'മിയ മുസ്‌ലിം' പരാമർശം: ഹിമാന്തയ്‌ക്കെതിരെ ചീഫ് ജസ്റ്റിസിന് കത്തെഴുതി തൃണമൂൽ, പരാതിയുമായി രാജ്യസഭാംഗം

അസമിൽനിന്നുള്ള സ്വതന്ത്ര രാജ്യസഭാംഗം അജിത് കുമാര്‍ ഭുയാൻ ദിസ്പൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്

Update: 2023-07-17 14:16 GMT
Editor : Shaheer | By : Web Desk

റിപുന്‍ ബോറ, ഹിമാന്ത ബിശ്വശര്‍മ

Advertising

ഗുവാഹത്തി: മുസ്‌ലിംകൾക്കെതിരായ വംശീയാധിക്ഷേപത്തിൽ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശർമയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രിംകോടതിക്കു കത്തെഴുതി തൃണമൂൽ കോൺഗ്രസ്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന് കത്തെഴുതിയാണ് നടപടി ആവശ്യപ്പെട്ടത്. അസമിൽനിന്നുള്ള സ്വതന്ത്ര രാജ്യസഭാംഗം അജിത് കുമാര്‍ ഭുയാൻ പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

ഹിമാന്ത ബിശ്വശർമയുടെ പരാമർശത്തിനെതിരെ സുപ്രിംകോടതി സ്വമേധയാ നടപടി സ്വീകരിക്കേണ്ടതാണെന്ന് അസം തൃണമൂൽ കോൺഗ്രസ് അധ്യക്ഷൻ റിപുൻ ബോറ പറഞ്ഞു. അസം ഭരണകൂടത്തിനെതിരെയും നടപടി വേണം. ഹിമാന്തയുടെ പരാമർശം ഒരു വിഭാഗത്തിനെതിരെയുള്ളതാണെന്നു മാത്രമല്ല, വർഗീയ വിദ്വേഷമുണ്ടാക്കുന്നതാണെന്നും ചീഫ് ജസ്റ്റിസിന് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടി.

അസമിലെ ദിസ്പൂർ പൊലീസ് സ്റ്റേഷനിലാണ് അജിത് ഭുയാൻ പരാതി നൽകിയത്. ഒരു പ്രത്യേക സമുദായത്തിനെതിരായ വിദ്വേഷ പ്രസംഗമാണ് അസം മുഖ്യമന്ത്രി നടത്തിയിരിക്കുന്നതെന്ന് പരാതിയിൽ ആരോപിച്ചു. സംസ്ഥാനത്തെ വ്യത്യസ്ത മതജാതി സമുദായങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കുകയാണ് പരാമർശത്തിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് ദേശീയ അഖണ്ഡതയ്ക്ക് എതിരാണെന്നും എം.പി പറഞ്ഞു. വിവിധ എം.എൽ.എമാരും മന്ത്രിമാരും ഹിമാന്തയുടെ പരാമർശം ഏറ്റുപിടിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്വേഷ പ്രസംഗക്കേസിൽ അടുത്തിടെ സുപ്രിംകോടതി നടത്തിയ പരാമർശം അജിത് ഭുയാൻ പരാതിയിൽ സൂചിപ്പിച്ചു. ഹിമാന്തയ്‌ക്കെതിരെ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം അന്വേഷിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും വേണമെന്നും എം.പി ആവശ്യപ്പെട്ടു. അതേസമയം, അജിത് ഭുയാന്റെ പരാതിയിൽ ഹിമാന്തയ്‌ക്കെതിരെ ഇതുവരെ ദിസ്പൂർ പൊലീസ് കേസെടുത്തിട്ടില്ല.

പച്ചക്കറിവില കുതിച്ചുയരാൻ കാരണം മിയ(ബംഗാളി കുടിയേറ്റക്കാരെ വിശേഷിപ്പിക്കുന്നത്) മുസ്ലിംകളാണെന്നായിരുന്നു ഹിമാന്ത ബിശ്വശർമയുടെ വിവാദ പരാമർശം. ഗ്രാമീണ മേഖലയിൽ പച്ചക്കറിക്കു വില കുറവാണെന്നും നഗരപ്രദേശങ്ങളിലെത്തുമ്പോഴാണ് വില കൂടുന്നതെന്നും വിവാദ പ്രസംഗത്തിൽ ഹിമാന്ത പറഞ്ഞു. കച്ചവടക്കാരാണ് വില കൂട്ടുന്നത്. അവരിൽ ഭൂരിഭാഗവും മിയകളാണെന്നും അദ്ദേഹം ആരോപിച്ചു.

അസമുകാരിൽനിന്ന് വൻ വിലയാണ് ഇവർ ഈടാക്കുന്നത്. ഗുവാഹത്തിയിലെല്ലാം തദ്ദേശീയ പച്ചക്കറി മാർക്കറ്റുകളുടെ നിയന്ത്രണം മിയകൾ പിടിച്ചടക്കിയിരിക്കുകയാണ്. അസം യുവാക്കളാണ് പച്ചക്കറി വിൽക്കുന്നതെങ്കിൽ നാട്ടുകാരിൽനിന്ന് വില കൂട്ടി വാങ്ങില്ല-ഹിമാന്ത പറഞ്ഞു.

അസം യുവാക്കൾ മുന്നോട്ടുവന്ന് പച്ചക്കറി വിപണിയുടെ നിയന്ത്രണം പിടിച്ചടക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അസം യുവാക്കൾ കടന്നുവന്നാൽ മിയ മുസ്ലിംകളായ പച്ചക്കറി വ്യാപാരികളെ താൻ നഗരത്തിൽനിന്ന് തുടച്ചുനീക്കുമെന്ന് പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. 'കാബുകൾ മുതൽ ബസുകളിൽ വരെ ഭൂരിപക്ഷവും ഇക്കൂട്ടരുടെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ പെരുന്നാളിന് ഗുവാഹത്തിലെ മിക്ക റോഡുകളും ഒഴിഞ്ഞുകിടന്നത് നമ്മൾ കണ്ടു. അവരെല്ലാം പെരുന്നാൾ ആഘോഷിക്കുകയായിരുന്നു. അതുകൊണ്ട് ആരും ജോലിക്കെത്തിയില്ല'-ഹിമാന്ത ബിശ്വശർമ ആക്ഷേപിച്ചു.

ബ്രിട്ടീഷ് ഭരണകാലത്ത് ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തി ബ്രഹ്മപുത്ര തീരത്ത് താമസമാക്കിയ മുസ്ലിംകളാണ് മിയകൾ. മുസ്ലിം പുരുഷന്മാരെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന മിയാൻ എന്ന പേർഷ്യൻ വാക്കിൽനിന്നാണ് 'മിയ' വരുന്നതെന്ന അഭിപ്രായമുണ്ട്. പിൽക്കാലത്ത് വംശീയാധിക്ഷേപത്തിനായി മിയ വ്യാപകമായി ഉപയോഗിക്കപ്പെടാറുണ്ട്.

Summary: Assam TMC writes to CJI DY Chandrachud seeking judicial action against Himanta Biswa Sarma in controversial 'Miya Muslim' remarks as the independent Rajya Sabha member Ajit Kumar Bhuyan files police complaint against the Assam CM

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News