യാത്രക്കാർ റൺവേക്ക് സമീപം ഭക്ഷണം കഴിച്ച സംഭവം; ഇൻഡിഗോയ്ക്ക് 1.2 കോടി പിഴ

ഇന്ത്യയിൽ സമീപകാലത്ത് ഒരു വിമാനക്കമ്പനിക്കെതിരെ ചുമത്തുന്ന ഏറ്റവും വലിയ പിഴയാണ് ഇൻഡിഗോയ്‌ക്കെതിരെ ഉള്ളത്

Update: 2024-01-18 07:51 GMT
Advertising

ന്യൂഡൽഹി: യാത്രക്കാർ റൺവേക്ക് സമീപമിരുന്ന് ഭക്ഷണം കഴിച്ച സംഭവത്തിൽ വിമാനക്കമ്പനിയായ ഇൻഡിഗോയ്‌ക്കെതിരെ നടപടി. 1.2 കോടി രൂപ ഇൻഡിഗോ പിഴയടയ്ക്കണമെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎസ്) ഉത്തരവിട്ടു. വിമാനം പുറപ്പെടാൻ വൈകിയതിനെ തുടർന്ന് യാത്രക്കാർ റൺവേക്ക് സമീപമിരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

ഇതാദ്യമായാണ് ഇന്ത്യയിൽ ഒരു വിമാനക്കമ്പനിക്ക് ഇത്രയും ഭീമമായ തുക പിഴയിടുന്നത്. 30 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് നിർദേശം. സംഭവത്തിൽ മുംബൈ വിമാനത്താവളത്തിനും ഇൻഡിഗോയ്ക്കും കേന്ദ്ര വ്യോമയാന മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഇത് കൂടാതെ മുംബൈ വിമാനത്താവളത്തിന് ഇന്ത്യൻ വ്യോമഗതാത നിയന്ത്രണ ഏജൻസിസായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 30 ലക്ഷം രൂപ പിഴയിടുകയും ചെയ്തു. ബിസിഎസിന്റെ ഉത്തരവ് പ്രകാരം 60 ലക്ഷം രൂപയും മുംബൈ വിമാനത്താവളം പിഴയടയ്ക്കണം.

ജനുവരി 14നാണ് ഗോവയിൽ നിന്ന് ഡൽഹിയിൽ നിന്ന് പോകേണ്ടിയിരുന്ന ഇൻഡിഗോ വിമാനം മൂടൽമഞ്ഞ് മൂലം മുംബൈയിലേക്ക് വഴിതിരിച്ചു വിട്ടത്. യാത്രക്കാർക്ക് ഭക്ഷണമോ വിശ്രമമുറികളോ ഏർപ്പെടുത്താഞ്ഞതിനാൽ ഇവർ റൺവേയ്ക്ക് സമീപമിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. വീഡിയോയിൽ യാത്രക്കാർക്ക് പുറകിലായി നിർത്തിയിട്ടിരിക്കുന്ന വിമാനവും കാണാം. വ്യാപക വിമർശനമാണ് വീഡിയോയെ തുടർന്ന് ഇൻഡിഗോയ്ക്കും വ്യോമയാന മന്ത്രാലയത്തിനുമെതിരെ ഉയർന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News