നോയിഡ: കൊടുംതണുപ്പിലും മൂടൽമഞ്ഞിലും ഒരു രാത്രി മുഴുവൻ ഒരു അച്ഛൻ തന്റെ മകന്റെ ജീവനായി യാചിച്ചു. പക്ഷേ, വിധിയുടെ ക്രൂരതയ്ക്കും അധികൃതരുടെ അനാസ്ഥയ്ക്കമൊടുവിൽ നഷ്ടമായത് ഒരു ജീവൻ മാത്രമല്ല, ഒരു കുടുംബത്തിന്റെ പ്രതീക്ഷ കൂടിയായിരുന്നു. നോയിഡയിലെ സെക്ടർ 150-ൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന് സമീപത്തെ വെള്ളം നിറഞ്ഞ ആഴമേറിയ കുഴിയിലേക്ക് കാർ മറിഞ്ഞാണ് 27 കാരനായ യുവരാജ് മെഹ്ത എന്ന സോഫറ്റ്‌വെയർ എഞ്ചിനീയർക്ക് ദാരുണാന്ത്യം സംഭവിച്ചത്.
ഗുരുഗ്രാമിലെ ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് രാത്രി വൈകി ടാറ്റാ യുറീക്കാ പാർക്കിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവരാജ്. കനത്ത മൂടൽമഞ്ഞിൽ കാഴ്ച മങ്ങിയതോടെ നിയന്ത്രണം വിട്ട യുവരാജിന്റെ കാർ റോഡരികിലെ സംരക്ഷണ ഭിത്തികളോ അപായ സൂചനകളോ ഇല്ലാത്ത 20 അടിയോളം ആഴമുള്ള കുഴിയിലേക്ക് പതിക്കുകയായിരുന്നു.
അപകടം നടന്നതിന് പിന്നാലെ തന്നെ യുവരാജ് കാറിന് മുകളിലേക്ക് കയറി നിന്ന് അച്ഛനെ ഫോണിൽ വിളിച്ചിരുന്നു. തന്റെ കാർ ഏതോ കുഴിയേലേക്ക് വീണുവെന്നും പെട്ടന്ന് എത്തണമെന്നുമായിരുന്നു ആ അവസാന വാക്കുകൾ. സംഭവസ്ഥലത്തേക്ക് എത്തിയ പിതാവിന് മൂടൽ മഞ്ഞായതിനാൽ മുന്നിലെ ദൃശ്യങ്ങൾ വ്യക്തമായിരുന്നില്ല. പിതാവ് പേര് വിളിക്കുന്നത് കേട്ടതോടെ യുവരാജ് തന്റെ ഫോണിലെ ടോർച്ച് ഓൺ ചെയ്തതോടെയാണ് യുവരാജ് അപകടത്തിൽപ്പെട്ട സ്ഥലം മനസിലായതെന്ന് പിതാവ് പറഞ്ഞു.
ഏകദേശം രണ്ട് മണിക്കൂറോളം യുവരാജ് ആ തണുത്തുറഞ്ഞ വെള്ളത്തിൽ ജീവനായി മല്ലിട്ടു. ഓടിക്കൂടിയ നാട്ടുകാരിൽ പലരും തങ്ങളുടെ മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്തുന്ന തിരക്കിലായിരുന്നു എന്ന് അച്ഛൻ വിങ്ങലോടെ ഓർക്കുന്നു. 'എന്റെ മകൻ അവിടെ സഹായത്തിനായി കരയുകയായിരുന്നു, പക്ഷേ ആരും അവനെ രക്ഷിക്കാൻ തയ്യാറായില്ല, ആളുകൾ നോക്കിനിൽക്കുകയായിരുന്നു' അദ്ദേഹം പറഞ്ഞു.
പൊലീസും ഫയർഫോഴ്സും എത്തിയെങ്കിലും കൃത്യമായ സന്നാഹങ്ങളുടെ അഭാവം രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. ഒടുവിൽ ഒരു ഡെലിവറി ഏജന്റ് സ്വന്തം ജീവൻ പണയപ്പെടുത്തി വെള്ളത്തിൽ ഇറങ്ങിയെങ്കിലും അപ്പോഴേക്കും യുവരാജ് മുങ്ങിപ്പോയിരുന്നു. മുമ്പും ഇതേ കുഴിയിൽ അപകടത്തിൽപെട്ട ട്രക്ക് ഡ്രൈവറെ നാട്ടുകാർ ചേർന്ന രക്ഷപ്പെടുത്തിയിരുന്നു.
അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. അപകടസാധ്യതയുള്ള കുഴിക്ക് ചുറ്റും യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കാത്ത നിർമ്മാണ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, നാട്ടുകാരുടെയും കുടുംബത്തിന്റെയും ആരോപണങ്ങൾ പൊലീസും ഫയർഫോഴ്‌സും നിഷേധിച്ചു.