നേതാജിയും സഞ്ജയ് ​ഗാന്ധിയും സൗന്ദര്യയും മുതൽ അജിത് പവാർ വരെ...; വിമാന- ഹെലികോപ്ടർ അപകടങ്ങളിൽ ജീവൻ പൊലിഞ്ഞ പ്രമുഖർ

മുമ്പ് 15ലേറെ പ്രമുഖ വ്യക്തികൾക്കാണ് ആകാശദുരന്തത്തിൽ ജീവൻ നഷ്ടമായത്.

Update: 2026-01-28 12:54 GMT

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച മറ്റൊരു വിമാനാപകടത്തിനാണ് ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളം സാക്ഷ്യം വഹിച്ചത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അടക്കം ആറ് പേരാണ് വിമാനം തകർന്ന് മരിച്ചത്. വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്ങിന് ശ്രമിക്കവെ വിമാനം തകർന്നുവീഴുകയും കത്തിയമരുകയായിരുന്നു. രാജ്യത്തെ രാഷ്ട്രീയ- പൊതുമേഖലയിൽ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ് അജിത് പവാറിന്റെ വിയോ​ഗം. അജിത് പവാറിനെ പോലെ വിമാന- ഹെലികോപ്ടർ ദുരന്തത്തിൽ നിരവധി പ്രമുഖർക്കാണ് ജീവൻ പൊലിഞ്ഞത്. അതിൽ രാഷ്ട്രീയ- സിനിമാ- സൈനിക മേഖലയിലെ പ്രമുഖർ മാത്രമല്ല, ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനി വരെ ഉൾപ്പെടുന്നു.‍

Advertising
Advertising

ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്തെ ധീരനായകൻ സുഭാഷ്‌ ചന്ദ്രബോസ്, മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മകൻ സഞ്ജയ്‌ ഗാന്ധി, ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാനി, സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് തുടങ്ങി നിരവധി പേരെ ആകാശ ദുരന്തത്തിൽ രാജ്യത്തിന് നഷ്ടമായിട്ടുണ്ട്. അജിത് പവാറിന് മുമ്പ് വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞ 17 പ്രമുഖ വ്യക്തികൾ ആരൊക്കയാണെന്ന് നോക്കാം.

സുഭാഷ് ചന്ദ്രബോസ് (1945)

ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ പ്രധാന പങ്കുവഹിച്ച സുഭാഷ് ചന്ദ്രബോസ് ‌സ്വാതന്ത്യസമരത്തിനായി പിന്തുണ ആവശ്യപ്പെട്ട് വിദേശസന്ദർശനം നടത്തുന്നതിനിടെയാണ് വിമാനാപകടത്തിൽ മരിച്ചത്. 1945 ഓഗസ്റ്റ് 18ന് തായ്‌വാനിലെ തായ്‌പെയിൽ നടന്ന വിമാനാപകടത്തലാണ് സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടത്. എഞ്ചിൻ തകരാറായിരുന്നു അപകടത്തിന് കാരണം. അന്ന് അദ്ദേഹം മരിച്ചിട്ടില്ലെന്നും ഒളിവിൽപ്പോയതാണെന്നും പലരും വിശ്വസിച്ചിരുന്നു.

ബല്‍വന്ത് റായി മേത്ത (1965)

​ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ബല്‍വന്ത് റായി മേത്ത കൊല്ലപ്പെട്ടത് 1965ലായിരുന്നു. പഞ്ചായത്തീരാജിന്റെ ഉപജ്ഞാതാവായി കണക്കാക്കപ്പെടുന്ന മേത്ത ഇന്ത്യ-പാക് യുദ്ധ സമയത്താണ് കൊല്ലപ്പെട്ടത്. മേത്ത സഞ്ചരിച്ച വിമാനം പാക് സൈന്യം വെടിവച്ചിടുകയായിരുന്നു.

ഹോമി ഭാബ (1966)

ഇന്ത്യയുടെ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഡോ. ഹോമി ഭാബ 1966 ജനുവരി 24ന് ഫ്രാൻസിലുണ്ടായ വിമാനാപകടത്തിലാണ് അന്തരിച്ചത്. ഗവേഷണ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിലും ഇന്ത്യയെ ലോകത്തിലെ ഒരു പ്രധാന ആണവശക്തിയാക്കി മാറ്റുന്നതിലും നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹം. അപകടത്തിൽ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്‌തിരുന്ന 117 പേർക്കും ജീവൻ നഷ്ടമായിരുന്നു.

മോഹൻ കുമാരമംഗലം (1973)

ഇന്ദിരാഗാന്ധി സർക്കാരിലെ ഉരുക്ക് മന്ത്രിയായിരുന്നു മോഹൻ കുമാരമംഗലം. 1973 മെയ് 31ന് നടന്ന വിമാനാപകടത്തിലാണ് മോഹൻ കുമാരമം​ഗലം അന്തരിച്ചത്. സ്വാതന്ത്ര്യസമര പോരാട്ടത്തിലടക്കം പങ്കാളിയാവുകയും അറസ്റ്റ് വരിക്കുകയും ചെയ്തിട്ടുള്ള രാഷ്ട്രീയനേതാവായിരുന്നു മോഹൻ കുമാരമം​ഗലം.

സഞ്ജയ് ഗാന്ധി (1980)

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മകനും കോൺഗ്രസ് നേതാവുമായിരുന്ന സഞ്ജയ് ഗാന്ധി 1980 ജൂൺ 23ന് നടന്ന വിമാനാപകടത്തിലാണ് കൊല്ലപ്പെട്ടത്. ഡൽഹി സഫ്ദർജംഗ് വിമാനത്താവളത്തിന് സമീപം ഡൽഹി ഫ്‌ളൈയിങ് ക്ലബിൽ വിമാനം പറത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. സഞ്ജയ് മാത്രമാണ് അപകടത്തിൽ മരിച്ചത്. അദ്ദേഹം തന്നെയായിരുന്നു വിമാനം പറത്തിയിരുന്നത്.

സുരേന്ദ്ര നാഥ് (1994)

മുൻ പഞ്ചാബ് ഗവർണർ സുരേന്ദ്ര നാഥ് 1994 ജൂലൈ ഒൻപതിന് ഹിമാചൽ പ്രദേശിലെ പർവതങ്ങളിൽ സർക്കാർ വിമാനം തകർന്നുണ്ടായ അപകടത്തിലാണ് മരിച്ചത്. അപകടത്തിൽ അദ്ദേഹത്തിൻ്റെ ഒൻപത് കുടുംബാംഗങ്ങൾ ഉൾപ്പെടെ 12 പേരാണ് മരിച്ചത്.

എൻവിഎൻ സോമു (1997)

കേന്ദ്ര പ്രതിരോധ സഹമന്ത്രിയായിരുന്ന എൻവിഎൻ സോമു 1997 നവംബർ 14ന് നടന്ന ഹെലികോപ്ടർ അപകടത്തിലാണ് മരിച്ചത്. അരുണാചൽ പ്രദേശിലെ തവാങ്ങിലായിരുന്നു അപകടം.

ദേര നടുങ് (2001)

അരുണാചൽ പ്രദേശ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ദേര നടുങ് 2001 മെയിൽ തവാങ്ങിന് സമീപമുണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് മരിച്ചത്. ദൃശ്യപരത കുറവായതിനെ തുടർന്നുണ്ടായ അപകടത്തിൽ അദ്ദേഹത്തോടൊപ്പം മറ്റ് അഞ്ച് പേരും മരിച്ചിരുന്നു.

മാധവ് റാവു സിന്ധ്യ (2001)

കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മാധവ് റാവു സിന്ധ്യയും വിട പറഞ്ഞത് ആകാശദുരന്തത്തിലാണ്. 2001 സെപ്തംബർ 30നായിരുന്നു വിമാനാപകടം. യുപിയിലെ കാൺപൂരിലേക്ക് രാഷ്ട്രീയ റാലിയിൽ പങ്കെടുക്കാൻ പോകവെയായിരുന്നു അപകടം. മോശം കാലാവസ്ഥയെ തുടർന്ന് യുപിയിലെ മൊയിൻപുരിക്ക് സമീപം ചെറുവിമാനം തകർന്നു വീഴുകയായിരുന്നു. കോൺഗ്രസിനും രാജ്യത്തിനും കനത്ത നഷ്ടമാണ് സിന്ധ്യയുടെ വിയോ​ഗം സൃഷ്ടിച്ചത്. മാധവ് റാവ് സിന്ധ്യയുടെ മകനാണ് കോൺ​ഗ്രസിൽ നിന്ന് പിന്നീട് ബിജെപിയിലെത്തിയ നിലവിലെ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.

ജിഎംസി ബാലയോഗി (2002)

മുൻ ലോക്‌സഭാ സ്‌പീക്കറും തെലുഗുദേശം നേതാവുമായ ജിഎംസി ബാലയോഗി 2002 മാർച്ച് മൂന്നിന് നടന്ന ഹെലികോപ്‌ടർ അപകടത്തിലാണ് മരിച്ചത്. പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുമ്പോഴായിരുന്നു ആന്ധ്രാപ്രദേശിലെ വടക്കൻ ഗോദാവരി ജില്ലയിലെ കൈകലൂരിലുണ്ടായ ഹെലികോപ്ടർ അപകടത്തിൽ അദ്ദേഹം മരണമടഞ്ഞത്.

നടി സൗന്ദര്യ (2004)

ഹിന്ദിയിലും തെന്നിന്ത്യയിലും തിളങ്ങിയിരുന്ന നടിയായിരുന്നു സൗന്ദര്യ. തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ശ്രദ്ധേയയായിരുന്ന അവർ 2004ൽ ബംഗളൂരുവിനടുത്ത് ഉണ്ടായ വിമാനാപകടത്തിലാണ് മരിച്ചത്. മരിക്കുമ്പോൾ ഏഴ് മാസം ഗർഭിണിയായിരുന്നു സൗന്ദര്യ. രാഷ്‌ട്രീയ പ്രചാരണത്തിനായി സഹോദരനോടൊപ്പം യാത്ര ചെയ്യവെയായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന എല്ലാവർക്കും ജീവൻ നഷ്ടമായിരുന്നു.

സി. സാങ്മ (2004)

മുൻ മേഘാലയ കമ്യൂണിറ്റി വികസന മന്ത്രിയായിരുന്ന സി. സാങ്മയും മൂന്ന് നിയമസഭാംഗങ്ങളും മറ്റ് ആറ് പേരും 2004 സെപ്തംബറിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിലാണ് മരിച്ചത്.‍

ഒപി ജിൻഡാൽ, സുരേന്ദ്ര സിങ് (2005)

ഹരിയാന വൈദ്യുതി മന്ത്രിയും പ്രമുഖ വ്യവസായിയുമായിരുന്ന ഒപി ജിൻഡാലും മുൻ രാഷ്ട്രപതി ശങ്കർ ദയാൽ ശർമയുടെ മകനും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന സുരേന്ദർ സിങ്ങും 2005 മാർച്ച് 31നാണ് ഹെലികോപ്ടർ തകർന്നു മരിക്കുന്നത്. ഉത്തർപ്രദേശിലെ സഹാറൻപൂരിന് സമീപമായിരുന്നു അപകടം.

വൈഎസ് രാജശേഖര റെഡ്ഡി​ (2009)

ആന്ധ്രയിൽ കോൺഗ്രസിലെ പകരംവയ്ക്കാനാവാത്ത നേതാവും മുഖ്യമന്ത്രിയുമായിരുന്ന വൈഎസ് രാജശേഖര റെഡ്ഡി മരിച്ചതും ഇന്ത്യയെ നടുക്കിയ മറ്റൊരു ദുരന്തമായിരുന്നു. 2009 സെപ്തംബര്‍ രണ്ടിനായിരുന്നു അപകടം. വൈഎസ്ആർ യാത്ര ചെയ്യുകയായിരുന്ന ഹെലികോപ്ടർ ആന്ധ്രയിലെ നല്ലമല വനമഖേലയിൽ വച്ച് തകര്‍ന്നുവീഴുകയായിരുന്നു. അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത മരണം ആന്ധ്രയിലെ കോൺഗ്രസിന് നികത്താനാവാത്ത നഷ്ടമാണുണ്ടാക്കിയത്. പിന്നീട്, അദ്ദേഹത്തിന്‍റെ മകൻ ജഗൻ മോഹൻ റെഡ്ഢി കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് വൈഎസ്ആർ കോൺ​ഗ്രസ് എന്ന പുതിയ പാർട്ടിയുണ്ടാക്കി ആന്ധ്രയുടെ മുഖ്യമന്ത്രിയാവുകയും ചെയ്തു.

ജനറൽ ബിപിൻ റാവത്ത് (2021)

2021ൽ ഇന്ത്യൻ സൈന്യത്തിനു തന്നെ സംഭവിച്ച വലിയ നഷ്ടമായിരുന്നു ജനറൽ ബിപിൻ റാവത്തിന്‍റെ മരണം. ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയിരുന്നു അദ്ദേഹം. തമിഴ്നാട്ടിലുണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് അദ്ദേഹവും ഒപ്പമുണ്ടായിരുന്ന ലഫ്. ജനറൽ എൽ.എസ് ലിദ്ദർ അടക്കം മറ്റ് സൈനികരും മരിച്ചത്.

വിജയ് രൂപാനി (2025)

2025 ജൂൺ 12ന് രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിലാണ് ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാനിക്ക് ജീവൻ നഷ്ടമായത്. എയർ ഇന്ത്യ വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ വിമാനത്തില്‍ ഉണ്ടായിരുന്ന 265 പേരും കൊല്ലപ്പെട്ടിരുന്നു. ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപെട്ടത്. മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന രൂപാനി 2016 മുതല്‍ 2021 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ ബോയിങ് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിനു പിന്നാലെ തകർന്നു വീഴുകയായിരുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Similar News