പിച്ചു. ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം പണം നൽകിയപ്പോഴാണ് ഡ്രൈവറുടെ ഭാഗത്തുനിന്ന് തികച്ചും അപ്രതീക്ഷിതമായ പ്രതികരണം ഉണ്ടായത്. യാത്രക്കാരി പുതിയ ആളാണെന്ന് മനസ്സിലാക്കിയ ഡ്രൈവർ മീറ്റർ കാണിച്ചുകൊണ്ട് പറഞ്ഞു: 'മാഡം, മീറ്റർ പ്രകാരം 110 രൂപയേ ആയിട്ടുള്ളൂ, ഞാൻ നിങ്ങളിൽ നിന്നും 40 രൂപ അധികം വാങ്ങിയിട്ടുണ്ട്. അടുത്ത തവണ എവിടെ പോകുമ്പോഴും മീറ്റർ നോക്കി മാത്രം യാത്ര ചെയ്യുക. നിങ്ങൾ ഇവിടെ പുതിയതായതുകൊണ്ട് പറയുന്നതാണ്, ശ്രദ്ധിക്കണം'.

Advertising
Advertising

താൻ അൽപം പണം കൂടുതൽ വാങ്ങിയെന്ന് തുറന്നു സമ്മതിച്ച ഡ്രൈവർ, വഞ്ചിക്കപ്പെടാതിരിക്കാൻ യാത്രക്കാരിക്ക് സ്‌നേഹത്തോടെയുള്ള ഉപദേശം കൂടി നൽകുകയായിരുന്നു. 'അടുത്ത തവണ മീറ്റർ നോക്കി പോവുക' എന്ന അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് അമ്പരന്നു പോയതായി മുദ്രിക എക്‌സിൽ കുറിച്ചു. തന്റെ കയ്യിൽ നിന്നും പണം വാങ്ങിയെങ്കിലും തന്നെ കബളിപ്പിക്കപ്പെടാതിരിക്കാൻ സഹായിച്ച ആ ഡ്രൈവറുടെ പ്രവർത്തിയിലൂടെ മുംബൈ നഗരത്തെക്കുറിച്ചുള്ള വിലയേറിയ പാഠം പഠിച്ചുവെന്ന് മുദ്രികയുടെ പോസ്റ്റിൽ പറയുന്നു. ഡ്രൈവറുടെ സത്യസന്ധതയെ അഭിനന്ദിക്കുന്നതിനോടൊപ്പം ഉപജീവനത്തിനായി ആളുകൾക്ക് സ്വീകരിക്കേണ്ടിവരുന്ന മാർഗങ്ങളെക്കുറിച്ചുള്ള വിമർശനവും സാമൂഹമാധ്യമത്തിലെ പ്രതികരണങ്ങളിലുണ്ട്.

മുംബൈ നഗരത്തിന്റെ തനതായ സ്വഭാവമാണിതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ആളുകളെ പറ്റിക്കുമ്പോഴും അവർക്ക് കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്ന വിചിത്രമായ ഒരു രീതി ഇവിടെയുണ്ടെന്ന് മറ്റ് യാത്രക്കാരും സാക്ഷ്യപ്പെടുത്തുന്നു. കൗതുകകരമായ ഈ കുറിപ്പ് ഇതിനോടകം തന്നെ പതിനായിരക്കണക്കിന് ആളുകളാണ് വായിച്ചത്. നഗരജീവിതത്തിലെ ചെറിയ പാഠങ്ങൾ വലിയ തിരിച്ചറിവുകളായി മാറുന്ന ഇത്തരം നിമിഷങ്ങളാണ് മുംബൈയെ വ്യത്യസ്തമാക്കുന്നത് എന്ന അഭിപ്രായത്തോടെയാണ് മുദ്രിക തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News