മഹാരാഷ്ട്രയില്‍ മാളുകളില്‍ പ്രവേശനം കോവിഡ് വാക്സിന്‍ രണ്ട് ഡോസും എടുത്തവര്‍ക്ക് മാത്രം

മാളുകളില്‍ വരുന്നവര്‍ വാക്സിനെടുത്തതിന്‍റെ സര്‍ട്ടിഫിക്കറ്റ് കരുതണം

Update: 2021-08-11 15:42 GMT

കോവിഡ് വാക്സിന്‍റെ രണ്ട് ഡോസും സ്വീകരിച്ചവരെ മാത്രമേ മഹാരാഷ്ട്രയില്‍ മാളുകളില്‍ പ്രവേശിപ്പിക്കൂ. മുംബൈയിലും മറ്റ് നഗരങ്ങളിലും ഇത് ബാധകമാണ്. മാളുകളില്‍ വരുന്നവര്‍ വാക്സിനെടുത്തതിന്‍റെ സര്‍ട്ടിഫിക്കറ്റ് കരുതണം. പരിശോധിക്കാനുള്ള സംവിധാനം മാള്‍ ഉടമകള്‍ ഒരുക്കണം. ഞായറാഴ്ച മുതലാണ് മാളുകള്‍ തുറക്കുക. മന്ത്രിസഭായോഗത്തിന് ശേഷം സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് തോപ്പെയാണ് ഇക്കാര്യം അറിയിച്ചത്.

ആഗസ്ത് 15 മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തുമെന്ന് മന്ത്രി പറഞ്ഞു- "രണ്ട് ഡോസ് കോവിഡ് വാക്സിനും എടുത്തവര്‍ക്ക് ലോക്കല്‍ ട്രെയിനുകളിൽ കയറാം. ട്രെയിന്‍ യാത്രയ്ക്ക് പ്രതിമാസ, ത്രൈമാസ പാസുകൾ നൽകും. രാത്രി 10 മണി വരെ റെസ്റ്റോറന്‍റുകളില്‍ ആളുകളെ പ്രവേശിപ്പിക്കാം. 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. മറ്റ് കടകൾക്കും രാത്രി 10 മണി വരെ തുറന്നുപ്രവര്‍ത്തിക്കാം. വിവാഹ ചടങ്ങുകൾ തുറന്ന സ്ഥലത്താണെങ്കില്‍ 200 പേര്‍ക്ക് പങ്കെടുക്കാം. ഇൻഡോർ ചടങ്ങുകളില്‍ പരമാവധി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ആളുകളുടെ എണ്ണത്തിന്‍റെ പകുതി മാത്രമേ പാടുള്ളൂ. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Advertising
Advertising

സർക്കാർ, സ്വകാര്യ ഓഫീസുകൾക്ക് പൂർണ ശേഷിയിൽ പ്രവർത്തിക്കാം. തിയേറ്ററുകളും ആരാധനാലയങ്ങളും തുറക്കാന്‍ ഈ ഘട്ടത്തില്‍ അനുമതിയില്ലെന്നും മന്ത്രി അറിയിച്ചു. സ്കൂളുകൾ ഇപ്പോള്‍ തുറക്കേണ്ടെന്നാണ് വിദഗ്ധ അഭിപ്രായം. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് മൂന്നാം തരംഗമുണ്ടായി പ്രതിദിനം 700 മെട്രിക് ടൺ വരെ ഓക്സിജൻ ആവശ്യമായി വരുന്ന സാഹചര്യമുണ്ടായാല്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 5,609 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 137 മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് നിലവില്‍ കോവിഡ് പോസിറ്റീവ് ആയി തുടരുന്നവരുടെ എണ്ണം 66,123 ആണ്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News