ഹിജാബ് വിലക്ക്; പരിഗണിച്ചതും കോടതി പറഞ്ഞതും

ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി അധ്യക്ഷനും ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവർ അംഗങ്ങളുമായ ബഞ്ചിന്‍റേതാണ് വിധി

Update: 2022-03-15 07:02 GMT
Editor : abs | By : Web Desk
Advertising

ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് (ശിരോവസ്ത്രം) വിലക്കിൽ കർണാടക ഹൈക്കോടതി പരിഗണിച്ചത് നാലു കാര്യങ്ങൾ. ഹിജാബ് ഇസ്‌ലാം മതവിശ്വാസത്തിലെ അനിവാര്യ ആചാരമാണോ എന്നതായിരുന്നു അതിൽ പ്രധാനം. അവിഭാജ്യമല്ല എന്നാണ് ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി അധ്യക്ഷനും ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവർ അംഗങ്ങളുമായ ബഞ്ച് തീർപ്പു കൽപ്പിച്ചത്. ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രീ യൂണിവേഴ്‌സിറ്റി (പിയു) കോളജുകളിലെ മുസ്‌ലിം വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജികൾ തള്ളിയാണ് കോടതി വിധി. 

കോടതി പരിഗണിച്ച കാര്യങ്ങൾ ഇവ;

1- ഹിജാബ് ഭരണഘടനയിലെ 25-ാം വകുപ്പിന് (മതം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം) കീഴിൽ വരുന്ന അനിവാര്യ മതാചാരമാണോ?

2-സ്‌കൂൾ യൂണിഫോം നിർദേശം അവകാശ ലംഘനമാണോ?

3- ഫെബ്രുവരി അഞ്ചിലെ സർക്കാർ ഉത്തരവ് ഭരണഘടനയുടെ വകുപ്പ് 14, 15 (സമത്വത്തിനുള്ള അവകാശം) ലംഘിക്കുന്നുണ്ടോ?

4- അച്ചടക്ക അന്വേഷണം പ്രഖ്യാപിച്ചതിന് കോളജ് അധികൃതർക്കെതിരെ ഏതെങ്കിലും തരത്തിലുള്ള കേസ് എടുത്തിട്ടുണ്ടോ?

കോടതി വിധിയിങ്ങനെ

'മുസ്‌ലിം വനിതകൾ ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിക വിശ്വാസത്തിന് കീഴിലെ അനിവാര്യ മതാചാരത്തിൽപ്പെടില്ല എന്നതാണ് ചോദ്യങ്ങളോടുള്ള ഞങ്ങളുടെ ഉത്തരങ്ങൾ' - എന്നാണ് വിധിയുടെ പ്രസക്ത ഭാഗം വായിച്ച ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി പറഞ്ഞത്.

'സ്‌കൂൾ യൂണിഫോം യുക്തിസഹമായ നിയന്ത്രണം മാത്രമാണ്. ഭരണഘടനാപരമായി അനുവദനീയമാണ്. അതിനെ വിദ്യാർത്ഥികൾ എതിർക്കേണ്ടതില്ല എന്നതാണ് ഞങ്ങളുടെ രണ്ടാമത്തെ ഉത്തരം. പ്രസ്തുത കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ സർക്കാറിന് ഉത്തരവിറക്കാൻ അധികാരമുണ്ട്. അടച്ചക്ക നടപടി ഇഷ്യൂ ചെയ്ത ആർക്കെതിരെയും കേസെടുക്കാൻ പാടില്ല. മെറിറ്റില്ലാത്ത എല്ലാ റിട്ട് ഹർജികളും തള്ളുന്നു'

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് 11 ദിവസമാണ് കേസിൽ വാദം കേട്ടത്. മുതിർന്ന അഭിഭാഷകരായ ദേവ്ദത്ത് കാമത്ത്, സഞ്ജയ് ഹെഗ്‌ഡെ, പ്രൊഫസർ രവിവർമ കുമാർ, യൂസുഫ് മഛ്‌ല, എ.എം ധർ എന്നിവർ ഹർജിക്കാർക്കു വേണ്ടി കോടതിയിൽ ഹാജരായി. സംസ്ഥാന സർക്കാറിനു വേണ്ടി അഡ്വ. ജനറൽ പ്രഭുലിംഗ് നവാഡ്ഗിയാണ് വാദിച്ചത്. ഹിജാബ് നിരോധനത്തെ പിന്തുണച്ച അധ്യാപകർക്കും കോളജ് അധികൃതകർക്കും വേണ്ടി മുതിർന്ന അഭിഭാഷകരായ എസ്എസ് നാഗാനന്ദ്, സാജൻ പൂവയ്യ എന്നിവരും ഹാജരായി. വിധി ഇവിടെ വായിക്കാം



ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ മതാചാരമാണ് എന്നും സർക്കാർ അനാവശ്യമായി ഇതിൽ ഇടപെടുകയുമാണ് എന്നായിരുന്നു ഹർജിക്കാരുടെ വാദം. കേസ് ആദ്യ ഘട്ടത്തിൽ ജസ്റ്റിസ് കൃഷ്ണ എസ് ദിക്ഷിത് അധ്യക്ഷനായ സിംഗിൾ ബഞ്ചിന് മുമ്പാകെയാണ് വന്നിരുന്നത്. പ്രാധാന്യം പരിഗണിച്ച് കേസ് വിശാലബഞ്ചിലേക്ക് വിടുകയായിരുന്നു.

2021 ഡിസംബർ അവസാന വാരത്തിൽ ഉഡുപ്പി ഗവ ഗേൾസ് പ്രീ യൂണിവേഴ്‌സിറ്റി കോളേജിലാണ് ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികൾക്ക് ആദ്യം പ്രവേശനം വിലക്കിയത്. ഹിജാബ് ധരിച്ച ആറു വിദ്യാർഥിനികളെയാണ് ക്ലാസിൽനിന്നു പുറത്താക്കിയത്. തുടർന്ന് ഈ വിദ്യാർഥിനികൾ സമരരംഗത്തെത്തി. പ്രതിഷേധം ശക്തിയാർജിക്കുന്നതിനിടെ കോളേജുകളിൽ യൂണിഫോം കോഡ് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. ഇതോടെ പ്രതിഷേധം കൂടുതൽ കോളേജുകളിലേക്ക് പടർന്നു. ഇതിനിടെ സംഘ്പരിവാർ അനുകൂല സംഘടനകൾ കാവിഷാൾ ധരിച്ച് ക്യാമ്പസുകളിലെത്തിയത് സംഘർഷങ്ങള്‍ക്ക് കാരണമായി. ഹിജാബ് ധരിച്ചവരെ പുറത്തു നിർത്തിയതിനാൽ നിരവധി വിദ്യാർത്ഥികൾക്ക് ഈയിടെ പരീക്ഷയെഴുതാനായിരുന്നില്ല. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News