മേവാനിക്ക് ജയിൽ ശിക്ഷ യൂണിവേഴ്സിറ്റി നിയമ ഭവന് അംബേദ്കറുടെ പേരിടണമെന്ന് ആവശ്യപ്പെട്ടതിന്

ജി​ഗ്നേഷ് മേവാനിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ദലിത് അധികാർ മഞ്ചായിരുന്നു സമരം നടത്തിയത്.

Update: 2022-09-16 15:00 GMT
Advertising

ദലിത് നേതാവും ​ഗുജറാത്തിലെ വദ്​ഗാം എം.എൽ.എയുമായ ജി​ഗ്നേഷ് മേവാനിക്ക് തടവ് ശിക്ഷ വിധിച്ചത് സർവകലാശാലയിലെ കെട്ടിടത്തിന് അംബേദ്കറുടെ പേരിടണം എന്നാവശ്യപ്പട്ട് പ്രതിഷേധിച്ചതിന്. 2016 നവംബർ 15നായിരുന്നു ഗുജറാത്ത് സർവകലാശാലയുടെ നിയമഭവൻ കെട്ടിടത്തിന് അംബേദ്കറുടെ പേരിടണമെന്ന് ആവശ്യപ്പെട്ട് മേവാനിയടക്കമുള്ളവർ ഗുജറാത്ത് യൂണിവേഴ്‌സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ വിജയ് ക്രോസ് റോഡ് ഉപരോധിച്ചത്.

യൂണിവേഴ്സിറ്റിയിൽ നിർമാണത്തിലിരിക്കുന്ന നിയമ ഭവൻ കെട്ടിടത്തിന് ഭരണഘടനാ ശിൽപിയായ അംബേദ്കറുടെ പേര് നല്‍കണമെന്നും സർവകലാശാലയിൽ അംബേദ്കർ പ്രതിമ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജി​ഗ്നേഷ് മേവാനിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ദലിത് അധികാർ മഞ്ചായിരുന്നു സമരം നടത്തിയത്. മേവാനിയാണ് സമരത്തിന് നേതൃത്വം നല്‍കിയത്. 

അന്ന് ബിജെപി നേതാവായ വിജയ് രൂപാനിയായിരുന്നു മുഖ്യമന്ത്രി. പ്രതിഷേധവുമായി ബന്ധപ്പെട്ട് മേവാനി, മറ്റു നേതാക്കളായ രാകേഷ് മഹേരിയ, സുബോധ് പർമർ, ദീക്ഷിത് പർമർ അടക്കം 20 പേർ അറസ്റ്റ് ചെയ്യപ്പെട്ടു. ഇതിലൊരാൾ പിന്നീട് മരണപ്പെട്ടു. കലാപം സൃഷ്ടിക്കല്‍, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങളാണ് മേവാനിക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കും എതിരെ ചുമത്തിയത്.

കേസിൽ ആറ് വർഷത്തിനു ശേഷമാണ് ശിക്ഷ വിധിക്കുന്നത്. അഹമ്മദാബാദിലെ മോട്രോ പൊളിറ്റന്‍ കോടതിയാണ് മേവാനിക്ക് ആറ് മാസം തടവുശിക്ഷ വിധിച്ചത്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പി എൻ ഗോസ്വാമിയാണ് വിധി പ്രസ്താവിച്ചത്. ആറു മാസം തടവിനൊപ്പം 700 രൂപ പിഴയും വിധിച്ചിട്ടുണ്ട്. മേവാനിയെ കൂടാതെ അന്ന് അറസ്റ്റിലായ 18 പേര്‍ക്കും കോടതി ശിക്ഷ വിധിച്ചു.

അനുമതിയില്ലാതെ റാലി നടത്തിയതിന് 2017ൽ രജിസ്റ്റർ ചെയ്ത കേസിൽ മെഹ്‌സാന ജില്ലയിലെ മജിസ്‌റ്റീരിയൽ കോടതി മേവാനിക്കും മറ്റ് ഒമ്പത് പേർക്കും മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ കേസിൽ ഗുജറാത്തിന് പുറത്തേക്ക് അനുമതിയില്ലാതെ യാത്ര ചെയ്യുന്നത് കോടതി വിലക്കുകയും ചെയ്തിരുന്നു.

ഇതു കൂടാതെ, ഈ വര്‍ഷം ഏപ്രിലിൽ രണ്ട് ട്വീറ്റുകളുടെ പേരില്‍ അസം പൊലീസും മേവാനിയെ അറസ്റ്റ് ചെയ്തിരുന്നു. ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ വർഗീയ സംഘർഷങ്ങൾക്കെതിരെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി അഭ്യർഥിക്കണമെന്നായിരുന്നു ട്വീറ്റ്. ഇതിന്റെ പേരിൽ ക്രിമിനൽ ഗൂഢാലോചന, രണ്ട് സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

അതേസമയം, കോടതി വിധി സ്വാ​ഗതം ചെയ്യുന്നതായി പറഞ്ഞ മേവാനി, "ഗുജറാത്ത് സർക്കാർ ബലാത്സംഗികളെ ജയിലിൽ നിന്ന് മോചിപ്പിച്ചു. അവരെ ഹാരമണിയിച്ചു. അവരുടെ സ്വഭാവം വളരെ മികച്ചതാണെന്ന് പറഞ്ഞു. ഗുജറാത്ത് ബി.ജെ.പി അധ്യക്ഷൻ സി.ആർ പാട്ടീലിനെതിരെ 108 കേസുകൾ ഉണ്ട്. എന്നാൽ ഒരു കേസിലും അദ്ദേഹം ശിക്ഷിക്കപ്പെട്ടില്ല. ബാബാ സാഹിബ് അംബേദ്കറുടെ പേരിൽ ഒരു കെട്ടിടം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റാലി നടത്തിയതിന് ഞങ്ങള്‍ക്ക് ആറ് മാസത്തെ തടവ് വിധിച്ചിരിക്കുന്നു" എന്നും ചൂണ്ടിക്കാട്ടി.

ഈ ആഴ്ച ആദ്യം അഹമ്മദാബാദിൽ ഒരു പൊതുയോഗത്തിനിടെ ജിഗ്നേഷ് മേവാനി ആക്രമിക്കപ്പെട്ടിരുന്നു. മുൻ സംസ്ഥാന ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജയുടെ ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് ജിഗ്നേഷ് മേവാനിയുടെ ടീം ട്വീറ്റിലൂടെ പറഞ്ഞിരുന്നു. മേവാനിയും പട്ടികജാതി വകുപ്പ് ചെയർമാൻ ഹിതേന്ദ്ര പിതാഡിയയുമാണ് അഹമ്മദാബാദിലെ വസ്ത്രാലിലുള്ള നർമദ അപ്പാർട്ട്‌മെന്റിലെ യോഗത്തിന് എത്തിയത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News