കശ്‌മീർ ടൈംസിൻ്റെ ജമ്മുവിലെ ഓഫീസിൽ റെയ്‌ഡ്
നിശ്ശബ്ദരാക്കാനുള്ള മറ്റൊരു ശ്രമമാണ് ഓഫീസിലെ പരിശോധനകളെന്ന് കശ്മീർ ടൈംസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു
ശ്രീനഗര്‍: ജമ്മുവിലെ കശ്മീര്‍ ടൈംസ് പത്രത്തിന്റെ ഓഫീസില്‍ റെയ്ഡ് നടത്തി സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എസ്ഐഎ).
രാജ്യത്തിന്റെ പരമാധികാരത്തിന് ഹാനികരമായ ഉള്ളടക്കം പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് ജമ്മുവിലെ റെസിഡന്‍സി റോഡില്‍ സ്ഥിതി ചെയ്യുന്ന പത്രത്തിന്റെ ഓഫീസില്‍ എസ്‌ഐഎ റെയ്ഡ് നടത്തിയത്.
പത്രത്തിനും അതിന്റെ പ്രമോട്ടര്‍മാര്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് എസ്‌ഐഎ ഉദ്യോഗസ്ഥര്‍ പത്രത്തിന്റെ ഓഫീസിലും കമ്പ്യൂട്ടറുകളിലും വിശദമായ പരിശോധന നടത്തിയത്.
റെയ്‌ഡിനെതിരെ പിഡിപി രംഗത്ത് എത്തി. സമ്മർദത്തിനും ഭീഷണിക്കും വഴങ്ങത്ത അപൂർവം പത്രങ്ങളിൽ ഒന്നാണ് കശ്മീർ ടൈംസ് എന്ന് പിഡിപി പറഞ്ഞു. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നത് വ്യാജ ആരോപണമാണ്, കശ്മീരിൽ സത്യത്തിന്റെ എല്ലാ വഴികളും ദേശവിരുദ്ധമെന്ന് പറഞ്ഞു ഞെരുക്കപ്പെടുകയാണ്. നമ്മളെല്ലാം ദേശവിരുദ്ധരാണോയെന്നും പിഡിപി നേതാവ് ഇൽത്തിജ മുഫ്തി ചോദിച്ചു.
അതേസമയം, തങ്ങളെ നിശ്ശബ്ദരാക്കാനുള്ള മറ്റൊരു ശ്രമമാണ് ഓഫീസിലെ പരിശോധനകളെന്ന് കശ്മീര്‍ ടൈംസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
''വിമര്‍ശനാത്മക ശബ്ദങ്ങള്‍ കുറഞ്ഞുവരുന്ന ഒരു കാലഘട്ടത്തില്‍, അധികാരത്തോട് സത്യം പറയാന്‍ തയ്യാറുള്ള ചുരുക്കം ചില സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങളില്‍ ഒന്നായി ഞങ്ങള്‍ നിലകൊള്ളുന്നു. ആ ജോലി തുടരുന്നതുകൊണ്ടാണ് അവര്‍ കൃത്യമായി ഞങ്ങളെ ലക്ഷ്യമിടുന്നത്. ഞങ്ങള്‍ക്ക് നേരെയുള്ള ആരോപണങ്ങള്‍ ഭയപ്പെടുത്താനും, നിയമസാധുത ഇല്ലാതാക്കാനും, ഒടുവില്‍ നിശബ്ദരാക്കാനും വേണ്ടിയുള്ളതാണ്. പക്ഷേ, ഇതുകൊണ്ടൊന്നും ഞങ്ങള്‍ നിശബ്ദരാകില്ല''- കശ്മീര്‍ ടൈംസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.