കർണാടക ഡിജിപി പ്രവീൺ സൂദ് പുതിയ സിബിഐ ഡയറക്ടർ

രണ്ട് വർഷത്തേക്കാണ് നിയമനം, 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്

Update: 2023-05-14 12:02 GMT

ബെംഗളൂരു: കർണാടക ഡിജിപി പ്രവീൺ സൂദിനെ സിബിഐ ഡയറക്ടറായി നിയമിച്ചു. രണ്ട് വർഷത്തേക്കാണ് നിയമനം. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. സുബോധ് കുമാർ ജയ്‌സ്വാൾ ആണ് നിലവിലെ സിബിഐ ഡയറക്ടർ. ഇദ്ദേഹത്തിന്റ കാലാവധി മെയ് 25ന് അവസാനിക്കും.

ഐഐടി ഡൽഹിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ സൂദ് 1989ൽ മൈസുരുവിലെ അസി.പൊലീസ് സൂപ്രണ്ട് ആയാണ് തന്റെ സേവനമാരംഭിക്കുന്നത്. തുടർന്ന് ബെല്ലാരി, റായ്ചൂർ എന്നിവിടങ്ങളിൽ പൊലീസ് സൂപ്രണ്ട് ആയും ബെംഗളൂരു സിറ്റിയിൽ ഡെപ്യൂട്ടി കമ്മിഷണർ ആയും സേവനമനുഷ്ഠിച്ചു. കർണാടക സർക്കാരിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന സൂദ് 2020ലാണ് ഡിജിപിയായി നിയമിതനാകുന്നത്.

Advertising
Advertising

പ്രവീൺ സൂദിനെ സിബിഐ ഡയറക്ടറായി നിയമിക്കുന്നതിനെ കോൺഗ്രസ് എതിർത്തിരുന്നു. സൂദ് കർണാടകയിൽ ബിജെപിക്ക് കുട പിടിക്കുന്നു എന്നായിരുന്നു ഡികെ ശിവകുമാറിന്റെ ആരോപണം. അയോഗ്യൻ എന്നായിരുന്നു സൂദിനെക്കുറിച്ച് ശിവകുമാറിന്റെ പരാമർശം.

പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന ഉന്നതതല സമിതി യോഗത്തിനു ശേഷമാണ് ഇവരുടെ പേരുകൾ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. എന്നാൽ,പ്രവീണ്‍ സൂദിനെതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എത്തിയിരുന്നു.


Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News