'നിങ്ങളുടെ മോശം ദിനങ്ങൾ വരും, ഞാൻ ശപിക്കുന്നു': ബിജെപിക്കെതിരെ പൊട്ടിത്തെറിച്ച് ജയ ബച്ചന്‍

ഭരണപക്ഷത്തു നിന്ന് മോശം പരാമര്‍ശം ഉയര്‍ന്നതിനു പിന്നാലെയായിരുന്നു ജയ ബച്ചന്‍റെ പ്രതികരണം.

Update: 2021-12-20 14:42 GMT

ബിജെപിക്കെതിരെ പാര്‍ലമെന്‍റില്‍ പൊട്ടിത്തെറിച്ച് സമാജ്‌വാദി പാര്‍ട്ടി എം.പി ജയ ബച്ചന്‍. നിങ്ങളുടെ മോശം ദിനങ്ങള്‍ വരുമെന്നും നിങ്ങളെ ശപിക്കുകയാണെന്നുമാണ് ബിജെപിക്കെതിരെ ജയ ബച്ചന്‍ പറഞ്ഞത്. ഭരണപക്ഷത്തു നിന്ന് വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശം ഉയര്‍ന്നതിനു പിന്നാലെയായിരുന്നു ജയ ബച്ചന്‍റെ പ്രതികരണം.

എന്‍ഡിപിഎസ് ഭേദഗതി ആക്റ്റുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയാണ് ജയ ബച്ചനും ഭരണപക്ഷവും തമ്മില്‍ വാഗ്വാദമുണ്ടായത്. സ്പീക്കര്‍ തന്‍റെ പരാതികള്‍ കേള്‍ക്കുന്നില്ലെന്ന് ജയ ബച്ചന്‍ ആരോപിച്ചു. ജയ ചെയറിന് നേരെ കൈചൂണ്ടി സംസാരിച്ചു എന്നാരോപിച്ച് ബി.ജെ.പി എം.പി രാകേഷ് സിന്‍ഹ ക്രമപ്രശ്‌നം ഉന്നയിച്ചതോടെയാണ് വാക്‌പോര് ആരംഭിച്ചത്. നിങ്ങളുടെ മോശം ദിവസങ്ങള്‍ ആരംഭിച്ചെന്ന് ജയ ഭരണപക്ഷത്തിന് നേരെ നോക്കി പറഞ്ഞു.

Advertising
Advertising

"ഞങ്ങള്‍ക്ക് നീതി വേണം. ട്രഷറി ബെഞ്ചില്‍ നിന്ന് നീതി കിട്ടുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. നിങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് നീതി പ്രതീക്ഷിക്കാമോ? പുറത്തുനില്‍ക്കുന്ന ആ 12 എംപിമാരെ (രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടവര്‍) നിങ്ങള്‍ സംരക്ഷിക്കുമോ?"- എന്നാണ് സ്പീക്കറെ നോക്കി ജയ ബച്ചന്‍ ചോദിച്ചത്.

പിന്നാലെ തനിക്കെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ സഭയില്‍ ഉയര്‍ന്നതായി ജയ ബച്ചന്‍ സ്പീക്കറോട് പരാതി പറഞ്ഞു. താന്‍ ആര്‍ക്കെതിരെയും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സഭയിലുണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണെന്നും ജയ ബച്ചന്‍ പറഞ്ഞു. ജയ ബച്ചനും ഭരണപക്ഷ എം.പിമാരും തമ്മിലുള്ള വാക്‌പോരിനെ തുടര്‍ന്നുള്ള ബഹളത്തിനിടെ സഭ പിരിഞ്ഞു.

പാനമ പേപ്പറുകളിലൂടെയുള്ള വെളിപ്പെടുത്തലുകളെ തുടര്‍ന്ന് നടിയും ജയ ബച്ചന്‍റെ മരുമകളുമായ ഐശ്വര്യ റായിയെ ഇ.ഡി ചോദ്യംചെയ്തതും ഇന്നാണ്. ഡല്‍ഹിയിലായിരുന്നു ചോദ്യംചെയ്യല്‍. വിദേശരാജ്യങ്ങളില്‍ രഹസ്യ നിക്ഷേപം നടത്തിയെന്ന ആരോപണത്തെ കുറിച്ചായിരുന്നു ചോദ്യംചെയ്യല്‍.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News