Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
Photo | ANI
കൊല്‍ക്കത്ത: ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. പെണ്‍കുട്ടികളെ രാത്രി പുറത്തിറങ്ങാന്‍ അനുവദിക്കരുതെന്നും പെണ്‍കുട്ടികള്‍ സ്വയം സംരക്ഷിക്കണമെന്നും മമതാ ബാനര്‍ജി പറഞ്ഞു.
പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം പഠിക്കുന്ന മെഡിക്കല്‍ കോളജിനാണെന്നിരിക്കെ അതില്‍ തന്റെ സര്‍ക്കാരിന്റെ പേര് വലിച്ചിഴക്കുന്നത് അന്യായമാണെന്നും മമത ആരോപിച്ചു. എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും മമത പറഞ്ഞു.
പുലര്‍ച്ചെ 12.30ന് വിദ്യാര്‍ഥിനി എങ്ങനെ പുറത്തുവന്നു. സ്വകാര്യ മെഡിക്കല്‍ കോളേജുകളും പെണ്‍കുട്ടികളെ ശ്രദ്ധിക്കണം. പെണ്‍കുട്ടികള്‍ രാത്രി സമയങ്ങളില്‍ പുറത്തിറങ്ങുന്നത് അനുവദിക്കാന്‍ പാടില്ല. അവനവന്റെ സുരക്ഷ സ്വന്തമായി ഉറപ്പു വരുത്തണം. എന്തിനാണ് തന്റെ സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്തെന്ന് ചോദിച്ച മമത ഒരു മാസം മുമ്പ് ഒഡിഷയില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ അവിടുത്തെ സര്‍ക്കാര്‍ എന്ത് നടപടി എടുത്തുവെന്നും ചോദിച്ചു.
വെള്ളിയാഴ്ചയാണ് 23 വയസുള്ള രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി വെസ്റ്റ്ബംഗാളിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ബലാത്സംഗത്തിനിരയായത്.