ആശുപത്രി എപ്പോൾ തുറക്കുമെന്ന ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകയോട് അശ്ലീല പരാമര്‍ശം; കോൺഗ്രസ് എംഎൽഎ വിവാദത്തിൽ

ഉത്തര കന്നഡയിലെ ഹാലിയാലിലെ എംഎൽഎയും മുൻ മന്ത്രിയുമാണ് ദേശ്പാണ്ഡെ

Update: 2025-09-03 07:21 GMT
Editor : Jaisy Thomas | By : Web Desk

ബംഗളൂരു: വാര്‍ത്താസമ്മേളനത്തിനിടെ വനിതാ മാധ്യമപ്രവര്‍ത്തകയോട് അശ്ലീല പരാമര്‍ശവുമായി കോൺഗ്രസ് നേതാവ്. കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവായ ആര്‍.വി ദേശ്പാണ്ഡെയുടെ പരാമര്‍ശമാണ് വിവാദമായത്. ഉത്തര കന്നഡയിലെ ഹാലിയാലിലെ എംഎൽഎയും മുൻ മന്ത്രിയുമാണ് ദേശ്പാണ്ഡെ.

''ജോയ്‌ഡ താലൂക്കിലെ ആശുപത്രി എപ്പോൾ തുറക്കുമെന്നും പ്രത്യേകിച്ച് ഗർഭിണികൾ, അത്തരമൊരു ആശുപത്രിയുടെ അഭാവം മൂലം ബുദ്ധിമുട്ടുന്നുവെന്നും'' വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തക എംഎൽഎയോട് ചോദിച്ചു. "(ഒരു കുഞ്ഞ് ജനിക്കേണ്ട) സമയമാകുമ്പോൾ, നിനക്കുവേണ്ടി ഞാൻ ഒന്ന് ചെയ്തു തരാം" എന്നായിരുന്നു ദേശ്പാണ്ഡെയുടെ മറുപടി. ദേശ്പാണ്ഡെയുടെ പരാമർശം സ്ത്രീകളുടെ അന്തസിനോടുള്ള അപമാനമാണെന്ന് വിശേഷിപ്പിച്ച് മാധ്യമങ്ങളിൽ നിന്നും രാഷ്ട്രീയ നേതാക്കളിൽ നിന്നും പ്രതിഷേധം ഉയർന്നിട്ടുണ്ട്. കോൺഗ്രസ് നേതാവ് ഉടൻ മാധ്യമപ്രവര്‍ത്തകയോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.

Advertising
Advertising

"ഒരു മുതിർന്ന നിയമസഭാംഗമെന്ന നിലയിൽ ദേശ്പാണ്ഡെയുടെ പരാമർശം അനുചിതം മാത്രമല്ല, അങ്ങേയറ്റം അപമാനകരവുമാണ്," ഒരു മാധ്യമ സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി. "ഇത്തരം പരാമർശങ്ങൾ മാധ്യമപ്രവര്‍ത്തനമെന്ന തൊഴിലിനെ അപമാനിക്കുകയും സ്ത്രീകളുടെ ആശങ്കകളെ നിസ്സാരവൽക്കരിക്കുകയും ചെയ്യുന്നു. നമ്മുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ അന്തസ്സ് ഉയർത്തിപ്പിടിച്ച് മാതൃക കാണിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," പ്രസ്താവനയിൽ പറയുന്നു. കോൺഗ്രസ് നേതാവിനെതിരെ ആഞ്ഞടിച്ച ജനതാദൾ സെക്കുലർ, "നേതാവിന്‍റെ അഹങ്കാരപരമായ വാക്കുകൾ സ്ത്രീകളുടെ അന്തസ്സിനെ അപമാനിക്കുന്നതാണ്" എന്ന് ചൂണ്ടിക്കാട്ടി.

"സർ, എന്തൊരു നിന്ദ്യമായ മാനസികാവസ്ഥയാണിത്? ജില്ലയ്ക്കായി ഒരു സൂപ്പർ-സ്പെഷ്യാലിറ്റി ആശുപത്രി ആവശ്യപ്പെട്ട ഒരു മുതിർന്ന പത്രപ്രവർത്തകയോട്, "ഇത് നിങ്ങളുടെ പ്രസവമായിരിക്കട്ടെ" എന്ന് നിങ്ങൾ മറുപടി നൽകുന്നു? ഇതാണോ നിങ്ങൾ സ്ത്രീകളോട് കാണിക്കുന്ന ബഹുമാനം? ഒരു മുതിർന്ന നിയമസഭാംഗം എന്ന നിലയിൽ, മിസ്റ്റർ ദേശ്പാണ്ഡെ, നിങ്ങളുടെ ധാർഷ്ട്യമുള്ള വാക്കുകൾ സ്ത്രീകളുടെ അന്തസ്സിനെ അപമാനിക്കുന്നതാണ്. ആ വനിതാ പത്രപ്രവർത്തകയോട് ഉടൻ ക്ഷമ ചോദിക്കുക," ജെഡിഎസ് എക്‌സിൽ പോസ്റ്റ് ചെയ്തു.

പാർട്ടി വക്താവ് ഷെഹ്‌സാദ് പൂനവല്ലയും ദേശ്പാണ്ഡെയെ വിമർശിച്ച് രംഗത്തെത്തി. വനിതാ അവകാശ സംഘടനകളും പരാമര്‍ശത്തിനെതിരെ പ്രതിഷേധിച്ചു. “ഒരു പുരുഷ പത്രപ്രവർത്തകന് ഇത്തരമൊരു മറുപടി നൽകുമായിരുന്നോ? പ്രൊഫഷണൽ ഇടങ്ങളിൽ പോലും സ്ത്രീകൾ ദൈനംദിനം നേരിടുന്ന ലൈംഗികാതിക്രമത്തെ ഇത് പ്രതിഫലിപ്പിക്കുന്നു,” ഒരു ആക്ടിവിസ്റ്റ് അഭിപ്രായപ്പെട്ടു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News