വിവാഹത്തിനു മണിക്കൂറുകൾക്കുമുൻപ് വരൻ സൂര്യാഘാതമേറ്റ് മരിച്ചു

ഈ മാസം ആദ്യത്തിൽ തെലങ്കാനയിൽ ഒരു നവവരനും പൂജയ്ക്കിടെ സൂര്യാഘാതമേറ്റ് മരിച്ചിരുന്നു

Update: 2023-06-16 15:32 GMT
Editor : Shaheer | By : Web Desk

ഹൈദരാബാദ്: വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്കുമുൻപ് വരൻ സൂര്യാഘാതമേറ്റ് മരിച്ചു. ഹൈദരാബാദിലെ കുമുരം ഭീം ആസിഫാബാദിലാണ് സംഭവം. ഗുണ്ട്‌ല തിരുപ്പതി(32) ആണ് മരിച്ചത്.

സ്വന്തം നാടായ കൗത്താല മണ്ഡലിലെ ഗുഡ്‌ലബോറിയിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിവാഹക്ഷണക്കത്ത് നൽകുന്നതിനിടെയാണ് ശക്തമായ സൂര്യാഘാതമേറ്റത്. പിന്നാലെ ഛർദിയും വയറിളക്കവും തുടങ്ങി ആരോഗ്യനില മോശമാകുകയും ചെയ്തു. തുടർന്ന് ബന്ധുക്കൾ യുവാവിനെ കൗത്താലയിലെ ആശുപത്രിയിലെത്തിച്ചു.

ഇവിടത്തെ ചികിത്സയിലും ആരോഗ്യനില മോശമായി തുടർന്നതോടെ മറ്റ് രണ്ട് ആശുപത്രികളിലും മാറിമാറി ചികിത്സ നൽകിനോക്കി. എന്നാൽ, ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

Advertising
Advertising

ഇന്നലെ ഉച്ചയ്ക്കായിരുന്നു മാഞ്ചേരിയൽ സ്വദേശിയുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. കൗത്താലയിൽ നിലവിൽ 40-43 ഡിഗ്രി സെൽഷ്യസാണ് താപനില.

ഈ മാസം ആദ്യത്തിൽ തെലങ്കാനയിൽ തന്നെ സൂര്യാഘാതമേറ്റ് നവവരൻ മരിച്ചിരുന്നു. തെലങ്കാനയിലെ ധനേര താലൂക്കിലുള്ള ബോഞ്ച്‌നയിലാണ് സംഭവം. 24കാരനായ വേലഭായ് പട്ടേലാണ് മരിച്ചത്. വിവാഹത്തിനുശേഷം നാട്ടിലെ ക്ഷേത്രത്തിൽ പൂജയ്‌ക്കെത്തിയതായിരുന്നു യുവാവ്. ഇതിനിടെയാണ് സൂര്യാഘാതമേറ്റ് ക്ഷേത്രമുറ്റത്ത് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Summary: Groom dies of heatstroke in Kumuram Bheem Asifabad district in Telangana hours before his marriage

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News