യുപിയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ദർഗയടക്കം നാല് ആരാധനാലയങ്ങൾ പൊളിച്ചുമാറ്റി

വനഭൂമിയിലെ അനധികൃത നിർമ്മാണമാണ് എന്നാണ് ആരോപണം.

Update: 2025-06-10 10:46 GMT

ലക്നോ: ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ അനധികൃത നിർമ്മാണമെന്ന് ആരോപിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ദർഗയടക്കം നാല് ആരാധനാലയങ്ങൾ പൊളിച്ചുമാറ്റി. ബഹ്റൈച്ച് ജില്ലാ ഭരണകൂടവും പൊലീസും ചേർന്നാണ് കതർനിയാഘട്ട് വന്യജീവി സങ്കേതത്തിലെ മൂർത്തിയ റേഞ്ചിൽ സ്ഥിതി ചെയ്യുന്ന നാല് പഴയ ആരാധനാലയങ്ങൾ പൊളിച്ചുമാറ്റിയത്. വനഭൂമിയിലെ അനധികൃത നിർമ്മാണമാണ് എന്നാണ് ആരോപണം.

ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്നത് സംരക്ഷിത വനമേഖയിലാണെന്നും അതിനാൽ കൈയേറ്റത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നവയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ലക്കദ് ഷാ ബാബ എന്നറിയപ്പെടുന്ന ഹസ്രത്ത് സയ്യിദ് മുഹമ്മദ് ഹാഷിം അലി ഷായുടെ ദർഗയും പൊളിച്ചുമാറ്റിയവയിൽ ഉൾപ്പെടും. മുമ്പ് പതിവായി മേളകൾ സംഘടിപ്പിച്ചു കൊണ്ടിരുന്ന സ്ഥലമാണിത്. എന്നാൽ അടുത്തകാലത്തായി മേളകൾ സംഘടിപ്പിക്കുന്നതിന് വനംവകുപ്പ് അനുമതി നിഷേധിച്ചിരുന്നു. ഇതിൽ ദർഗയുടെ നടത്തിപ്പുകാർ എതിർപ്പ് ഉന്നയിച്ചിരുന്നു.

Advertising
Advertising

പൊതു ജനങ്ങൾക്ക് പ്രവേശനം കർശനമായി നിരോധിച്ച വനത്തിന്റെ സുപ്രധാന മേഖലയിലാണ് മേളയുടെ സ്ഥലമെന്നതാണ് അനുമതി നിഷേധിച്ചതിന് കാരണമായി വനംവകുപ്പ് ചൂണ്ടികാണിച്ചത്. അര കിലോമീറ്റർ ചുറ്റളവിൽ തന്നെയുള്ള ഭാവർ ഷാ, ചമൻ ഷാ, ഷഹൻഷാ എന്നീ ദർഗകളാണ് പൊളിച്ചുമാറ്റിയ മറ്റ് ആരാധനാലയങ്ങൾ.

ഞായറാഴ്ച രാത്രി തുടങ്ങിയ പൊളിച്ചു മാറ്റൽ തിങ്കളാഴ്ച രാവിലെ വരെ തുടർന്നു. വനം വകുപ്പും, പൊലീസും കൂടാതെ സായുധ സേനയിലെ ഉദ്യോഗസ്ഥരെയടക്കം വിന്യസിച്ചായിരുന്നു നടപടി. പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കുമടക്കം വിലക്കേർപ്പെടുത്തിയിരുന്നു. വന്യജീവി അക്രമണത്തിന്റെ സാധ്യത കണക്കിലെടുത്താണ് വിലക്കെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ മാധ്യമ പ്രവർത്തകർക്ക് പരിമിതമായ പ്രവേശനം അനുവദിക്കാമെന്ന് ജില്ലാ മജിസ്ട്രേറ്റ് മോണിക്ക റാണി നിർദേശിച്ചു.

വഖ്ഫ് പരിധിയിൽ ഉൾപ്പെടുന്നതാണ് ഭൂമിയെന്ന് അവകാശപ്പെടുന്ന രേഖകൾ ദേവാലയ കമ്മിറ്റി സമർപ്പിച്ചതായി വനംവകുപ്പ് വ്യക്തമാക്കുന്നു. 1986 ലെ വഖ്ഫ് ബോർഡിൽ രജിസ്റ്റർ ചെയ്തതായി വ്യക്തമാക്കുന്ന രേഖകളാണ് ദേവാലയ കമ്മിറ്റി സമർപ്പിച്ചത്. എന്നാൽ 1986ന് മുമ്പുള്ള ഉടമസ്ഥാവകാശത്തിന് തെളിവുകളൊന്നും ഹാജരാക്കാൻ കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്നും വനംവകുപ്പിന്റെ നിയമം അതിനു മുമ്പുള്ളതാണെന്നും വനംവകുപ്പ് അവകാശപ്പെടുന്നു.

1000 ത്തോളം വർഷം പഴക്കമുള്ളതാണ് ലക്കദ് ഷാ ബാബയുടെ ദർഗയെന്ന് ദേവാലയ കമ്മിറ്റി സെക്രട്ടറി ഇസ്രാർ അഹമദ് പറഞ്ഞു. ജില്ലക്ക് അകത്തും പുറത്തുമുള്ള നിരവധിയാളുകൾ പങ്കെടുക്കുന്ന ബസന്ത് പഞ്ചമി മേളയും എല്ലാ വെള്ളിയാഴ്ചയും ഒത്തുചേരലുകളും നടത്താറുണ്ടായിരുന്നുവെന്ന് ഇസ്രാർ വ്യക്തമാക്കുന്നു. ഏപ്രിൽ 30നാണ് ദർഗ വനഭൂമിയിലാണെന്നും കൈയേറ്റമാണെന്നും ആരോപിക്കുന്ന ഫോറസ്റ്റ് ട്രൈബ്യൂണലിന്റെ നോട്ടീസ് ലഭിച്ചതെന്നും സെക്രട്ടറി പറഞ്ഞു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News