ജി.എസ്.ടിയിലെ വിധി ചരിത്രപരം; സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കും

കേന്ദ്രസർക്കാരിനുള്ള മേധാവിത്വം അവസാനിപ്പിക്കാനും ഉത്തരവ് കാരണമാകും

Update: 2022-05-20 02:05 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: ജി.എസ്‌.ടി കൗൺസിലിലെ സുപ്രീംകോടതി ഇടപെടൽ കാതലായ മാറ്റങ്ങൾക്കിടയാക്കും. സംസ്ഥാനങ്ങൾക്കു കൂടുതൽ സ്വാതന്ത്ര്യം ലഭിക്കാൻ ഇടയാക്കുന്ന വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. കേന്ദ്രസർക്കാരിനുള്ള മേധാവിത്വം അവസാനിപ്പിക്കാനും ഉത്തരവ് കാരണമാകും.

ജി.എസ്‌.ടി കൗൺസിൽ നിർദേശങ്ങൾ നടപ്പാക്കേണ്ട ബാധ്യത സർക്കാരുകൾക്കില്ലെന്ന സുപ്രീംകോടതി ഉത്തരവിട്ടതോടെ സംസ്ഥാന സർക്കാരുകൾക്ക് വലിയ ആശ്വാസമാണ് ലഭിക്കുന്നത്. മിക്കപ്പോഴും ഏകപക്ഷീയമായി സംസ്ഥാങ്ങളുടെ മേൽ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണ് കൗൺസിലിന്‍റെ പതിവ്. സംസ്ഥാനങ്ങളുടെ ശബ്ദം ജി.എസ്.ടി കൗൺസിലിൽ നേർത്തു പോകുന്നത് കൊണ്ടാണ് ഈ ബുദ്ധിമുട്ട് നേരിട്ടിരുന്നത്. ജി.എസ്‌.ടി കൗൺസിലിന്‍റെ ഘടന തന്നെ സംസ്ഥാന സർക്കാരുകളുടെ താൽപര്യങ്ങൾക്കു വിരുദ്ധമാണ് . ഒരു നിർദേശം കൗൺസിലിൽ പാസാകണമെങ്കിൽ 75 ശതമാനം വോട്ട് നേടിയിരിക്കണമെന്നാണ് വ്യവസ്ഥ.

കേന്ദ്ര സർക്കാരിന്‍റെ വോട്ടിങ് ശതമാനം 33.3 ആണ് . അതായത് എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ചു എതിർത്താൽ പോലും കേന്ദ്ര സർക്കാർ തീരുമാനിക്കുന്നത് മാത്രമായിരിക്കും ജി.എസ്.ടി കൗൺസിലിൽ നടക്കുന്നത്. കേരളം ,തമിഴ് നാട് ,മഹാരാഷ്ട്ര അടക്കം ബിജെപി ഇതര സംസ്ഥാന സർക്കാരുകൾ ഇക്കാര്യം കൗൺസിലിൽ പലവട്ടം ചൂണ്ടിക്കാട്ടിയതാണ്. ജി എസ് ടി നിയമം ആകുന്നതിനു മുൻപേ, രാജ്യസഭാംഗമായിരിക്കെ സെലക്ട് കമ്മിയിൽ കെ എൻ ബാലഗോപാൽ വിയോജന കുറിപ്പ് എഴുതിയിരുന്നു. ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നതായിരുന്നു വിമർശനത്തിന്‍റെ ആധാരം.

സംസ്ഥാന താല്പര്യങ്ങൾക്ക് ജി.എസ്.ടി തീരുമാനങ്ങൾ വെല്ലുവിളിയായപ്പോൾ ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത് ആടക്കമുള്ള സംസ്ഥാനങ്ങൾ പോലും രംഗത്തിറങ്ങിയിരുന്നു. കേന്ദ്ര സർക്കാരിന് വിപുലമായ അധികാരങ്ങൾ ഭരണ ഘടന നൽകുന്നുണ്ടെങ്കിലും സംസ്ഥാനങ്ങൾക്കു മേലെയുള്ള അധികാര പ്രയോഗമല്ല നടത്തേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടിയതോടെ സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സ്വതന്ത്ര പ്രഖ്യാപനം കൂടിയായി മാറി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News