സ്‌റ്റേഷനില്‍ സ്വീകരിക്കാന്‍ റോബോട്ട് വരും; 'അര്‍ജുനനെ' ഇറക്കി റെയില്‍വേ
യാത്രക്കാരുടെ സുരക്ഷ, വിവരങ്ങള്‍ ലഭ്യമാക്കല്‍, സ്‌റ്റേഷന്‍ മേല്‍നോട്ടം എന്നീ മേഖലയിലാണ് അര്‍ജുന്‍ റോബോട്ട് പ്രവര്‍ത്തിക്കുക
വിശാഖപട്ടണം: സാങ്കേതിക വിദ്യയുടെയും നിര്‍മിത ബുദ്ധിയുടെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഹ്യൂമനോയിഡ് റോബോട്ടിനെ അവതരിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ. ഈസ്റ്റ് കോസ്റ്റ് റെയില്‍വേക്ക് കീഴിലെ വിശാഖപട്ടണം സ്റ്റേഷനിലാണ് റോബോട്ടിനെ ഡ്യൂട്ടിക്ക് നിയോഗിച്ചത്. മഹാഭാരതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 'അര്‍ജുന്‍' എന്നാണ് റോബോട്ടിന് പേര് നല്‍കിയിരിക്കുന്നത്.
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ ഭാഗമായാണ് റോബോട്ടിനെ വിന്യസിച്ചിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ, വിവരങ്ങള്‍ ലഭ്യമാക്കല്‍, സ്‌റ്റേഷന്‍ മേല്‍നോട്ടം എന്നീ മേഖലയിലാണ് അര്‍ജുന്‍ റോബോട്ട് പ്രവര്‍ത്തിക്കുക. യാത്രക്കാര്‍ക്ക് റെയില്‍വേയുമായി ബന്ധപ്പെട്ട സംശയങ്ങള്‍, ട്രെയിന്‍ വിവരങ്ങള്‍ മുതലായവയെല്ലാം റോബോട്ടിനോട് ചോദിച്ചറിയാം.
റെയില്‍വേ സ്‌റ്റേഷനിലെ തിരക്ക് അര്‍ജുന്‍ സ്വയം അവലോകനം ചെയ്ത് ആര്‍പിഎഫിന് വിവരം കൈമാറും. റെയില്‍വേ സ്റ്റേഷന്‍ വൃത്തിയായി കിടക്കുന്നുണ്ടോ, സംശയകരമായ കാര്യങ്ങള്‍ നടക്കുന്നുണ്ടോ എന്നും നിരീക്ഷിക്കും. ആളുകളുടെ മുഖം തിരിച്ചറിയുന്ന ഫേസ് റെക്കഗ്നിഷന്‍ സംവിധാനം റോബോട്ടിന് നല്‍കിയിട്ടുണ്ട്. ഇതുവഴി, സംശയാസ്പദ വ്യക്തികളെ കണ്ടെത്താനാകുമെന്നും റെയില്‍വേ അവകാശപ്പെടുന്നു.
ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി യാത്രക്കാര്‍ക്ക് വിവരം നല്‍കും. നമസ്‌തേ പറഞ്ഞ് യാത്രക്കാരെ സ്വീകരിക്കുന്ന റോബോട്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥരെ കണ്ടാല്‍ സല്യൂട്ട് അടിക്കും. പുത്തന്‍ സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റോബോട്ടിനെ നിയോഗിച്ചിരിക്കുന്നതെന്ന് ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ അലോക് ബോറ പറഞ്ഞു.