വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തിയ ഉത്തരവ് ഭാഗികമായി റദ്ദാക്കി

സുപ്രിംകോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ രാത്രി 10 മുതൽ രാവിലെ 6 വരെ വെടിക്കെട്ടിനുള്ള നിയന്ത്രണം തുടരും

Update: 2023-11-07 08:18 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

കൊച്ചി: സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഭാഗികമായി റദ്ദാക്കി. സുപ്രിംകോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ രാത്രി 10 മുതൽ രാവിലെ 6 വരെ വെടിക്കെട്ടിനുള്ള നിയന്ത്രണം തുടരും. എന്നാൽ സമയക്രമം സംബന്ധിച്ച് അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സർക്കാറിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വെടിക്കോപ്പുകൾ റെയ്ഡ് നടത്തി പിടിച്ചെടുക്കണമെന്ന ഉത്തരവും ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്.

അസമയത്തെ വെടിക്കെട്ട് നിരോധിച്ച ജസ്റ്റിസ് അമിത് റാവലിൻ്റെ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് ഭാഗികമായി റദ്ദാക്കിയത്. സർക്കാർ നൽകിയ അപ്പീലിൽ വിശദമായി വാദം കേട്ട ഡിവിഷൻ ബെഞ്ച് വെട്ടിക്കെട്ടുമായി ബന്ധപ്പെട്ട സമയക്രമത്തിലും വ്യക്തത വരുത്തി. സുപ്രിംകോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ രാത്രി 10 മുതൽ രാവിലെ 6 വരെ വെടിക്കെട്ടിനുള്ള നിരോധനം തുടരും. എന്നാൽ സംസ്ഥാനത്തെ ആരാധനാലയങ്ങളുടെ ആചാരങ്ങൾ പരിഗണിച്ച് സർക്കാരിന് ഇക്കാര്യത്തിൽ ഇളവുകൾ നൽകാം. എല്ലാ ജില്ലകളിലെയും ആരാധനാലയങ്ങളിൽ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന വെടിക്കോപ്പുകൾ പിടിച്ചെടുക്കാനുള്ള സിംഗിൾ ബെഞ്ച് നിർദേശം ഡിവിഷൻ ബെഞ്ച് റദ്ദാക്കി.

നാലാഴ്ചയ്ക്കുള്ളിൽ കേസിലെ എല്ലാ എതിർകക്ഷികളും സത്യവാങ്മൂലം നൽകണം. ഇക്കാര്യം പരിശോധിച്ച് സിംഗിൾബെഞ്ച് നിയമാനുസൃതം കേസുകൾ തീർപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് എ ജെ ദേശായി, ജസ്റ്റിസ് വിജി അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.അതേസമയം സുപ്രിംകോടതി ഉത്തരവിന്‍റെ സംരക്ഷണം ഉള്ളതിനാൽ തൃശൂർ പൂരത്തെ ഉത്തരവ് ബാധിക്കില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി

മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലും പരിസരത്തുമുള്ള വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികൾ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ച് അസമയത്തെ വെടിക്കെട്ട് നിരോധിച്ച് ഉത്തരവിറക്കിയത്.ഇത് ഹരജിയുടെ പരിധിക്ക് പുറത്ത് വരുന്ന ഉത്തരവാണെന്നായിരുന്നു സർക്കാരിൻ്റെ വാദം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News