കർണാടക ബിജെപി സർക്കാരിനെതിരെ അഴിമതി ആരോപണവുമായി 13,000 സ്കൂളുകളുടെ അസോസിയേഷൻ; പ്രധാനമന്ത്രിക്ക് കത്തയച്ചു

സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിന് ഒന്നിലധികം പരാതികളും നിവേദനങ്ങളും നൽകിയിട്ടും പരി​ഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ അവർ മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ടു.

Update: 2022-08-27 11:28 GMT
Advertising

കർണാടകയിലെ ബിജെപി സർക്കാരിനെതിരെ വൻ അഴിമതി ആരോപണവുമായി 13,000 സ്‌കൂളുകളെ പ്രതിനിധീകരിക്കുന്ന രണ്ട് അസോസിയേഷനുകൾ. ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരെ അഴിമതി ആരോപിച്ച് രണ്ട് സംഘടനകളും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു.

പ്രൈമറി, സെക്കൻഡറി സ്‌കൂളുകൾ മാനേജ്‌മെന്റ് അസോസിയേഷനും രജിസ്റ്റേർഡ് അൺ എയ്ഡഡ് പ്രൈവറ്റ് സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷനുമാണ് കത്തയച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകുന്നതിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കൈക്കൂലി ആവശ്യപ്പെടുന്നത് അന്വേഷിക്കണമെന്ന് ഇരു അസോസിയേഷനുകളും പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.

അശാസ്ത്രീയവും യുക്തിരഹിതവും വിവേചനപരവുമായ മാനദണ്ഡങ്ങൾ അൺ എയ്ഡഡ് സ്വകാര്യ സ്‌കൂളുകൾ‍ക്ക് മേൽ മാത്രമായി പ്രയോഗിക്കുന്നതായും വൻ അഴിമതിയാണ് നിലവിലുള്ളതെന്നും കത്തിൽ പറയുന്നു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിന് ഒന്നിലധികം പരാതികളും നിവേദനങ്ങളും നൽകിയിട്ടും പരി​ഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ അവർ മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ടു.

സംവിധാനങ്ങളുടെ ദയനീയാവസ്ഥയെ കുറിച്ച് കേൾക്കാനും മനസിലാക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും വിദ്യാഭ്യാസ മന്ത്രാലയം തയാറല്ല. രണ്ട് വ്യത്യസ്ത ബിജെപി മന്ത്രിമാർ അക്ഷരാർഥത്തിൽ സ്കൂളുകൾക്ക് വലിയ നഷ്ടം വരുത്തി. പുതിയ അക്കാദമിക വർഷം ആരംഭിക്കാനിരിക്കെ ഇതുവരെ പാഠപുസ്തകങ്ങൾ സ്കൂളുകളിൽ എത്തിയിട്ടില്ലെന്നും കത്തിൽ പറയുന്നു.

രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ഭാരമാകാതെ പൊതു-സ്വകാര്യ സ്‌കൂളുകൾക്ക് പ്രായോഗികമായും ഭൗതികമായും നടപ്പാക്കാൻ കഴിയുന്ന കർക്കശമായ മാനദണ്ഡങ്ങളും ചട്ടങ്ങളും ഉദാരമാക്കാൻ വിദ്യാഭ്യാസ മന്ത്രി തയാറല്ലെന്നും പരാതിയിൽ പറയുന്നു. പരാതിയിലെ ആരോപണങ്ങൾ പരിശോധിക്കുകയും വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങളിൽ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News