എൽജെപി നോട്ടമിട്ട സീറ്റുകളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ജെഡിയു: എൻഡിഎയിൽ വീണ്ടും അതൃപ്തി

നേരത്തെ സീറ്റ് വിഭജനം പൂർത്തിയാക്കിയെങ്കിലും എൻഡിഎയിൽ ഇപ്പോഴും അതൃപ്തിയുണ്ടെന്ന് തെളിയിക്കുന്നതായി ജെഡിയുവിന്റെ സ്ഥാനാർഥി പ്രഖ്യാപനം.

Update: 2025-10-15 10:16 GMT
Editor : rishad | By : Web Desk

ചിരാഗ് പാസ്വന്‍- നിതീഷ് കുമാര്‍  Photo-ANI

പറ്റ്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ജനതാദള്‍ യുണൈറ്റഡ് (ജെഡിയു). 57 പേരടങ്ങുന്ന സ്ഥാനാർഥി പട്ടികയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചത്. ചിരാഗ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടി(എല്‍ജെപി) കണ്ണുവെച്ച സിറ്റുകളിലടക്കം ജെഡിയു സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ സീറ്റ് വിഭജനം പൂർത്തിയാക്കിയെങ്കിലും എൻഡിഎയിൽ ഇപ്പോഴും അതൃപ്തിയുണ്ടെന്ന് തെളിയിക്കുന്നതായി ജെഡിയുവിന്റെ സ്ഥാനാർഥി പ്രഖ്യാപനം. നീണ്ട ചർച്ചകൾക്കൊടുവിലാണ് എൻഡിഎയിൽ സീറ്റ് വിഭജനം പൂർത്തിയാക്കിയത് തന്നെ. 101 വീതം സീറ്റുകളിൽ ബിജെപിയും ജെഡിയുവും മത്സരിക്കുമ്പോൾ ബാക്കിയുള്ള സീറ്റുകളാണ് എൽജെപിക്കും ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച,  ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ച എന്നിവര്‍ക്കായി വിഭജിച്ചത്.

Advertising
Advertising

ഇതിൽ 29 സീറ്റുകളിലാണ് എൽജെപി മത്സരിക്കുക. ഈ 29 സീറ്റുകൾ ഏതൊക്കെയെന്ന് ഉറപ്പിച്ചിരുന്നില്ല. ചില മണ്ഡലങ്ങളില്‍ എല്‍ജെപിക്ക് താല്‍പര്യമുണ്ടായിരുന്നു. ഇവിടെ കൂടിയാണ് ജെഡിയു സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മോര്‍വ, സോന്‍ബര്‍സ, രാജ്ഗിര്‍, ഗായ്ഘട്ട്, മതിഹാനി എന്നിവയാണ് ഇരുപാര്‍ട്ടികളും നോട്ടമിട്ടിരുന്നത്. 2020ലെ തെരഞ്ഞെടുപ്പില്‍ മോര്‍വയിലും ഗായ്ഘട്ടിലും ആര്‍ജെഡിയും രാജ്ഗിറിലും സോന്‍ബര്‍സയിലും ജെഡിയുവുമാണ് വിജയിച്ചത്. മതിഹാനിയില്‍ ലോക് ജന്‍ശക്തി പാര്‍ട്ടിയുടെ രാജ്കുമാര്‍ സിംഗ് വിജയിച്ചെങ്കിലും പിന്നീട് അദ്ദേഹം ജെഡിയുവിലേക്ക് കൂറുമാറുകയും ചെയ്തിരുന്നു.

സോൻബർസ മണ്ഡലത്തില്‍ നിന്നും രത്നേഷ് സാദ, മോർവയിൽ നിന്ന് വിദ്യാസാഗർ നിഷാദ്, എക്മയിൽ നിന്ന് ധുമൽ സിംഗ്, രാജ്ഗിറിൽ നിന്ന് കൗശൽ കിഷോർ, മതിഹാനിയിൽ നിന്ന് രാജ്കുമാർ സിംഗ്, ഗൈഘട്ടിൽ നിന്ന് കോമൾ സിംഗ് എന്നിവരാണ് ജെഡിയു പട്ടികയില്‍ ഇടം നേടിയ പ്രമുഖര്‍.

അതേസമയം ജെഡിയുവിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോട് എല്‍ജെപി പ്രതികരിച്ചിട്ടില്ല. ബിഹാറിലെ ആദ്യ ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഒക്ടോബർ 17 ആണ്. നവംബർ 6 നും 11 നും ആണ് ബിഹാറിൽ വോട്ടെടുപ്പ് നടക്കുക. നവംബർ 14 ന് ഫലം പ്രഖ്യാപിക്കും. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News