'ഇപ്പോഴും സോനാ പപ്പടിയാണോ ദീപാവലി സമ്മാനമായി കിട്ടുന്നത്? എങ്കിൽ ജോലി വിട്ടോളൂ'; വൈറലായി ഒരു ഓഫീസ് വീഡിയോ
മിക്ക കമ്പനികളും ജീവനക്കാര്‍ക്ക് സമ്മാനങ്ങളും ബോണസുകളും നൽകാറുണ്ട്
Photo| Instagram
മുംബൈ: ദീപാവലി ആഘോഷത്തിനുള്ള ഒരുക്കങ്ങളിലാണ് രാജ്യം. ഓഫീസുകളിലും ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. മിക്ക കമ്പനികളും ജീവനക്കാര്‍ക്ക് സമ്മാനങ്ങളും ബോണസുകളും നൽകാറുണ്ട്. സാധാരണയായി ചെറിയ സമ്മാനങ്ങളും മധുര പലഹാരങ്ങളുമാണ് നൽകാറുള്ളതെങ്കിൽ ഒരു കമ്പനി ആഘോഷങ്ങളെ പുതിയൊരു തലത്തിലേക്ക് കൊണ്ടുപോയി.
പരമ്പരാഗത വസ്ത്രം ധരിച്ച് എയർ ഫ്രയറും ഒരു ചെറിയ പെട്ടിയും പിടിച്ചുകൊണ്ട് ദീപാവലി സമ്മാനങ്ങളുമായി നിൽക്കുന്ന ജീവനക്കാരുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. bhavika.inframes എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ഥലം എവിടെയാണെന്നോ ഓഫീസ് ഏതാണെന്നോ വീഡിയോയിൽ വ്യക്തമല്ല. 'നിങ്ങൾക്ക് ഇപ്പോഴും സോനാ പപ്പടിയാണ് ലഭിക്കുന്നതെങ്കിൽ ദയവായി രാജി വയ്ക്കുക' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഒക്ടോബര്‍ 16ന് പങ്കിട്ട വീഡിയോ ഇതുവരെ 6.9 ദശലക്ഷം ആളുകളാണ് കണ്ടത്. നിരവധി പേരാണ് വീഡിയോയോട് പ്രതികരിച്ചിരിക്കുന്നത്. 'എന്‍റെ എച്ച്ആർ പറഞ്ഞത് എഐ ആണെന്നാണ്' എന്നായിരുന്നു ഒരാളുടെ പ്രതികരണം. 'നിങ്ങളുടെ കമ്പനിയിൽ എപ്പോഴാണ് പുതിയ അപ്പോയിന്‍റ്മെന്‍റ് ആരംഭിക്കുന്നത്' എന്നാണ് ചിലര്‍ ചോദിച്ചു. ഇത്തരം റീലുകൾ കണ്ടതിന് ശേഷം 90% കോർപ്പറേറ്റ് അടിമകളും വിഷാദത്തിലേക്ക് വീണുപോയിട്ടുണ്ട് നിങ്ങൾ ഭാഗ്യവാൻമാരാണ് ചില കമ്പനികൾ ദീപാവലി സമ്മാനമായി പിരിച്ചുവിടലാണ് നടത്തിയത്' എന്നിങ്ങനെ പോകുന്നു കമന്‍റുകൾ.
അടുത്തിടെ ഒരു പ്രമുഖ ഇന്ത്യൻ ടെക് സ്ഥാപനം ദീപാവലി സമ്മാനമായി വിഐപി സ്യൂട്ട് കേസുകളുടെ സെറ്റ്, ഒരു പെട്ടി എന്നിവയുൾപ്പെടെയുള്ള സമ്മാനങ്ങളാണ് നൽകിയത്.