'ഞാൻ സിപ് ലൈനിൽ നിന്നിറങ്ങിയപ്പോൾ അടുത്ത് തോക്ക് പിടിച്ചു ഒരാൾ നിൽക്കുന്നുണ്ടായിരുന്നു, പട്ടാളക്കാരനാണെന്നാണ് വിചാരിച്ചത്'; ഭയപ്പെടുത്തുന്ന ഓര്‍മകളിൽ ദൃക്സാക്ഷികൾ
രണ്ടരയോടു കൂടിയാണ് പെഹൽഗാം താഴ്വരയിൽ ഭീകരർ സഞ്ചാരികൾക്ക് നേരെ വെടിയുതുർക്കുന്നത്
ശ്രീനഗര്‍: ഭീകരാക്രമണത്തിന്‍റെ ഞെട്ടിക്കുന്ന അനുഭവങ്ങളാണ് ദൃക്സാക്ഷികൾ പങ്കുവെക്കുന്നത്. ഭീകരർ സൈനിക യൂണിഫോം ധരിച്ചാണ് എത്തിയതെന്ന് ദൃക്സാക്ഷികൾ മീഡിയവണിനോട് പറഞ്ഞു. താഴ്വരയിലേക്ക് എത്തിയ ഭീകരവാദികൾ സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു.
രണ്ടരയോടു കൂടിയാണ് പെഹൽഗാം താഴ്വരയിൽ ഭീകരർ സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുന്നത്. ആക്രമണത്തിന്‍റെ ഭയപ്പെടുത്തുന്ന ഓർമകളാണ് സഞ്ചാരികൾ വിശദീകരിക്കുന്നത്. സൈനിക യൂണിഫോമിൽ എത്തിയ ഭീകരർ സഞ്ചാരികളുമായി സംസാരിച്ചതിനുശേഷം വെടിയുതിർക്കുകയായിരുന്നു.
സൈനിക യൂണിഫോമിൽ തോക്കും പിടിച്ചൊരാളെ താൻ കണ്ടുവെന്ന് ദൃക്സാക്ഷിയായ നിഹാൽ പറഞ്ഞു. ഒരാൾ വെടിയേറ്റു കിടക്കുന്നതും കണ്ടു. എകെ റൈഫിളായിരുന്നു വെടിവച്ചയാളുടെ കയ്യിലുണ്ടായിരുന്നത്. തങ്ങൾ സിപ് ലൈനിൽ കയറാൻ നിൽക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്നും നിഹാൽ വ്യക്തമാക്കി. പിന്നെ തങ്ങൾ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടുവെന്നും കൂട്ടിച്ചേര്‍ത്തു.
താൻ സിപ്‍ലൈനിൽ നിന്നിറങ്ങിയപ്പോൾ തന്‍റെ അടുത്ത് ഒരാൾ തോക്കും പിടിച്ചുനിൽക്കുന്നത് കണ്ടുവെന്ന് ദൃക്സാക്ഷിയായ മലയാളി വനിത പ്രതികരിച്ചു.'' കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ വെടിയേറ്റ് വീണുകിടക്കുന്നതും കണ്ടു. എന്‍റെ തൊട്ടടുത്താണ് സൈനിക യൂണിഫോം ധരിച്ച ആളുണ്ടായിരുന്നത്. അയാൾ പട്ടാളക്കാരനാണെന്നാണ് ഞങ്ങൾ കരുതിയത്. കശ്മീരികളല്ലെന്നാണ് തോന്നിയത്. താടിയൊന്നുമുണ്ടായിരുന്നില്ല'' ദൃക്സാക്ഷി വ്യക്തമാക്കി.
ദൃക്സാക്ഷികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആക്രമണം നടത്തിയ ഭീകരവാദികളുടേതെന്ന് സംശയിക്കുന്ന രേഖചിത്രങ്ങളും അന്വേഷണസംഘം പുറത്തു വിട്ടിട്ടുണ്ട്. ചിത്രങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.