കൊൽക്കത്ത: ഒരു ജോലിയും ചെയ്തില്ലെങ്കിലും ഓഫീസിലെ ഗുഡ് ലിസ്റ്റിൽ ഇടംപിടിക്കുന്ന ജീവനക്കാരുണ്ട്. എന്നാൽ നന്നായി ജോലി ചെയ്തിട്ടും ഒരു പരിഗണനയും ലഭിക്കാത്തവരുമുണ്ട്. അങ്ങനെ ലോകത്തിലെ ഏത് തൊഴിലിടം നോക്കിയാലും അവിടെ അസംതൃപ്തരും പൂര്‍ണ തൃപ്തരായ ജീവനക്കാരുമുണ്ടാകും. ജോലിസ്ഥലത്തെ പീഡനത്തെക്കുറിച്ച് പലരും തങ്ങളുടെ അനുഭവങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. തിരക്കേറിയ ഓഫീസിൽ ജോലിഭാരം കുറയ്ക്കുന്നതിനായി താൻ പ്രയോഗിച്ച തന്ത്രത്തെക്കുറിച്ചാണ് കൊൽക്കത്ത സ്വദേശി ഷെയര്‍ ചെയ്തത്. ഇത് വ്യാപകമായ ചര്‍ച്ചകൾക്ക് വഴിവയ്ക്കുകയും ചെയ്തു.
നഗരത്തിലെ വലിയൊരു അക്കൗണ്ടിങ്, ഓഡിറ്റിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് ഉപയോക്താവ്. ജോലിഭാരം കുറയ്ക്കാൻ ഓഫീസിൽ താൻ മണ്ടനും രോഗിയാണെന്നും അഭിനയിച്ചുവെന്ന് ഇദ്ദേഹം പറയുന്നു. '' ഓഫീസിൽ ഒരു മണ്ടനെപ്പോലെയാണ് ഞാൻ പെരുമാറുന്നത്. രോഗിയാണെന്ന തരത്തിൽ അഭിനയിക്കുന്നു. രോഗിയാണെന്ന് കാണിക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നു. സഹപ്രവര്‍ത്തകര്‍ എന്നോട് സംസാരിക്കുമ്പോൾ കുടുംബ പ്രാരാബ്ദങ്ങൾ, ഇഎംഐ, ലോൺ, ആളുകൾ സംസാരിക്കാൻ ഇഷ്ടപ്പെടാത്ത മറ്റ് വിഷയങ്ങൾ എന്നിവയെക്കുറിച്ച് പറയും'' തന്‍റെ ട്രിക്കിന് ഫലമുണ്ടായതായും സഹപ്രവര്‍ത്തകര്‍ക്ക് തന്നോട് സഹതാപം തോന്നുകയും മറ്റുള്ളവരെ അപേക്ഷിച്ച് കുറച്ച് ജോലി മാത്രം നൽകുകയും ചെയ്തതായി ഉപയോക്താവ് എക്സിൽ കുറിച്ചു.
'' എന്നെക്കുറിച്ച് അവര്‍ക്ക് അമിത പ്രതീക്ഷകളില്ല. എന്നാൽ എന്നെ ഏൽപ്പിച്ച എല്ലാം ജോലികളും ഞാൻ കൃത്യമായി ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ മോശം അവസ്ഥയിലാണെങ്കിൽ പോലും എനിക്ക് ഉത്തരവാദിത്ത ബോധമുണ്ടെന്ന് അവര്‍ക്ക് തോന്നും'' എന്നും ജീവനക്കാരൻ കൂട്ടിച്ചേര്‍ത്തു. "ഇതിന്‍റെ ദോഷങ്ങൾ എന്തൊക്കെയാണെന്ന് ആർക്കെങ്കിലും പറയാമോ?" എന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹം ട്വീറ്റ് അവസാനിപ്പിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങളാണ് ഇതിന് ലഭിച്ചത്.
ചിലർക്ക് ആ കൊൽക്കത്തക്കാരന്‍റെ പ്രവൃത്തിയിൽ മതിപ്പു തോന്നിയപ്പോൾ, മറ്റു ചിലർ ഈ രീതി അദ്ദേഹത്തിന്‍റെ ദീർഘകാല കരിയർ സാധ്യതകളെ ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി. സ്റ്റാര്‍ട്ടപ്പുകളും കോര്‍പറേറ്റുകളും ജെൻസികളെ നിയമിക്കാൻ താൽപര്യം പ്രകടിപ്പിക്കാത്തത് ഇതുകൊണ്ടാണെന്നായിരുന്നു നെറ്റിസൺസിന്‍റെ പ്രതികരണം.
അതേസമയം തന്‍റെ കുടുംബത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഒരിക്കലും നുണ പറഞ്ഞിട്ടില്ലെന്നും, ജീവിതത്തിലെ നെഗറ്റീവ് വശങ്ങൾ എടുത്തുകാണിക്കുകയായിരുന്നുവെന്നും ജീവനക്കാരൻ സ്വയം ന്യായീകരിച്ചു. “സുഹൃത്തുക്കളേ! എന്നെ തെറ്റിദ്ധരിക്കരുത്, ഞാൻ ഒരിക്കലും നുണ പറഞ്ഞിട്ടില്ല! എനിക്ക് കുടുംബ ഉത്തരവാദിത്തങ്ങളുണ്ട്. എനിക്ക് കടുത്ത ആസ്മയുണ്ട്, എന്‍റെ മാതാപിതാക്കൾ എനിക്ക് കടം തരുന്നു. ഒരുപക്ഷേ ഞാൻ മണ്ടനായിരിക്കാം, അതിനാൽ സാങ്കേതികമായി എല്ലാം സത്യമാണ്”. ആറ് മാസം മുമ്പ് താൻ ഉപയോഗിച്ചിരുന്ന ഒരു തന്ത്രമാണിതെന്ന് അദ്ദേഹം പറയുന്നു. രണ്ട് മാസത്തോളം ഈ തന്ത്രം പരീക്ഷിച്ചുവെന്നും എന്നാൽ മൂന്ന് മാസത്തിൽ കൂടുതൽ ഇത് പിന്തുടര്‍ന്നാൽ പിരിച്ചുവിടുമെന്നും ജീവനക്കാരൻ പറയുന്നു.