ആവശ്യമെങ്കില്‍ 'യോഗി മോഡല്‍' നടപ്പാക്കും: കര്‍ണാടക മുഖ്യമന്ത്രി

യുവമോര്‍ച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിൽ പാർട്ടി പ്രവർത്തകർ രോഷവും പ്രതിഷേധവും പ്രകടിപ്പിച്ചതിനു പിന്നാലെയാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രതികരണം.

Update: 2022-07-29 03:33 GMT
Advertising

ആവശ്യം വന്നാല്‍ യോഗി മോഡല്‍ കര്‍ണാടകയിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. യുവമോര്‍ച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിൽ പാർട്ടി പ്രവർത്തകർ രോഷവും പ്രതിഷേധവും പ്രകടിപ്പിച്ചതിനു പിന്നാലെയാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രതികരണം.

"ഉത്തർപ്രദേശിലെ സാഹചര്യം വെച്ച് യോഗി (ആദിത്യനാഥ്) ആണ് ശരിയായ മുഖ്യമന്ത്രി. അതുപോലെ കർണാടകയിലെ സാഹചര്യങ്ങളെ നേരിടാൻ വ്യത്യസ്ത രീതികളുണ്ട്. അവയെല്ലാം അവലംബിക്കുന്നു. സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ യോഗി മോഡൽ സർക്കാർ കർണാടകയിലും വരും"- ബസവരാജ് ബൊമ്മൈ പറഞ്ഞു.

കർണാടകയിൽ ബി.ജെ.പി പ്രവര്‍ത്തകരുടെ ജീവന് സംരക്ഷണം നല്‍കുന്നതില്‍ ബൊമ്മൈ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. യോഗി മോഡല്‍ ഭരണം കര്‍ണാടകയിലും വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. യോഗി സര്‍ക്കാര്‍ ദേശവിരുദ്ധ ശക്തികളെ ബുള്‍ഡോസറുകള്‍ കൊണ്ടും ഏറ്റുമുട്ടലുകള്‍ കൊണ്ടും നേരിടുകയാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. യുവമോർച്ച പ്രവർത്തകനായ പ്രവീണ്‍ നെട്ടാരുവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചും പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു.

''ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഞാൻ ഇരയായ യുവാവിന്റെ കുടുംബത്തിന് ഉറപ്പു നൽകിയിട്ടുണ്ട്. പ്രതികളെ ഏറ്റവും വേഗത്തിൽ പിടികൂടി അവർക്ക് ഉചിതമായ ശിക്ഷ നൽകുമെന്ന് സർക്കാർ ഉറപ്പാക്കും' – ബസവരാജ് ബൊമ്മൈ പറഞ്ഞു. കൊല്ലപ്പെട്ട പ്രവീണിന്റെ വീട് അദ്ദേഹം സന്ദർശിച്ചു. 25 ലക്ഷം രൂപയുടെ ധനസഹായം കുടുംബത്തിനു കൈമാറി.

നേരത്തെ പ്രവീണിന്റെ കൊലയാളികളെ ഏറ്റുമുട്ടലിലൂടെ വധിക്കണമെന്ന് ബി.ജെ.പി എം.എൽ.എ രേണുകാചാര്യ ആവശ്യപ്പെട്ടത് വിവാദമായിരുന്നു-''ഹിന്ദു സഹോദരൻമാർ കൊല്ലപ്പെടുമ്പോഴെല്ലാം നാം സ്ഥിരമായി അതിനെ അപലപിക്കും. ശക്തമായ അന്വേഷണവും ആവശ്യപ്പെടും. ഓം ശാന്തി പോസ്റ്റുകൾ കൊണ്ട് മാത്രം കാര്യമില്ല. ആളുകൾക്ക് നമ്മിലുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കണമെങ്കിൽ, കുറ്റവാളികളായവരെ തെരുവിൽവച്ച് എൻകൗണ്ടറിലൂടെ വധിക്കണം' – എംഎൽഎ ട്വീറ്റ് ചെയ്തു.

''ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിന്റെ ശൈലിയിൽ വേണം ഇത്തരം ക്രിമിനലുകളെ കൈകാര്യം ചെയ്യാൻ. എങ്കിൽ മാത്രമേ നമുക്ക് സർക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാനാകൂ. ഹിന്ദുക്കളെ സംരക്ഷിക്കാനാകുന്നില്ലെങ്കിൽ അധികാരത്തിൽ തുടരുന്നതിൽ എന്ത് അർഥമാണുള്ളത്? ഹിന്ദു സമൂഹത്തിന്റെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നാൽ ഞാൻ സർക്കാരിനൊപ്പം ഉണ്ടാകും. ഇല്ലെങ്കിൽ രാജിവെയ്ക്കും'– രേണുകാചാര്യ കുറിച്ചു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News