'അവൻ ധീരനായിരുന്നു'; വിനോദസഞ്ചാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റുമരിച്ച കുതിരക്കാരന്റെ ബന്ധുക്കളെ സന്ദർശിച്ച് ഉമർ അബ്ദുല്ല

ഭീകരരുടെ തോക്ക് തട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഹുസൈൻ ഷാ വെടിയേറ്റ് മരിച്ചത്

Update: 2025-04-24 05:22 GMT
Editor : നബിൽ ഐ.വി | By : Web Desk

അനന്ത്നാഗ്: ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേർക്കാണ് ജീവൻ നഷ്ടമായത്. പെട്ടന്നുണ്ടായ ഭീകരരുടെ ആക്രമണത്തിൽ അവിടെയുണ്ടായിരുന്ന എല്ലാവരും പകച്ചുനിന്നപ്പോൾ ധീരതയോടെ ചെറുക്കാൻ ശ്രമിച്ച കുതിര സവാരിക്കാരനായ സയ്യിദ് ആദിൽ ഹുസൈൻ ഷാ എന്നയാൾക്കും വെടിയേറ്റു. ഭീകരരുടെ തോക്ക് തട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഹുസൈൻ ഷാ വെടിയേറ്റ് മരിക്കുന്നത്.

ബുധനാഴ്ച നടന്ന ഹുസൈന്റെ അന്തിമസംസ്‌കാരത്തിന് നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും സംസ്‌കാരച്ചടങ്ങിനെത്തിയിരുന്നു. ഹുസൈന്‍ ധീരനായിരുന്നുവെന്നും ധീരനായ യുവാവിന്റെ കുടുംബത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നാടിനുണ്ടെന്നും അതിനായി എല്ലാവിധ നടപടിയും കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി എല്ലാവിധ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.

Advertising
Advertising

'കുടുംബത്തിന് വേണ്ടി മകന്‍ മാത്രമായിരുന്നു സമ്പാദിച്ചിരുന്നത്. ഇന്നലെ അവൻ പഹൽഗാമിലേക്ക് ജോലിക്ക് പോയി, ഉച്ചക്ക് ശേഷം 3 മണിയോടെയാണ് ആക്രമണത്തെക്കുറിച്ച് ഞങ്ങൾ അറിഞ്ഞത്. ഞങ്ങൾ അവനെ വിളിച്ചു നോക്കി, പക്ഷേ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് വൈകുന്നേരം 4:30ന് ഫോൺ ഓണായി, പക്ഷേ ആരും മറുപടി നൽകിയില്ല. ഞങ്ങൾ പൊലീസ് സ്റ്റേഷനിലേക്ക് ഓടി, അപ്പോഴാണ് ആക്രമണത്തിൽ അവന് പരിക്കേറ്റതായി ഞങ്ങൾ അറിഞ്ഞത്. അവന്റെ മരണത്തിന് ഞങ്ങൾക്ക് നീതി വേണം. അവനൊരു നിരപരാധിയായിരുന്നു. എന്തിനാണ് അവൻ കൊല്ലപ്പെട്ടത്? ഇതിന് ഉത്തരവാദികള്‍ ആരായാലും അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കണം'- ഹുസൈൻ ഷായുടെ പിതാവ് സയ്യിദ് ഹൈദർ ഷാ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

കുടുംബത്തിലെ മൂത്ത മകനായിരുന്നു ആദിൽ ഹുസൈൻ ഷാ. അദ്ദേഹത്തിന് കുട്ടികളും ഭാര്യയുമുണ്ട്. ഈ കുടുംബത്തിന്റെ നട്ടെല്ലായിരുന്നു അദ്ദേഹം. കുടുംബത്തിന്റെ ഏക ആശ്രമായിരുന്നു ഹുസൈൻ ഷായുടെ ദാരുണാന്ത്യം ബന്ധുക്കളെ തീരാദുഃഖത്തിലാക്കിയിരിക്കുകയാണ്.

ചൊവ്വാഴ്ചയാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ പെഹല്‍ഗാമില്‍ ഉച്ചയോടെയാണ് ഭീകരര്‍ സഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഔദ്യോഗിക കണക്ക് പ്രകാരം 26 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 15 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News