'ജോലി പോയി, കല്യാണം മുടങ്ങി, അവന് ഇപ്പോൾ ആരോടും മിണ്ടുന്നില്ല': സെയ്ഫ്‌ ആക്രമണക്കേസിൽ ആദ്യം കസ്റ്റഡിയിലെടുത്ത യുവാവിന്റെ പിതാവ് പറയുന്നു...

'' ഒന്നും നോക്കാതെയാണ് എന്റെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അവന്റെ ജീവിതം തന്നെ താറുമാറാക്കി. മാനസികമായി തകർന്ന അവൻ എപ്പോഴും മൗനത്തിലാണ്''

Update: 2025-01-28 06:09 GMT
Editor : rishad | By : Web Desk

ആകാശ് കനോജിയ- മുംബൈ പൊലീസ് വാഹനം- സെയ്ഫ് അലി ഖാന്‍

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്ത യുവാവ് മാനസികമായി തകർന്നുവെന്ന് അദ്ദേഹത്തിന്റെ പിതാവ്.

ആകാശ് കനോജിയ എന്ന 31കാരനെയാണ് ഛത്തീസ്ഗഢിലെ ദുർഗിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പ്രതിയുടെതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് അതുമായി സാമ്യമുള്ള ആകാശിനെ മുംബൈ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. എന്നാല്‍ കേസുമായി ഒരു ബന്ധവുമില്ലെന്ന് തെളിഞ്ഞതോടെ ആകാശിനെ പൊലീസ് വിട്ടയക്കുകയായിരുന്നു. പിന്നീടാണ് ഷരീഫുൽ ഇസ്‌ലാം എന്ന ബംഗ്ലാദേശി പൗരനെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നത്.

Advertising
Advertising

എന്നാൽ ആകാശിനെ കസ്റ്റഡിയിലെടുത്തതോടെ എല്ലാം നശിച്ചെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ പിതാവ് കൈലാഷ് കനോജിയ. മുംബൈ പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്.

' ഒന്നും നോക്കാതെയാണ് എന്റെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അവന്റെ ജീവിതം തന്നെ താറുമാറാക്കി. മാനസികമായി തകര്‍ന്ന അവന്‍ പണ്ടത്തെപ്പോലെ സംസാരിക്കുന്നില്ല. എന്റെ മകനും സിസിടിവി ദൃശ്യവും തമ്മില്‍ സാമ്യമില്ലെന്ന് ആളുകൾ പറഞ്ഞതാണ്. എന്നാല്‍ അതൊന്നും നോക്കാതെ പൊലീസ് അവനെ കസ്റ്റഡിയിലെടുത്തു. ഇപ്പോള്‍ ജോലി പോയി, ഉറപ്പിച്ച വിവാഹം മുടങ്ങി. ആരാണ് ഇതിന്റയൊക്കെ ഉത്തരവാദികൾ? പൊലീസിന്റെ പെരുമാറ്റം അവന്റെ ഭാവിയെ തന്നെ ഇല്ലാതാക്കി''-കൈലാഷ് കനോജിയ പറഞ്ഞു. 

''ഷരീഫിനെ പിടികൂടില്ലായിരുന്നുവെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്ന് എനിക്ക് പറയാൻ പറ്റുന്നില്ല. എനിക്ക് നീതി വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസ് നടപടി തന്റെ ജീവിതം തകര്‍ത്തെന്ന് ആകാശ് കനോജിയും വ്യക്തമാക്കിയിരുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. സെയിഫ് അലിഖാന്റെ വീട്ടില്‍ നിന്ന് ശേഖരിച്ച ഫിംഗര്‍പ്രിന്റുകള്‍ ഷരീഫുമായി യോജിക്കുന്നില്ലെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കൂടുതല്‍ പരിശോധനക്ക് അയച്ചിരിക്കുകയാണിപ്പോള്‍ പൊലീസ്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News