'ബലിപെരുന്നാളിന് മാത്രമാണോ മൃഗസ്‌നേഹം, മറ്റുദിവസങ്ങളിൽ ഇല്ലെ? ബിജെപി നേതാക്കളുടെ പ്രകോപന പ്രസ്താവനകൾക്കെതിരെ മുസ്‌ലിം നേതാക്കൾ
''രാജ്യത്തെ ഇറച്ചികയറ്റുമതി വ്യവസായം വളരുകയാണെന്നും അവിടെയൊന്നും പ്രശ്നങ്ങളുണ്ടാക്കാത്ത ബിജെപി നേതാക്കൾ ബലിപെരുന്നാളിൽ മാത്രം രംഗത്ത് വരുന്നത് എന്തുകൊണ്ടാണ്''
ന്യൂഡൽഹി: ബലിപെരുന്നാൾ അടുത്തിരിക്കെ ബലി അറുക്കുന്നതിനെതിരെയുള്ള ബിജെപി നേതാക്കളുടെ പ്രകോപന പ്രസ്താവനകളെ അപലപിച്ച് രാജ്യത്തെ മുസ്‌ലിം നേതാക്കൾ. ബിജെപിയുടെ സീസണൽ ധാർമകിതയെ ചോദ്യം ചെയ്ത മുസ്‌ലിം നേതാക്കൾ ഭരണഘടാനപരായ അവകാശമാണ് ഞങ്ങൾ നിറവേറ്റുന്നതെന്നും വ്യക്തമാക്കി.
മൃഗബലി വെറുമൊരു ആചാരമല്ലെന്നും ഈദുൽ അദ്‌ഹയിൽ(ബലിപെരുന്നാളില്‍) സാമ്പത്തികമായി കഴിവുള്ള ഓരോ മുസ്‌ലിമിനും നിർബന്ധമായൊരു കര്‍മമാണെന്നും മൗലാന ഖാലിദ് റാഷിദ് ഫിരംഗി മഹാലി ബിജെപി നേതാക്കളെ ഓര്‍മിപ്പിച്ചു.
ബലിപെരുന്നാള്‍ ദിനത്തില്‍ മാത്രം എന്തുകൊണ്ടാണ് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനെതിരെ ചോദ്യങ്ങളുയരുന്നതെന്ന് എഐഎംഐഎം വക്താവ് അസീം വഖാർ ചോദിച്ചു. മറ്റു ദിവസങ്ങളില്‍ ഈ മൃഗ സ്നേഹം കാണുന്നില്ലല്ലോ എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ഇറച്ചി കയറ്റുമതി വ്യവസായം വളരുകയാണെന്നും അവിടെയൊന്നും പ്രശ്നങ്ങളുണ്ടാക്കാത്ത ബിജെപി നേതാക്കള്‍ ബലിപെരുന്നാളില്‍ മാത്രം രംഗത്ത് വരുന്നതില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പശുവിന്റെ സംരക്ഷണത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി ചിന്തിക്കുന്നുണ്ടെങ്കില്‍ അതിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്‌ലിംകൾ വിർച്വൽ ഈദ് ആഘോഷിക്കണമെന്നായിരുന്നു മഹാരാഷ്ട്ര മന്ത്രി നീതേഷ് റാണയുടെ പ്രസ്താവന. ശരീഅത്ത് നിയമത്തിന് കീഴലല്ല രാജ്യം പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. ബലിപെരുന്നാളിൽ ബലിയറുക്കുന്നതിനെയും റാണെ ചോദ്യം ചെയ്തിരുന്നു. മൃഗത്തെ ബലിയർപ്പിക്കുന്നതിന് പകരം ആടിന്റെ ആകൃതിയിലുള്ള കേക്ക് മുറിക്കണമെന്ന്ഉ ത്തർപ്രദേശ് ബിജെപി എംഎൽഎ നന്ദ് കിഷോർ ഗുർജാറും ആവശ്യപ്പെട്ടിരുന്നു. ഹിൻഡൺ വിമാനത്താവളത്തിന് സമീപം മൃഗങ്ങളെ കൊല്ലുന്നത് നിരോധിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ആഹ്വാനം.