വൈറ്റ് ഹൗസില്‍ ചെന്ന് അമേരിക്കന്‍ പ്രസിഡന്റിനെ 'നിര്‍ത്തിപ്പൊരിച്ച' ഇന്ദിര; അന്ന് നിക്സണുമായുള്ള കൂടിക്കാഴ്ചയില്‍ സംഭവിച്ചതെന്ത്?

3,000-4,000 മൈല്‍ അകലെ ഇരുന്ന് ഒരു രാജ്യം അധീശഭാവത്തോടെ ഇന്ത്യക്കാര്‍ എന്തു ചെയ്യണമെന്ന് ഉത്തരവിടുന്ന കാലമൊക്കെ കഴിഞ്ഞെന്നായിരുന്നു ഇന്ദിര മാധ്യമങ്ങളോട് തുറന്നടിച്ചത്. ഈ പരാമര്‍ശം നിക്‌സണെ ശരിക്കും ചൊടിപ്പിച്ചു. നമ്മള്‍ നല്‍കിയ ഡോളറുകള്‍ക്കൊന്നും അവര്‍ ഒരു വിലയും നല്‍കിയില്ലെന്നായിരുന്നു അന്ന് യു.എസ് പ്രസിഡന്റ് പ്രതികരിച്ചത്

Update: 2025-05-16 15:40 GMT
Editor : Shaheer | By : Shaheer

വര്‍ഷം 1971, നവംബര്‍ നാല്. ഇന്ത്യന്‍ പ്രധാനമന്ത്രിയായുള്ള രണ്ടാമത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ദിരാ ഗാന്ധി യു.എസില്‍ എത്തുന്നത് അന്നാണ്. റിച്ചാര്‍ഡ് നിക്‌സണ്‍ ആയിരുന്നു അന്ന് യു.എസ് പ്രസിഡന്റ്. 1966ല്‍ ലിന്‍ഡന്‍ ബി. ജോണ്‍സന്‍ പ്രസിഡന്റായ കാലത്തായിരുന്നു ആദ്യ അമേരിക്കന്‍ സന്ദര്‍ശനം. പ്രധാനമന്ത്രി പദവി ഏറ്റെടുത്ത് ഏതാനും മാസങ്ങളേ ആയിട്ടുണ്ടായിരുന്നുള്ളൂവെങ്കിലും ലിന്‍ഡന്‍ ജോണ്‍സന്റെ മനം കവര്‍ന്നാണ് അന്ന് ഇന്ദിര മടങ്ങിയത്. വികസ്വര രാജ്യങ്ങള്‍ക്കായുള്ള അമേരിക്കയുടെ ഭക്ഷ്യ-വികസന സഹായ പദ്ധതിയായ പി.എല്‍ 480 കരാറും ഉറപ്പിച്ചായിരുന്നു അന്നു പര്യടനം പൂര്‍ത്തിയാക്കുന്നത്.

Advertising
Advertising

രണ്ടാം സന്ദര്‍ശനത്തിനെത്തുമ്പോള്‍ അല്‍പം അധികാര ഭാവത്തോടെയും ഒട്ടും മയവും മാര്‍ദവവുമില്ലാതെയായിരുന്നു അന്നത്തെ പ്രസിഡന്റ് നിക്‌സണോട് ഇന്ദിര പെരുമാറിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ഹെണ്‍റി കിസിഞ്ചറോട് അതിന്റെ നീരസം നിക്‌സണ്‍ പരസ്യമാക്കുകയും ചെയ്തു. ഇന്ത്യക്കാര്‍ക്കെതിരെ വംശീയാധിക്ഷേപവും നടത്തി അമേരിക്കന്‍ പ്രസിഡന്റ്. തനിക്ക് അവരെ കാണുന്നതേ താല്‍പര്യമില്ലെന്നും, എങ്ങനെയാണ് മറ്റുള്ളവരെ ഇവര്‍ ആകര്‍ഷിക്കുന്നത് എന്നുമായിരുന്നു കിസിഞ്ചറോട് നിക്‌സണ്‍ അന്നു ചോദിച്ചത്. തൊട്ടടുത്ത ദിവസം നടന്ന സ്വകാര്യ സംഭാഷണത്തിലും അദ്ദേഹം അധിക്ഷേപം തുടര്‍ന്നു. ലോകത്തെ ഒട്ടും ആകര്‍ഷണമില്ലാത്ത സ്ത്രീകള്‍ ഇന്ത്യക്കാരാണെന്നും ഒട്ടും ലൈംഗിക ആകര്‍ഷണമില്ലാത്ത വര്‍ഗമാണെന്നുമെല്ലാം അമേരിക്കന്‍ പ്രസിഡന്റ് അധിക്ഷേപിച്ചത് പിന്നീട് 'ഡീക്ലാസിഫൈഡ്' വൈറ്റ് ഹൗസ് രേഖകളിലൂടെ പുറത്തായി.

ഇന്ത്യക്കാര്‍ തെണ്ടികളാണെന്നും ഒരു യുദ്ധത്തു കോപ്പുകൂട്ടുകയാണ് അവരെന്നുമായിരുന്നു ഇത്തവണ നിക്‌സന്റെ ആക്ഷേപം. ഒരുപടി കൂടി കടന്ന് ലൈംഗികമായുമുള്ള അധിക്ഷേപവും തുടരുന്നുണ്ട്;''അവരൊരു വൃത്തികെട്ടവളായതുകൊണ്ട് നമ്മള്‍ ആഗ്രഹിച്ചതെല്ലാം നേടാനായി. അമേരിക്ക തനിക്ക് ഊഷ്മളമായ സ്വീകരണം തന്നില്ലെന്നു നാട്ടില്‍ പോയി പറയാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് അവര്‍ യുദ്ധത്തിനു നീക്കം നടത്തുന്നത്.''-ഇങ്ങനെ പോകുന്നു അധിക്ഷേപങ്ങള്‍.


ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ യുദ്ധഭീതി കനത്തുനില്‍ക്കുന്ന അന്തരീക്ഷത്തിലായിരുന്നു ഇന്ദിരാ ഗാന്ധി വാഷിങ്ടണില്‍ പറന്നിറങ്ങുന്നത്. നവംബര്‍ നാലിനു രാവിലെ 10ന് വൈറ്റ് ഹൗസ് സൗത്ത് ലോണില്‍ റിച്ചാര്‍ഡ് നിക്‌സണും ഭാര്യ പാറ്റ് നിക്‌സണും ചേര്‍ന്നാണ് ഇന്ദിരയെ സ്വീകരിച്ചത്. ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു നിക്‌സണുമായുള്ള ആദ്യത്തെ കൂടിക്കാഴ്ച നടന്നത്. അന്ന് ബിഹാറില്‍ നടന്ന വെള്ളപ്പൊക്കത്തെ കുറിച്ച് അനുതാപത്തോടെ സംസാരിച്ച നിക്‌സണ്‍ ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍, ബംഗാള്‍ അഭയാര്‍ഥി പ്രതിസന്ധിയെ കുറിച്ച് ഒരു അക്ഷരം പോലും പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.

എന്നാല്‍, ബംഗ്ലാദേശിലെ മനുഷ്യനിര്‍മിത ദുരന്തത്തെ കുറിച്ചു സംസാരിച്ചായിരുന്നു ഇന്ദിര മറുപടി പറഞ്ഞത്. ഇന്ത്യ-പാക് പ്രശ്‌നങ്ങളെ കുറിച്ചും ബംഗ്ലാദേശ് അഭയാര്‍ഥി പ്രതിസന്ധിയെ കുറിച്ചെല്ലാം അവര്‍ സംസാരിച്ചു. ആയിരക്കണക്കിന് ബംഗാളികളുടെ ജീവനെടുക്കുകയും ലക്ഷങ്ങളെ അഭയാര്‍ഥികളാക്കുകയും ചെയ്ത പാകിസ്താന്‍ സൈന്യത്തിന്റെ നടപടിക്ക് അന്ന് അമേരിക്ക ശക്തമായ പിന്തുണ നല്‍കിയിരുന്നുവെന്ന് ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

Full View

അന്നത്തെ ആ കൂടിക്കാഴ്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് കിസഞ്ചര്‍ തന്റെ White House years എന്ന പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. നിക്‌സണും ഇന്ദിരയ്ക്കും പുറമെ കിസിഞ്ചറും ഇന്ത്യന്‍ കാബിനറ്റ് സെക്രട്ടറി പി.എന്‍ ഹക്‌സറും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. വിയറ്റ്‌നാം-ചൈന വിഷയങ്ങള്‍ അമേരിക്ക കൈകാര്യം ചെയ്ത രീതിയെ പ്രകീര്‍ത്തിച്ചുകൊണ്ടായിരുന്നു ഇന്ദിര തുടങ്ങിയത്.

എന്നാല്‍, പിന്നീടങ്ങോട്ട് 'ബധിരരുടെ സംവാദം' പോലെയായിരുന്നു കൂടിക്കാഴ്ച മുന്നോട്ടുപോയതെന്നാണ് കിസിഞ്ചര്‍ പറഞ്ഞത്. രണ്ടുപേരും പരസ്പരം കേള്‍ക്കാന്‍ തയാറായിരുന്നില്ല. ആശയവിനിമയത്തിലെ പ്രശ്‌നം കൊണ്ട് പരസ്പരം മനസിലാകാത്തതുകൊണ്ടായിരുന്നില്ല. പരസ്പരം നല്ലവണ്ണം അറിയുന്നതുകൊണ്ടായിരുന്നു ആ സമീപനമെന്നാണ് കിസിഞ്ചര്‍ വിശേഷിപ്പിച്ചത്. നിക്‌സണ്‍ പറഞ്ഞ ഒരു കാര്യവും ഇന്ദിര കാര്യഗൗരവത്തിലെടുത്തില്ല. പകരം, പാകിസ്താന്റെ ചരിത്രത്തെ കുറിച്ച് നിക്‌സണ് ക്ലാസെടുത്തുകൊടുക്കുകയായിരുന്നുവത്രെ അവര്‍ ചെയ്തത്.

ആദ്യ കൂടിക്കാഴ്ചയിലെ കല്ലുകടി അന്നു നടന്ന വൈറ്റ് ഹൗസ് വിരുന്നിലും തുടര്‍ന്നു. വിരുന്നിനിടയില്‍ ഇന്ദിര നിക്‌സണോട് ഒരക്ഷരം പോലും മിണ്ടിയില്ല. തിരിച്ച് എന്തെങ്കിലും പറയാന്‍ നിക്‌സണും ശ്രമിച്ചില്ല. നിക്‌സണ്‍ ഭാര്യ ഇടപെട്ട് ആ മൗനം ഭഞ്ജിക്കാനും രണ്ടുപേരെയും ഒന്നു തണുപ്പിക്കാനും നോക്കുന്നുണ്ട്. എന്നാല്‍, അതും ഫലം കണ്ടില്ല. രണ്ടുപേരും മുഖം കനപ്പിച്ചു തന്നെ നില്‍ക്കുകയായിരുന്നു.

തൊട്ടടുത്ത ദിവസം രാവിലെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് എച്ച്.ആര്‍ ഹാല്‍ഡ്മാനും കിസിഞ്ചറുമായുള്ള സ്വകാര്യ സംഭാഷണത്തിലാണ് നിക്‌സണ്‍ കലിപ്പു മുഴുവന്‍ തീര്‍ത്തത്. പുറത്തുപറയാന്‍ പറ്റാത്ത ഭാഷയിലാണ് നിക്‌സണ്‍ ഇന്ദിരയെ കുറിച്ച് അന്നു സംസാരിച്ചതെന്ന് കിസിഞ്ചര്‍ പറയുന്നുണ്ട്. Witch and bitch എന്നൊക്കെയായിരുന്നുവത്രെ ഇന്ത്യന്‍ പ്രധാനമന്ത്രിയെ യു.എസ് പ്രസിഡന്റ് വിശേഷിപ്പിച്ചത്.


അന്ന് ഓവല്‍ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇന്ദിരയെ മുക്കാല്‍ മണിക്കൂറോളം വെയ്റ്റ് ചെയ്യിച്ചും നിക്‌സണ്‍ പ്രതികാരം തീര്‍ക്കാന്‍ നോക്കുന്നുണ്ട്. എന്നാല്‍, തുടര്‍ന്നുള്ള കൂടിക്കാഴ്ചയില്‍ കാത്തിരിപ്പിന്റെ മുഷിപ്പൊന്നും ഇന്ദിര പുറത്തു കാണിച്ചില്ല. ശാന്തമായായിരുന്നു സംസാരം തുടര്‍ന്നത്. എന്നാല്‍, പിന്നീട് ബ്ലെയര്‍ ഹൗസിലേക്ക് ക്ഷണിച്ചപ്പോള്‍ ഇന്ദിര കണക്കു തീര്‍ത്തു. 45 മിനിറ്റ് വൈകിയാണ് അവര്‍ മുറിയില്‍നിന്ന് ഇറങ്ങിയത്. ആ ചര്‍ച്ചയില്‍ നിക്‌സണ്‍ ചൈനയെ കുറിച്ച് സംസാരിച്ചപ്പോള്‍ ഇന്ദിര പാകിസ്താനെ പരാമര്‍ശിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. കൂടിക്കാഴ്ച കഴിഞ്ഞ് ഉച്ചയോടെ നിക്‌സണ്‍ നേരിട്ട് ഇന്ദിരയെ കാറില്‍ യാത്രയാക്കുകയും ചെയ്യുന്നുണ്ട്. സുപ്രധാനമായ വിഷയങ്ങളില്‍ കാര്യമായ ഒരു പുരോഗതിയുമില്ലാതെയാണ് അന്നത്തെ ഇന്ദിര-നിക്‌സണ്‍ കൂടിക്കാഴ്ചകള്‍ അവസാനിക്കുന്നതെന്നാണ് കിസിഞ്ചര്‍ എഴുതിയത്.

പ്രസിഡന്റിനോട് അല്‍പം കൂടി ക്ഷമയോടും മയത്തോടെയും സംസാരിക്കാമായിരുന്നു എന്നു തോന്നുന്നില്ലേ എന്നു കൂടിക്കാഴ്ച കഴിഞ്ഞു മടങ്ങുംവഴി ഹെണ്‍റി കിസിഞ്ചര്‍ ഇന്ദിരയോട് ചോദിക്കുന്നുണ്ട്. ഇതിനോട് ഇന്ദിരയുടെ മറുപടിയും ഒട്ടും മയമില്ലാതെയായിരുന്നു. ''ഒരു വികസ്വര രാജ്യമെന്ന നിലയില്‍ ഞങ്ങള്‍ക്ക് നട്ടെല്ലുറപ്പുണ്ട്. എല്ലാ അതിക്രമങ്ങളെയും ചെറുക്കാന്‍ ആവശ്യമായ ഇച്ഛാശക്തിയും വിഭവങ്ങളുമുണ്ട്. ആയിരക്കണക്കിന് മൈലുകള്‍ അകലെനിന്ന് ഒരു ശക്തിക്ക് ഏതു രാജ്യത്തെയും ഭരിക്കാനും നിയന്ത്രിക്കാനും കഴിഞ്ഞിരുന്ന ആ കാലം അവസാനിച്ചുവെന്ന് ഞങ്ങള്‍ തെളിയിക്കും.''-അവര്‍ ശക്തമായ ഭാഷയില്‍ തന്നെ വ്യക്തമാക്കി.


പിന്നീട് മാധ്യമങ്ങളോടും സംസാരിക്കുമ്പോഴും ഇതേ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നുണ് ഇന്ദിര. 3,000-4,000 മൈല്‍ അകലെ ഇരുന്ന് ഒരു രാജ്യം അധീശഭാവത്തോടെ ഇന്ത്യക്കാര്‍ എന്തു ചെയ്യണമെന്ന് ഉത്തരവിടുന്ന കാലമൊക്കെ കഴിഞ്ഞെന്നായിരുന്നു അവര്‍ തുറന്നടിച്ചത്. ഈ പരാമര്‍ശം നിക്‌സണെ ശരിക്കും ചൊടിപ്പിച്ചു. നമ്മള്‍ നല്‍കിയ ഡോളറുകള്‍ക്കൊന്നും അവര്‍ ഒരു വിലയും നല്‍കിയില്ലെന്നായിരുന്നു അന്ന് യു.എസ് പ്രസിഡന്റ് പ്രതികരിച്ചത്.

ഇന്ദിരയുടെ യു.എസ് സന്ദര്‍ശനം കഴിഞ്ഞ് തൊട്ടടുത്ത മാസം, ഡിസംബര്‍ മൂന്നിന് ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. എട്ട് ഇന്ത്യന്‍ വ്യോമതാവളങ്ങള്‍ക്കുനേരെ വ്യോമാക്രമണം നടത്തി പാകിസ്താനായിരുന്നു തുടക്കമിട്ടത്. അന്നത്തെ കിഴക്കന്‍ പാകിസ്താനിലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ യുദ്ധത്തിന് ഇന്ത്യ നല്‍കുന്ന പിന്തുണയായിരുന്നു പാകിസ്താന്‍ പ്രകോപനമായി ചൂണ്ടിക്കാട്ടിയത്.

പാക് ആക്രമണത്തിനു പിന്നാലെ യുദ്ധം പ്രഖ്യാപിച്ച് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ നിക്‌സണ്‍ അമേരിക്കയുടെ ഏഴാമത്തെ കപ്പല്‍പ്പടയെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് അയച്ചു. ചൈന വാക്ക്‌പോരും ഭീഷണിയുമായി ഇന്ത്യയെ വിരട്ടാന്‍ നോക്കി.

എന്നാല്‍, ഇന്ത്യ ഒരടി പിന്മാറിയില്ലെന്നു മാത്രമല്ല, പാകിസ്താന്റെ വ്യോമ-നാവിക താവളങ്ങളെല്ലാം ലക്ഷ്യമിട്ട് ശക്തമായ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. തിരിച്ചടിക്കാനോ പ്രതിരോധിക്കാനോ പോലുമാകാതെ പാക് പോര്‍വീര്യത്തെ തകര്‍ത്തുകളഞ്ഞു ഇന്ത്യ. ഒടുവില്‍ കിഴക്കന്‍ പാകിസ്താനിലെ സൈന്യം ആയുധം വച്ചു കീഴടങ്ങി. സ്വതന്ത്ര ബംഗ്ലാദേശ് രാഷ്ട്രം യാഥാര്‍ഥ്യമാകുകയും ചെയ്തു.


യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ നിക്‌സണ്‍ പൊട്ടിത്തെറിച്ചെന്നാണ് കിസിഞ്ചര്‍ പറഞ്ഞത്. 'ഇന്ദിര നമ്മെ വച്ചു കളിക്കുകയായിരുന്നു, അവര്‍ നമ്മെ വഞ്ചിച്ചു'-എന്നായിരുന്നു യു.എസ് പ്രസിഡന്റിന്റെ ആദ്യ പ്രതികരണം. ഇതിന് അവര്‍ വില കൊടുക്കേണ്ടിവരുമെന്നും ഇന്ത്യയ്്ക്കുള്ള സഹായങ്ങളെല്ലാം റദ്ദാക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട് അദ്ദേഹം.

ഇന്ത്യ-പാക് യുദ്ധത്തില്‍ ചൈന ഇടപെടാനുള്ള സാധ്യതയുണ്ടോയെന്ന് നിക്‌സണ്‍ കിസിഞ്ചറോട് ചോദിക്കുകയും ചെയ്തത്രെ. ചൈന ഇടപെട്ട് ഇന്ത്യയെ ഭയപ്പെടുത്തി നിര്‍ത്തുമെന്ന പ്രതീക്ഷയിലായിരുന്നത്രെ അമേരിക്കന്‍ പ്രസിഡന്റ്.

അന്നത്തെ സംഭവവികാസങ്ങളെ കുറിച്ച് അമേരിക്കയുടെ പക്ഷത്തുനിന്നാണ് സംസാരിക്കുന്നതെങ്കിലും ഇന്ദിര എന്ന ശക്തയായ വനിതയെ അഭിനന്ദിക്കാതിരിക്കാന്‍ കിസിഞ്ചറിനു കഴിഞ്ഞില്ല. നയതന്ത്ര കൗശലത്തോടെയും ഏകാഗ്രതയോടെയും ഇന്ത്യന്‍ ദേശീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി നിരന്തരം ഇടപെട്ടുകൊണ്ടിരുന്ന ശക്തയായ വ്യക്തിത്വമാണ് ഇന്ദിര എന്നാണ് കിസിഞ്ചര്‍ അവരെ വിശേഷിപ്പിക്കുന്നത്. അവരുടെ നയങ്ങള്‍ അമേരിക്കയുടെ ദേശീയ താല്‍പര്യത്തിന് അപകടകരമായിരുന്നപ്പോഴും അവരുടെ ശക്തിയെ താന്‍ എപ്പോഴും ആദരിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.

Summary: When Indira Gandhi stunned Richard Nixon; what happened in 1971's White House meeting?

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Shaheer

contributor

Similar News