ഞാൻ ഇന്ത്യൻ മുസ്‌ലിമാണ്, ചൈനീസ് മുസ്‌ലിമല്ല-ഫാറൂഖ് അബ്ദുല്ല

കശ്മീർ മുതൽ കന്യാകുമാരി വരെ ഈ രാജ്യത്തെ ഒറ്റക്കെട്ടായി നിലനിർത്തേണ്ടതുണ്ടെന്ന് ജമ്മു കശ്മിർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല

Update: 2022-10-14 11:10 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: കേന്ദ്ര സർക്കാരിന്റെ മുസ്‍ലിം വിരുദ്ധ നയങ്ങളിൽ ആഞ്ഞടിച്ച് ജമ്മു കശ്മിർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ല. ഇന്ത്യ എല്ലാവരുടേതുമാണെന്നും താൻ ഇന്ത്യൻ മുസ്‌ലിമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എൻ.സി.പി നേതാവ് ചഗൻ ബുജ്ബാലിന്റെ 75-ാം ജന്മദിനാഘോഷ ചടങ്ങിലായിരുന്നു ഫാറൂഖ് അബ്ദുല്ല ഇക്കാര്യം വ്യക്തമാക്കിയത്. ''എല്ലാവരും വ്യത്യസ്തരായിരിക്കാം. എന്നാൽ, ഒന്നിച്ച് നമുക്ക് രാജ്യത്തെ കെട്ടിപ്പടുക്കാനാകും. അതാണ് സൗഹൃദമെന്നു പറയുന്നത്. മതങ്ങൾ വൈരത്തിനു പഠിപ്പിക്കുന്നില്ല. ഇത് ഹിന്ദുസ്ഥാനാണ്. എല്ലാവരുടേതുമാണ് ഈ രാജ്യം.''-അദ്ദേഹം വ്യക്തമാക്കി.

കശ്മീർ മുതൽ കന്യാകുമാരി വരെ ഈ രാജ്യത്തെ ഒറ്റക്കെട്ടായി നിലനിർത്തേണ്ടതുണ്ടെന്നും ഫാറൂഖ് അബ്ദുല്ല ആവശ്യപ്പെട്ടു. ഞാനൊരു മുസ്‌ലിമാണ്. ഇന്ത്യൻ മുസ്‌ലിം. അല്ലാതെ ചൈനീസ് മുസ്‌ലിമല്ല ഞാൻ-അദ്ദേഹം കൂട്ടിച്ചേർത്തു. കശ്മിരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞ ശേഷം ഒരു വർഷത്തോളം ജയിലിലായിരുന്നു ഫാറൂഖ് അബ്ദുല്ല.

മുംബൈയിലായിരുന്നു ചഗന്റെ പിറന്നാൾ ആഘോഷം നടന്നത്. ചടങ്ങിൽ ശിവസേന നേതാവ് ഉദ്ദവ് താക്കറെ, ഗാനരചയിതാവ് ജാവേദ് അക്തർ അടക്കം പ്രമുഖർ പ്രത്യേക ക്ഷണിതാക്കളായി എത്തിയിരുന്നു. അജിത് പവാർ ഉൾപ്പെടെയുള്ള എൻ.സി.പി നേതാക്കളും പരിപാടിയിൽ സംബന്ധിച്ചു.

Summary: 'I am an Indian Muslim, not a Chinese Muslim': Farooq Abdullah slams Modi government

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News