ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്ഘടനക്ക് വലിയ പ്രതീക്ഷയേകി ഇന്ത്യ-അറബ് വാണിജ്യ, വ്യവസായ, കാർഷിക കൂട്ടായ്മ നിലവിൽ വന്നു. രാജ്യസഭാ എംപി അഡ്വ. ഹാരിസ് ബീരാൻ പ്രത്യേക ക്ഷണിതാവായിരുന്നു. അറബ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഏറെ പഴക്കമുള്ള വ്യാപാര ബന്ധത്തെ കൂടുതൽ പരിപോഷിപ്പിക്കുന്ന തരത്തിൽ പ്രവർത്തിക്കാനും അംഗ രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തികവും വാണിജ്യപരവുമായ ഉയർച്ച ഉറപ്പുവരുത്തുന്നതിനും പ്രവർത്തിക്കുന്ന ചേമ്പറിൽ ഇന്ത്യയെ കൂടാതെ 22 അറബ് രാജ്യങ്ങളും വിവിധ മേഖലകളിൽ നിന്നുള്ള 22 കമ്പനികളും അംഗങ്ങളാണ്.
പ്രധാനമായും വ്യാപാര, വ്യവസായ, വാണിജ്യ കാർഷിക താത്പര്യങ്ങളിലൂന്നി ടൂറിസം, ധനകാര്യം, സൗരോർജം, പ്രതിരോധം, ശാസ്ത്ര സാങ്കേതിക വിദ്യ, ആരോഗ്യം, ഓയിൽ ആൻഡ് ഗ്യാസ്, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ, പാരമ്പര്യേതര ഊർജം, ചെറുകിട വ്യവസായം, സ്റ്റാർട്ട് അപ്പ്, തുടങ്ങിയ മേഖലകളിലാണ് ചേംബർ പ്രവർത്തിക്കാൻ പോകുന്നത്.
വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ജോർദാൻ അംബാസിഡർ യുസുഫ് അബ്ദുൽഗനി, അറബ് ലീഗ് അംബാസിഡർ യൂസുഫ് മുഹമ്മദ് ജമീൽ, സിറിയൻ അംബാസിഡർ ബസ്സാം സൈഫുദ്ദീൻ അൽകാത്തിബ്, സുഡാൻ അംബാസിഡർ ഡോ. മുഹമ്മദ് അബ്ദുല്ല് അലി എൽറ്റോം, മൊറോക്കൻ അംബാസിഡർ മുഹമ്മദ് മാലികി, യെമൻ അംബാസിഡർ അബ്ദുൽ മലിക്ക് അബ്ദുല്ല അൽ എറിയനി തുടങ്ങി നിരവധി അറബ് നേതാക്കളും പുതുതായി ചുമതലയെറ്റെടുത്ത ഫലസ്തീൻ അമ്പസിഡർ, അലെയ് മുഹമ്മദ് ഇഖ്ബാൽ എംഎൽഎ, ഡോ. എ.എസ് ബിന്ദ്ര, ഖാലിദ് സഈദ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.