പഞ്ചസാര ചേർത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം! കരട് വിജ്ഞാപനം പുറത്തിറക്കി
പുതിയ ഭേദഗതി പ്രകാരം ആറ് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്കായി ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ സുക്രോസ്, ഫ്രക്ടോസ് തുടങ്ങിയ മധുരപദാർഥങ്ങൾ ചേർക്കാൻ പാടില്ല
ഡൽഹി: ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കൾക്ക് നൽകുന്ന ഭക്ഷണ ഉൽപ്പനങ്ങളിൽ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച് രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി. നിലവിലുള്ള ശിശു പോഷണ ചട്ടങ്ങളിലെ വ്യവസ്ഥകളിൽ ഭേദഗതി വരുത്താനാണ് തീരുമാനം. ഇക്കാര്യം ഉൾപ്പെടുത്തിക്കൊണ്ടുള്ള കരട് വിജ്ഞാപനം ഫുഡ് സേഫ്റ്റി അതോറിറ്റി പുറത്തിറക്കി. നിർദേശത്തിൻമേലുള്ള എതിർപ്പുകളും അഭിപ്രായങ്ങളും സമർപ്പിക്കുന്നതിനായി 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. കുഞ്ഞുങ്ങൾക്ക് ആരോഗ്യകരമായ പോഷകാഹാരം ഉറപ്പാക്കുക എന്നതാണ് നടപടിയുടെ ലക്ഷ്യം.
നിലവിൽ 2019ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ചട്ടപ്രകാരം ആകെ അന്നജത്തിൻ്റെ 20 ശതമാനത്തിൽ കവിയാതെ ലാക്ടോസും ഗ്ലൂക്കോസ് പോളിമറുകളും ഉപയോഗിക്കാൻ അനുവാദമുണ്ട്. എന്നാൽ പുതിയ ഭേദഗതി പ്രകാരം ആറ് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്കായി ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ സുക്രോസ്, ഫ്രക്ടോസ് തുടങ്ങിയ മധുരപദാർഥങ്ങൾ ചേർക്കാൻ പാടില്ല. ആറ് മുതൽ 24 മാസം വരെ പ്രായമുള്ള കുട്ടികൾക്കുള്ള ഭക്ഷണ ഉൽപ്പന്നങ്ങളിൽ അനുവദനീയമായ പരിധിക്കുള്ളിൽ നിന്ന് പഞ്ചസാര ചേർക്കാവുന്നതാണെന്നും നിർദേശത്തിൽ പറയുന്നു.
കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്കും വികാസത്തിനും ആദ്യത്തെ ആറ് മാസം നിർണായകമാണ്. ഈ ഘട്ടത്തിൽ മുലയൂട്ടൽ മാത്രമാണ് വേണ്ടത്. കമ്പനികൾ ഇറക്കുന്ന ഭക്ഷണ ഉൽപ്പന്നങ്ങൾ അമിതവണ്ണം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. അതിനാൽ അനുയോജ്യമായ പോഷകാഹാരം വളരെ പ്രധാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ബഹുരാഷ്ട്ര ഭക്ഷ്യ കമ്പനിയായ നെസ്ലെ, ശിശുക്കൾക്കായുള്ള ഭക്ഷണ ഉൽപ്പന്നങ്ങളിൽ പഞ്ചസാര ധാരാളമായി ചേർക്കാറുണ്ട്. അവ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നത് യൂറോപ്യൻ വിപണികളേക്കാൾ ദക്ഷിണേഷ്യൻ, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലാണെന്ന് സ്വിസ് എൻജിഒ ആയ പബ്ലിക് ഐ 2024ൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ നെസ്ലെയുടെ 25 ഗ്രാം സെറലാക്കിൽ 2.7 ഗ്രാം അധിക പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നും എന്നാൽ യുകെ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ ഇതേ ഉൽപ്പന്നം പഞ്ചസാര ചേർക്കാതെയാണ് വിറ്റഴിക്കുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
പഞ്ചസാര ചേർത്ത ഭക്ഷണ ഉൽപ്പന്നങ്ങൾ രണ്ട് വയസുവരെ കുട്ടികൾക്ക് നൽകരുതെന്ന് ലോകാരോഗ്യ സംഘടനയും കർശനമായി നിർദേശിക്കുന്നുണ്ട്. അമിതമായ പഞ്ചസാര ഉപയോഗം അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, കാൻസർ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകാം. ശിശുക്കളുടെ ഭക്ഷണത്തിൽ അമിതമായ പഞ്ചസാര ഉൾപ്പെടുത്തുന്നത് പല്ല് നശിക്കുന്നതിനും കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.