മദ്യം മോഷ്ടിച്ചതിന് വിവാഹദിവസം വരൻ അറസ്റ്റിൽ; വരന്റെ സഹോദരനെ വിവാഹം ചെയ്ത് വധു

തന്നെ വിവാഹം ചെയ്യാനിരിക്കുന്ന യുവാവ് വിവാഹദിവസം തന്നെ മോഷണക്കേസിൽ അറസ്റ്റിലായതോടെ യുവതി വിഷമവൃത്തത്തിലായി.

Update: 2023-09-13 12:47 GMT
Advertising

ലഖ്നൗ: മദ്യം മോഷ്ടിച്ചതിന് വിവാഹ ദിവസം അറസ്റ്റിലായി വരൻ. മോഷണക്കേസിൽ പ്രതിശ്രുത വരൻ അറസ്റ്റിലായതോടെ അയാളുടെ സഹോദരനെ വിവാഹം ചെയ്ത് വധു. ഉത്തർപ്രദേശിലെ അലി​ഗഢിൽ തിങ്കളാഴ്ചയാണ് രസകരമായ സംഭവം.

26കാരനായ ഫൈസൽ അഹമ്മദ് എന്ന യുവാവാണ് അറസ്റ്റിലായത്. അലിഗഢ് നഗരത്തിലെ റോരാവർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭുജ്പുര പ്രദേശത്തെ ഒരു പെൺകുട്ടിയുമായാണ് ഹാഥ്റസിലെ സിക്കന്ദ്രറാവു സ്വദേശിയായ ഫൈസലിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹദിവസം വധുവിന്റെ വീട്ടിലേക്ക് പോവുമ്പോൾ അലി​ഗഢിലെ ടോൾ പ്ലാസയ്ക്ക് സമീപം വച്ചായിരുന്നു അറസ്റ്റ്.

തന്നെ വിവാഹം ചെയ്യാനിരിക്കുന്ന യുവാവ് വിവാഹദിവസം തന്നെ മോഷണക്കേസിൽ അറസ്റ്റിലായതോടെ യുവതി വിഷമവൃത്തത്തിലായി. അറസ്റ്റ് വിവാഹ ചടങ്ങിൽ വലിയ ബഹളത്തിന് വഴിവയ്ക്കുകയും ചെയ്തു. ഇരു കുടുംബാംഗങ്ങളും അതിഥികളും പൊലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടി.

തുടർന്ന്, ഒരു മദ്യശാലയിൽ നിന്നും മദ്യവും മറ്റ് സാധനങ്ങളും മോഷ്ടിച്ച സംഭവത്തിനാണ് വരൻ അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. ഇതോടെ, വരന്റെ സഹോദരൻ യുവതിയെ വിവാഹം കഴിക്കാമെന്ന് പറയുകയും വധു സമ്മതിക്കുകയുമായിരുന്നു.

'അലിഗഢിലെ അക്ർബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കാസിംപൂർ ഗ്രാമത്തിൽ ആഗസ്റ്റ് 18ന് നടന്ന മോഷണക്കേസിലെ പ്രതിയാണ് ഫൈസൽ അഹമ്മദ്. മദ്യവിൽപനശാലയുടെ പൂട്ട് തകർത്ത് 35 മദ്യക്കുപ്പികളാണ് ഫൈസൽ മോഷ്ടിച്ചത്. സെയിൽസ്മാൻ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും ഫൈസലിനെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയക്കുകയും ചെയ്തു'- പൊലീസ് പറഞ്ഞു.

'മോഷണക്കേസിലെ അന്വേഷണത്തിൽ, കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഒരു മോട്ടോർ സൈക്കിളും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തിരുന്നു. ഇതാണ് അന്വേഷണം വരനിലേക്ക് എത്തിച്ചത്. തുടർന്ന് പിടികൂടിയ ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ ഫൈസൽ മോഷണത്തിൽ തനിക്ക് പങ്കുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു'- ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ബർല) സർജന സിങ് പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News