മുൻ സോഫ്റ്റ്‌വെയർ എൻജിനീയറുടെ ആത്മഹത്യക്ക് കാരണം അയൽവാസികളുടെ മാനസിക പീഡനമെന്ന് പരാതി
45 വയസുള്ള മുരളി ഗോവിന്ദരാജുവിനെയാണ് നിർമ്മാണം നടക്കുന്ന വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത
ബംഗളുരു: അയൽവാസികളുടെ മാനസിക പീഡനം സഹിക്കവെയ്യാതെ ബംഗളുരുവിൽ മുൻ സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്തു എന്ന് പരാതി. 45 വയസുള്ള മുരളി ഗോവിന്ദരാജുവിനെയാണ് നിർമ്മാണം നടക്കുന്ന വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികളുടെ മാനസിക പീഡനമാണ് മകന്റെ മരണത്തിന് കാരണം എന്നു പറഞ്ഞ് മുരളി ഗോവിന്ദരാജുവിന്റെ അമ്മ പൊലീസിനെ സമീപിച്ചിട്ടുണ്ട്.
2018 ലാണ് മുരളി ഗോവിന്ദരാജു വീട് നിർമ്മിക്കാനായി നല്ലുറഹള്ളിയിൽ സ്ഥലം വാങ്ങിയത്. എന്നാൽ, സ്ഥലവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ട് എന്ന് പറഞ്ഞ് അയൽവാസികളായ ഉഷ നമ്പ്യാർ, ശശി നമ്പ്യാർ എന്നിവർ മുരളിയെ സമീപിച്ചു. 20 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, പണം നൽകാൻ മുരളി തയ്യാറായില്ല. ഇതോടെ ഇവർ ഗ്രേറ്റർ ബംഗളുരു അതോറിറ്റിയിലെ ചില ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് മുരളിയെ മാനസികമായി പീഡിപ്പിച്ചു എന്നാണ് അമ്മ നൽകിയ പരാതിയിൽ പറയുന്നത്.
ഭാര്യയും മക്കളുമായി താമസിക്കുന്ന വീട്ടിൽ നിന്ന് രാവിലെ ആറുമണിയോടെ ഇറങ്ങിയ മുരളി നിർമ്മാണം നടക്കുന്ന വീടിന്റെ സീലിങ് ഫാനിനുള്ള ഹുക്കിൽ തൂങ്ങിമരിക്കുകയായിരുന്നു. രാവിലെ 9.30 ഓടെ മരപ്പണിക്ക് എത്തിയ തൊഴിലാളിയാണ് മുരളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 10 പേജുള്ള ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.