'ബുൾഡോസർ രാഷ്ട്രീയത്തിനെതിരെ ഇടപെടണം'; സുപ്രീംകോടതിയിൽ ഹരജിയുമായി ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്

ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ മൗലാന അർഷദ് മദനിയാണ് സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചത്

Update: 2022-04-18 13:41 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുസ്ലിം സ്വത്തുക്കൾ വ്യാപകമായി ഇടിച്ചുനിരപ്പാക്കുന്ന സംഭവത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കുറ്റകൃത്യങ്ങൾ തടയാനെന്ന പേരിൽ മുസ്ലിംകളടങ്ങുന്ന ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള തന്ത്രമാണിതെന്നും അപകടകരമായ രാഷ്ട്രീയമാണിതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.

ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ മൗലാന അർഷദ് മദനിയാണ് സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചത്. കോടതിയുടെ അനുമതിയില്ലാതെ ഒരാളുടെയും വീടും കടയും തകർക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്ന് ഹരജിയിൽ കോടതിയോട് ആവശ്യപ്പെട്ടു. ബുൾഡോസർ രാഷ്ട്രീയം നേരത്തെ തന്നെ ഉത്തർപ്രദേശിൽ തുടർന്നുവരുന്നുണ്ട്. ഇപ്പോൾ ഈ ഹീനകൃത്യം ഗുജറാത്തിലും മധ്യപ്രദേശിലുമെല്ലാം ആരംഭിച്ചിരിക്കുകയാണെന്നും ഹരജിയിൽ കുറ്റപ്പെടുത്തി.

''പ്രകോപനപരമായ മുദ്രാവാക്യങ്ങൾക്കു പിന്നാലെയാണ് മധ്യപ്രദേശിലെ ഖാർഗോണിൽ കലാപങ്ങൾക്കു തുടക്കമായത്. ഇതിനു പിന്നാലെ സർക്കാരിന്റെ ഉത്തരവിൽ മുസ്ലിം വീടുകളും കടകളുമെല്ലാം തകർക്കപ്പെട്ടിരിക്കുകയാണ്. മറുവശത്ത് മധ്യപ്രദേശ് സർക്കാർ ഈ ക്രൂരനടപടിയെ ന്യായീകരിക്കുകയും ചെയ്യുന്നു''-ഹരജിയിൽ ചൂണ്ടിക്കാട്ടി.

കേന്ദ്രസർക്കാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് സർക്കാരുകളെ പ്രതികളാക്കിയാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലുമായി ചേർന്ന് സരിം നവേദ് ആണ് ഹരജി സുപ്രിംകോടതിയിൽ സമർപ്പിച്ചത്. അടിയന്തരമായി പരിഗണിക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

Summary: Jamiat Ulama-i-Hind moves SC against bull-dozing of Muslims' properties

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News