ഹിന്ദുത്വ പ്രവർത്തകരുടെ വിദ്വേഷ പ്രചാരണം മഹാരാഷ്ട്രയിൽ ഒരു മുസ്‌ലിം പൂക്കടക്കാരന്റെ മരണത്തിലേക്ക് നയിച്ചതെങ്ങനെ?

ഒക്ടോബർ 28ന് ഹിന്ദുത്വ പ്രവർത്തകർ കാരണം താൻ അനുഭവിച്ചതെല്ലാം വിശദീകരിക്കുന്ന ഒരു വിഡിയോ റെക്കോർഡ് ചെയ്‌തു അഫ്താബ് ജീവനൊടുക്കി

Update: 2025-11-10 12:52 GMT

മഹാരാഷ്ട്ര: ഗോവ അതിർത്തിക്കടുത്ത് മഹാരാഷ്ട്രയിലെ ബന്ദ ഗ്രാമത്തിൽ ചെറിയ പൂക്കട നടത്തുകയാണ് അഫ്താബ് ഷെയ്ഖും മാതാവ് ഫഹ്മിദയും. 38 വയസുള്ള അഫ്താബിന് പ്രമേഹവും രക്ത സമർദവുമുണ്ട്. ഒരിക്കൽ ക്ഷേത്ര സന്ദർശകർക്കായി മാലകളും പൂക്കളും ഒരുക്കവേ ഒരു മൗലാന അതുവഴി കടന്നുപോയി. തന്റെ മകന്റെ രോഗശാന്തിക്കും അനുഗ്രഹത്തിനുമായി പ്രാർഥിക്കാൻ ഫഹ്മിദ മൗലാനയോട് ആവശ്യപ്പെട്ടു. 10 രൂപയുടെ ഒരു കുപ്പി വെള്ളം വാങ്ങി ഖുർആനിൽ നിന്നുള്ള വാക്യങ്ങൾ പാരായണം ചെയ്ത് പ്രാർഥിച്ച് അതിന്മേൽ ഊതി അഫ്താബിന് കൈമാറി. തുടർന്ന് അഫ്താബ് കുപ്പിയിൽ നിന്ന് വെള്ളം കുടിച്ചു.

Advertising
Advertising

എന്നാൽ മൗലാന വെള്ളത്തിലേക്ക് 'തുപ്പിയതായും' ക്ഷേത്ര സന്ദർശകർ വാങ്ങുന്ന പൂക്കൾക്ക് മുകളിൽ ഈ വെള്ളം ഒഴിച്ചതായും പ്രാദേശിക ഹിന്ദുത്വ സംഘമായ ഹിന്ദു മഞ്ചൽ പ്രവർത്തകർ ആരോപ്പിച്ചതായി ന്യൂസ് ലോൺഡ്രി റിപ്പോർട്ട് ചെയ്തു. അന്ന് വൈകുന്നേരത്തോടെ ഒരു ജനക്കൂട്ടം തടിച്ചുകൂടി അഫ്താബിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി കട അടപ്പിച്ചു. തുടർന്ന് മാസങ്ങളോളം അടച്ചിട്ട കട വീണ്ടും തുറക്കാൻ പൊലീസോ പ്രാദേശിക ഭരണകൂടവോ സഹായിച്ചില്ലെന്നും അഫ്താബിന്റെ കുടുംബം ആരോപിച്ചു. ഒക്ടോബർ 28ന് താൻ അനുഭവിച്ചതെല്ലാം വിശദീകരിക്കുന്ന ഒരു വിഡിയോ റെക്കോർഡ് ചെയ്‌തു അഫ്താബ് ജീവനൊടുക്കി. 'എന്റെ മകൻ ദയയുള്ള വ്യക്തിയായിരുന്നു. ആളുകൾ എന്തിനാണ് അവനെ ഇത്രയധികം വെറുക്കുന്നതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല.' അഫ്താബിന്റെ മാതാവ് ന്യൂസ് ലോൺഡ്രിയോട് പറഞ്ഞു. മാതാപിതാക്കളും ഭാര്യയും രണ്ട് കുട്ടികളും സഹോദരനും ഉൾപ്പെടെ പത്ത് പേരടങ്ങുന്ന കുടുംബത്തോടൊപ്പമാണ് അഫ്താബ് ബന്ദയിലെ വീട്ടിൽ താമസിച്ചിരുന്നത്. കുടുംബം മൊത്തം അഫ്താബിന്റെ പൂക്കടയിലെ വരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്.

'50-60 വർഷത്തിലേറെയായി കുടുംബം ബന്ദയിൽ പൂക്കളും മാലകളും വിൽക്കുകയാണ്. ക്ഷേത്ര ദർശനക്കാർ എപ്പോഴും ഞങ്ങളിൽ നിന്ന് പൂക്കൾ വാങ്ങാറുണ്ട്.' അഫ്താബിന്റെ സഹോദരൻ അബ്ദുൽ റസാഖ് പറഞ്ഞു. 'മഹാരാഷ്ട്രയിലും ഗോവയിലും, ഞങ്ങളുടെ ജില്ലയ്ക്ക് സമീപമുള്ള പ്രദേശങ്ങളിലും എല്ലാ വർഷവും ഏകദേശം 35 ക്ഷേത്ര മേളകളിൽ ഞങ്ങൾ കളിപ്പാട്ടങ്ങൾ വിൽക്കുന്നുമുണ്ട്. കഴിഞ്ഞ 17 വർഷമായി ഞങ്ങൾ ഈ പൂക്കട നടത്തുന്നു. ആരാധനയ്ക്കായി ആളുകൾ ഉപയോഗിക്കുന്നതിനാൽ മാലകൾ വൃത്തിയുള്ളതും പുതുമയുള്ളതുമാണെന്ന് എല്ലായ്പ്പോഴും ഉറപ്പാക്കിയിട്ടുണ്ട്. അശുദ്ധമായ ഒന്നും അവയിൽ തൊടാൻ ഒരിക്കലും അനുവദിച്ചിരുന്നില്ല.' അബ്ദുൽ റസാഖ് കൂട്ടിച്ചേർത്തു.

മെയ് 7ന് അഫ്താബിന് മൗലാനാ പ്രാർഥിച്ച വെള്ളം കൈമാറുമ്പോൾ സമീപത്തുണ്ടായിരുന്ന ഹിന്ദു മഞ്ചിന്റെ രണ്ടുപേർ മൗലാന വെള്ളത്തിലേക്ക് 'തുപ്പിയെന്നും' വിൽപ്പനക്കുള്ള പൂക്കളിൽ അഫ്താബ് അത് ഒഴിക്കാൻ ഉദേശിച്ചിരുന്നുവെന്നും പറഞ്ഞയിരുന്നു സംഭവം ആരംഭിച്ചതെന്ന് അബ്ദുൽ റസാഖ് പറഞ്ഞു. തന്റെ രോഗങ്ങൾക്ക് ശമനമായാണ് മൗലാന വെള്ളം തന്നതെന്ന് അഫ്താബ് പറഞ്ഞെങ്കിലും അവർ അതിന് ചെവിക്കൊടുത്തില്ല. തുടർന്ന് മൗലാന പോയി മണിക്കൂറുകൾക്ക് ശേഷം ഹിന്ദു മഞ്ചിലെ 20ഓളം അംഗങ്ങൾ കടയിലെത്തി ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. അടുത്തുള്ള ഒരു കടയുടമ വിളിച്ചു പറഞ്ഞാണ് താൻ വിവരം അറിഞ്ഞതെന്നും അഫ്താബും താനും അവരോട് സത്യാവസ്ഥ മനസിലാക്കാൻ അപേക്ഷിച്ചെങ്കിലും അവർ കട നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയതായി അബ്ദുൽ റസാഖ് പറഞ്ഞു.

'കട വീണ്ടും തുറക്കാൻ ശ്രമിച്ചാൽ പൊളിക്കുമെന്ന് അവർ ഭീഷണിപ്പെടുത്തി. മാലകൾ നീക്കം ചെയ്യാനും കട അടച്ചുപൂട്ടാനും നിർബന്ധിച്ചു. ഇതിലൊരു തീരുമാനമുണ്ടാക്കാൻ ഒരു യോഗം ചേരുമെന്ന് ഒരു പഞ്ചായത്ത് അംഗം ഞങ്ങളോട് പറഞ്ഞു. അന്നുമുതൽ ഞങ്ങളുടെ കട അടച്ചിട്ടിരിക്കുകയാണ്. ഞങ്ങളുടെ ഏക വരുമാന മാർഗം അതോടെ ഇല്ലാതായി.' അബ്ദുൽ റസാഖ് പറഞ്ഞു. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് തങ്ങളുടെ ഗ്രാമത്തിലെ കമ്മിറ്റിയെ സമീപിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ലെന്ന് അഫ്താബിന്റെ കുടുംബം പറഞ്ഞു. ജൂൺ 3ന് കട വീണ്ടും തുറക്കാൻ കുടുംബം ഗ്രാമപഞ്ചായത്തിന് അപേക്ഷ സമർപ്പിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ജൂൺ 4ന് ബന്ദ പൊലീസ് സ്റ്റേഷനിൽ തങ്ങളെ ഉപദ്രവിച്ചതായി പരാതി നൽകുകയും കട വീണ്ടും തുറക്കാൻ പൊലീസിന്റെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല. സ്റ്റാൾ അടഞ്ഞുകിടന്നു. ഉത്സവങ്ങൾ കടന്നുപോയി, സാധാരണയായി ഉയർന്ന വിൽപ്പനയുള്ള ഗണേശ ചതുർത്ഥി സമയത്ത് പോലും കുടുംബത്തിന് ഒന്നും സമ്പാദിക്കാൻ കഴിഞ്ഞില്ല. ന്യൂസ് ലോൺഡ്രി റിപ്പോർട്ട് ചെയ്യുന്നു.

'ഞങ്ങളുടെ കുട്ടികളുടെ സ്കൂൾ ഫീസ് പോലും അടയ്ക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. എന്റെ പിതാവിന് വൃക്കരോഗമുണ്ട്. അദ്ദേഹത്തിന് എല്ലാ മാസവും ഡയാലിസിസ് ആവശ്യമാണ്/ അതിന് ഏകദേശം 20,000 രൂപ ചെലവാകും.' അബ്ദുൽ റസാഖ് പറഞ്ഞു. നവംബർ 2ന് സമീപത്ത് ഒരു ക്ഷേത്രമേള നടക്കുമെന്ന് കുടുംബം മനസ്സിലാക്കിയാ കുടുംബം പൂക്കൾക്ക് പകരം കളിപ്പാട്ടങ്ങൾ മേളകളിൽ വിൽക്കാൻ പദ്ധതിയിട്ടു. അതിനായി ഒക്ടോബർ 28ന് താൻ 2 ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെന്നും അടുത്ത ദിവസം വിൽപ്പനയ്ക്കുള്ള കളിപ്പാട്ടങ്ങൾ വാങ്ങാൻ ബെലഗാവിയിലേക്ക് പോകുമെന്നും അഫ്താബ് കുടുംബത്തോട് പറഞ്ഞു. അന്ന് രാത്രി വായ്പയെടുത്ത പണം നഷ്ടപ്പെട്ടതായി അബ്ദുൽ റസാഖ് പറഞ്ഞു.

പുലർച്ചെ 4 മണിയോടെ കഴിഞ്ഞ കുറച്ച് മാസങ്ങളിലെ സംഭവങ്ങൾ വിശദീകരിക്കുന്ന ഒരു വിഡിയോ അഫ്താബ് തന്റെ ഫോണിൽ റെക്കോർഡുചെയ്‌തു. ഹിന്ദു മഞ്ച് തന്നെ ഉപജീവനമാർഗം കണ്ടെത്താൻ അനുവദിക്കുന്നില്ലെന്നും, തന്റെ കുടുംബം കഷ്ടപ്പെടുന്നുണ്ടെന്നും, ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതായും വിഡിയോയിൽ അദ്ദേഹം പറഞ്ഞു. തുടർന്നാണ് അഫ്താബ് ജീവനൊടുക്കിയത്. നവംബർ 1ന് ബോംബെ ഹൈക്കോടതിയുടെ കോലാപ്പൂർ ബെഞ്ചിൽ അബ്ദുൽ റസാഖ് ഹരജി സമർപ്പിച്ചു. ഹിന്ദു മഞ്ചിലെ അംഗങ്ങൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടു.

നവംബർ 3ന് പുലർച്ചെ ബാന്ദ പൊലീസ് ഒടുവിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഹിന്ദു മഞ്ചിലെ അഞ്ച് അംഗങ്ങളായ നിലേഷ് പടേക്കർ, ബാബ കനേക്കർ, ഗുരു കല്യാൺകർ, ഹേമന്ത് ദബോൽക്കർ, ജയ് പടേക്കർ എന്നിവരെ പ്രതികളാക്കി. ക്രിമിനൽ ഭീഷണി, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുൻപ് തന്നെ അഞ്ച് പേരും മുൻകൂർ ജാമ്യം നേടി.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News